തിരുവനന്തപുരം: 1998ൽ സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയനെ എത്തിച്ചത് വി എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ഗുരുവിന്റെ കരുനീക്കങ്ങളാണ്. ചടയന്റെ ഗോവിന്ദന്റെ മരണത്തിലൂടെ ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്ത് എതിർപ്പുകളൊന്നും കൂടാതെ പിണറായിയെ വി എസ് നിയോഗിച്ചു.

പതിനെട്ട് വർഷത്തിന് ശേഷം ഭരണത്തിന്റെ തലപ്പത്ത് പിണറായിയെ നിയോഗിക്കാൻ പാർട്ടി ഒന്നടങ്കം തീരുമാനിക്കുന്നു. ഇതിനെ വി എസ് എന്ന തളരാത്ത പോരാളിയും എതിർപ്പുകളൊന്നും കൂടാതെ അംഗീകരിച്ചു. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച പിണറായി വിജയനും പാർട്ടി പ്രവർത്തനത്തിന്റെ കരുത്തുമായി മുഖ്യമന്ത്രി പദത്തിലെത്തുന്നു.

ഇടതുമുന്നണിക്ക് 91 സീറ്റുകളാണ് ജനം നൽകിയത്. വിവാദമുണ്ടാകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നാണ് പാർട്ടി ആഗ്രഹിച്ചത്. വി എസ് എതിർ ശബ്ദമുയർത്തുമോ എന്ന് ചില മാദ്ധ്യമങ്ങൾ സംശയം ഉയർത്തി. എന്നാൽ കേരള ഭരണത്തെ നയിക്കാൻ പിണറായി യോഗ്യനാണെന്ന് വിഎസും പറയുമ്പോൾ എതിരാളികളില്ലാതെ 1998ൽ പാർട്ടി സെക്രട്ടറിയായതിന് സമാനമായി ഭരണ തലപ്പത്തും എതിരില്ലാതെ പിണറായി എത്തുന്നു. 1998ൽ വിഎസിന്റെ അനുഗ്രഹമാണ് തുണയായതെങ്കിൽ ഇന്ന് അതേ നേതാവ് പിണറായിക്കായി മൗനം പൂണ്ടു. എതിരായി ഒരക്ഷരം പറഞ്ഞതുമില്ല. അങ്ങനെ മുഖ്യമന്ത്രി പദത്തിലേക്കുള്ള പിണറായിയുടെ യാത്രയും സുഗമമാവുകയാണ്.

1998ൽ പാർട്ടി സെക്രട്ടറിയായതോടെയാണ് പിണറായി സിപിഎമ്മിന്റെ പ്രധാന നേതാവാകുന്നത്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലൊന്നും പിണറായി മത്സരിച്ചിരുന്നില്ല. ലാവ്ലിൻ കേസിലെ ഭീഷണിയും മുന്നിലുണ്ടായിരുന്നു. എന്നാൽ ഈ അഴിമതി കേസിൽ നിന്ന് കുറ്റവിമുക്തനായതിനൊപ്പം മൂന്ന് ടേം മാനദണ്ഡത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട അവസ്ഥയും വന്നു. അതിനാൽ രണ്ട് പതിറ്റാണ്ടിന് ശേഷം മത്സരിക്കാനെത്തി. വി എസ് മലമ്പുഴയിൽ മത്സരിച്ചതിനാൽ ആരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുമില്ല. 91 സീറ്റിന്റെ ഭൂരിപക്ഷവും സിപിഎമ്മിന് കിട്ടിയ മേൽകോയ്മയും പിണറായിക്ക് കരുത്തായി. അങ്ങനെ മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണൂരിന്റെ പ്രിയസഖാവ് എത്തുകയാണ്.

1944 മാർച്ച് 21ന് ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയൻ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ബാല്യവും കൗമാരവും പിന്നിട്ടത്. പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട് ഒരു വർഷം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. തുടർന്നാണ് പ്രീയൂണിവേഴ്സിറ്റിക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേരുന്നത്. ബ്രണ്ണൻ കോളേജിൽ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്.എഫി ന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു.

സംഘടനയെ നക്സലൈറ്റുകളുടെ പിടിയിൽ നിന്ന് മുക്തമാക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ഇരുപത്തിനാലാം വയസ്സിൽ സിപിഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സിൽ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എം വി രാഘവന്റെ നേതൃത്വത്തിന് കീഴിലായിരുന്നു പിണറായി എന്ന നേതാവ് രാഷ്ട്രീയം പഠിച്ചത്. പിന്നീട് കണ്ണൂർ പിടിക്കാനുള്ള വി എസ് അച്യുതാനന്ദന്റെ നീക്കങ്ങളെ പിന്തുണച്ച് സംസ്ഥാന നേതാവായി ഉയർന്നു. മന്ത്രിയാക്കിയതും പാർട്ടി സെക്രട്ടറിയാക്കിയതും വി എസ് അച്യുതാനന്ദനായിരുന്നു. പിന്നീട് രണ്ട് ചേരികളിലായത് ചരിത്രം.

1996ൽ കേരളത്തിന്റെ സഹകരണ-വൈദ്യുതി മന്ത്രിയായ കാലത്ത് പിണറായിയുടെ കർമശേഷിയെന്തെന്ന് നാടറിഞ്ഞു. വൈദ്യുതോൽപ്പാദനത്തിലും വിതരണത്തിലും കാൽ നൂറ്റാണ്ടു കൊണ്ട് കേരളത്തിൽ സൃഷ്ടിക്കാനാവാത്ത നേട്ടം രണ്ടരവർഷം കൊണ്ട് നേടി എടുത്തു. സഹകരണമേഖലയിലും സജീവമായ ഇടപെടൽ പിണറായി നടത്തി. 1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി. കൊൽക്കത്തയിൽ നടന്ന പതിനാറാം പാർട്ടി കോൺഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി.

ഒന്നരവർഷക്കാലം ജയിൽവാസം അനുഭവിച്ചു. ഭീകരമായ മർദ്ദനങ്ങൾ സഖാവിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണ് 1970ൽ ഇരുപത്താറാം വയസ്സിൽ നിയമസഭാംഗമായ പിണറായി വിജയൻ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളിൽ പൊലീസിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പിൽ വച്ച് പൊലീസുകാർ മാറിമാറി മർദിച്ചു. പൈശാചികമായ മൂന്നാം മുറകൾക്ക് വിധേയനായപ്പോഴും നിശ്ചദാർഢ്യത്തോടെ നേരിട്ടു. ക്രൂരമർദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

എതിരാളികൾ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ കേന്ദ്ര സർക്കാർ ഉയർന്ന സുരക്ഷാ സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകിയപ്പോൾ വിനയപൂർവം പിണറായി അത് നിരസിച്ചു. സിപിഐ (എം) ചന്ദിഗഢ് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയിൽ വെടിവച്ചു കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാൽ കൊലയാളിസംഘത്തിന്റെ വെടി ഇ. പി. ജയരാജനാണ് കൊണ്ടത്.

1967ൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കാലത്ത് കലുഷിതമായ തലശ്ശേരിയിൽ സിപിഐ (എം) മണ്ഡലം സെക്രട്ടറിയാവാൻ നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സിൽ. ജനസംഘവും ആർഎസ്എസ്സും സിപിഐ (എം)നെതിരെ കടുത്ത വെല്ലുവിളി ഉയർത്തിയ കാലം. ദിനേശ് ബീഡിയെ തകർക്കാൻ കർണാട കയിൽ നിന്ന് മാംഗ്ലൂർ ഗണേശ് ബീഡിക്കമ്പനി മുതലാളിമാർ ഇറക്കുമതി ചെയ്ത ക്രിമിനലുകൾ സൃഷ്ടിച്ച ഭീകരതയിൽ ഈ പ്രദേശം കിടിലം കൊണ്ടു. ദിനേശ് സഹകരണസംഘത്തെ തകർക്കാനിറങ്ങിയ ക്രിമിനലുകൾക്ക് എതിരെ പ്രതിരോധം ഉയർത്തുന്നതിലും സഖാവ് മുൻപന്തിയിൽ നിന്നു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ കാമ്പയിൻ പ്രവർത്തന രംഗത്ത് തിളങ്ങി നിൽക്കുന്ന രണ്ട് മാർച്ചുകളാണ് കേരള മാർച്ചും നവകേരള മാർച്ചും ഈ രണ്ട് മുന്നേറ്റങ്ങളേയും നയിച്ചത് പിണറായി വിജയനായിരുന്നു. 1998 മുതൽ 2015 വരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ നയിച്ചു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ ഗുരുവായ വിഎസുമായി തെറ്റുന്നത്. പാലക്കാട്ടെ സമ്മേളനത്തിൽ വിഎസിന്റെ വെട്ടിനിരത്തലിന് കൂട്ടു നിന്ന് പിണറായി മലപ്പുറം സമ്മേളനത്തിൽ വ്യത്യസ്തമായ നിലപാട് എടുത്തു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ വിഎസിന്റെ ചിറകരിഞ്ഞു. പക്ഷേ മുഖ്യമന്ത്രി പദത്തിൽ നിന്ന് വിഎസിനെ മാറ്റി നിർത്താൻ പിണറായി നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. സീറ്റ് നിഷേധിച്ചപ്പോഴൊക്കെ ജനകീയ പിന്തുണയുമായി വി എസ് മുന്നേറി.

ഈ ഭിന്നത പാർട്ടിയെ തളർത്തുകയും ചെയ്തു. ഇതിന്റെ പേരിൽ പിബിയിൽ നിന്നുള്ള തരംതാഴ്‌ത്തൽ പോലും പിണറായിയും വിഎസും നേരിട്ടു. പിണറായി അച്ചടക്കമുള്ള പ്രവർത്തകനായി പിബിയിൽ തിരിച്ചെത്തി. ഈ തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയതയൊന്നും ചർച്ചയാക്കാതെ പിണറായി മുന്നോട്ട് പോയി. നാക്ക് പിഴയുണ്ടായപ്പോൾ കരുതലോടെ നീങ്ങി. അങ്ങനെ വിഎസിനെ ഒപ്പം നിർത്തി 2016ൽ നിയമസഭ പിടിക്കുകയായിരുന്നു പിണറായി. ഇതിനുള്ള പാർട്ടിയുടെ സമ്മാനമാണ് മുഖ്യമന്ത്രി പദം.