- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കകൾക്കു വിരാമമിട്ട് ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു; യുവാവിനെ രക്ഷിച്ച ധീര സൈനികർക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മദ്രാസ് റെജിമെന്റിലെ സൈനികർക്കും, പാരാ റെജിമെന്റ് സെന്ററിലെ സൈനികർക്കും വ്യോമസേനക്കും കോസ്റ്റ്ഗാർഡിനും നന്ദിയെന്ന് പിണറായി
തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തയി ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുകയാണ് കേരളം മുഴുവനും. സൈ്‌ന്യത്തിന്റെ അവസരോചിതമായ ഇടപെടലാണ് അതിവേഗത്തൽ രക്ഷകാപ്രവർത്തനം സാധ്യമാക്കിയത്. ബാബുവിന്റെ ആരോഗ്യസ്ഥിതിയിള്ള ആശങ്കയും ഇപ്പോൾ അകന്നിരിക്കയാണ്. യുവാവിനെ രക്ഷപെടുത്താൻ അഹോരാത്രം പ്രയത്ന്നിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞു.
രക്ഷാപ്രവർത്തനം നടത്തിയ സൈനിക വിഭാഗങ്ങളുടെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ:
ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പൊലീസ്, ഫയർ & റസ്‌ക്യൂ, എൻ ഡി ആർ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ,
നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.
മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരും സൈന്യത്തിന് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് രക്ഷപ്രവർത്തനം വേഗത്തിലാക്കിയതെന്ന് മന്ത്രി വാസവൻ പറഞ്ഞു.
വാസവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലകയറുന്നതിനിടെ കാൽവഴുതി ചെങ്കുത്തായ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും രക്ഷാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. അപകട വിവരം പുറത്തറിഞ്ഞ ഉടൻ തന്നെ രക്ഷാ പ്രവർത്തനത്തിനുള്ള എല്ലാ മാർഗങ്ങളും തേടാൻ നിർദ്ദേശം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിരന്തര ഇടപെടലുകളാണ് സൈന്യത്തിന്റെ ഇടപെടലിനു വേഗം കൂട്ടിയത്.
രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് ഏറ്റുമാനൂർ സ്വദേശിയാണ്. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. രക്ഷാ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവച്ചു. വളരെയധികം സമയം മലയിടുക്കിൽ കഴിഞ്ഞതിന്റെ അസ്വസ്ഥതകൾ ബാബുവിനുണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്ന് ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് അറിയിച്ചു. മലമുകളിൽ നിന്ന് മാത്രമല്ല താഴെ നിന്നും രക്ഷാ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൃത്യമായ കോ ഓർഡിനേഷനാണ് രക്ഷാ പ്രവർത്തനം സാദ്ധ്യമാക്കിയത്.
മലമ്പുഴയിലെ രക്ഷാദൗത്യത്തിൽ നിർണ്ണായകമായത് രണ്ട് സൈനികരായിരുന്നു. അതിൽ ബാലയുടെ പേര് മാത്രമാണ് പുറത്തു വന്നത്. ഇതിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും എല്ലാ സഹായവും നൽകി. പാറയിടുക്കിൽ നിന്ന് രക്ഷിച്ചത് 46 മണിക്കൂറിന് ശേഷമാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് ബാബുവിനെ രക്ഷിച്ചത്. ബാബുവിനെ രക്ഷിച്ച ശേഷമുള്ള ചിത്രവും പുറത്തു വന്നു. കാർഗിൽ യുദ്ധ വിജയത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലെ ചിത്രം. സൈനികരും ബാബുവും ഇവിടെ ആഹ്ലാദത്തിലാണ്. ശത്രുവിനെ തുരത്താൻ മാത്രമല്ല. ഓരോ ജീവിന്റെ വിലയും ഇന്ത്യൻ സൈന്യത്തിന് അറിയാമെന്ന ഓർമ്മപ്പെടുത്തലാണ് ആ ചിത്രം
ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷം ബാബുവിനെ മുകളിലേക്കെത്തിക്കുകയായിരുന്നു. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്.
രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും നൽകി. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നൽകാൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്. വെള്ളമാണെങ്കിൽ പോലും വലിയ അളവിൽ നൽകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ഇത്രയും നേരം ഭക്ഷണം കഴിക്കാതിരുന്നതിനാൽ കൃത്യമായ അളവിൽ ആവശ്യമായ വെള്ളം മാത്രമാണ് നൽകിയത്.
ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകർ ഇന്ന് രാവിലെ മലയിൽ കുടുങ്ങിയ ബാബുവിന് അടുത്തെത്തിയിരുന്നു.
മറുനാടന് ഡെസ്ക്