തിരുവനന്തപുരം: കടക്കെണിയിൽ നിന്ന് ഒരിക്കലും കരകയറാനാകാതെ വട്ടംചുറ്റുന്ന കെഎസ്ആർടിസിയുടെ അതേ അവസ്ഥയാണ് അതിന്റെ തലപ്പത്തെത്തുന്ന മന്ത്രിമാർക്കും. എപ്പോഴാണ് ആ സ്ഥാനം വഹിച്ചാൽ മന്ത്രി സ്ഥാനം പോകുന്നത് എന്ന് അറിയില്ല. ആ പേടി കൊണ്ടാണോ മുഖ്യമന്ത്രിയും ആ സ്ഥാനം എങ്ങനെയേലും ആരുടെയേലും തലയിൽ കെട്ടിവെക്കാൻ നടക്കുകയാണ്.

ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമ പോലുള്ള ആ വകുപ്പ് എടുത്ത് തലയിൽ വെക്കാൻ വയ്യെന്നും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ രണ്ടിലൊന്നു തീരുമാനിക്കാൻ എൻസിപിയോടു സിപിഎം ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനോടും പറഞ്ഞതായാണു സൂചന.

അതേ സമയം എൻ.സി.പിയിൽ വിവാദങ്ങളും പുകയുകയാണ്. കേസുകളിൽനിന്നു മുക്തിയില്ലാത്തതിനാൽ മന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെയും എ.കെ.ശശീന്ദ്രന്റെയും തിരിച്ചുവരവ് എളുപ്പമാകാത്തപ്പോൾ കുന്നത്തൂർ എംഎൽഎയും ആർഎസ്‌പി(ലെനിനിസ്റ്റ്) അംഗവുമായ കോവൂർ കുഞ്ഞുമോന്റെ മന്ത്രിസഭാ സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്.

എന്നാൽ കെ.ബി.ഗണേശ്കുമാറിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനുള്ളത്. തൽക്കാലം പുറത്തുനിന്ന് ആരും വേണ്ടെന്ന അഭിപ്രായമാണു മുന്മന്ത്രി എ.കെ.ശശീന്ദ്രന്.കുഞ്ഞുമോനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കണമെന്ന അഭിപ്രായമാണ് എൻസിപിയിലെ ഒരു വിഭാഗം പരിഗണിക്കുന്നത്.

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിടുമ്പോൾ അതിന് കാര്യപ്രാപ്തനായ ഒരു മന്ത്രി വേണമെന്ന് മുഖ്യനും നിർബന്ധം പിടിക്കുന്നുണ്ട്. ചാണ്ടി രാജിവച്ചപ്പോൾ താൽക്കാലികമായാണു മുഖ്യമന്ത്രി ഗതാഗതവകുപ്പുകൂടി ഏറ്റെടുത്തത്. എന്നാൽ കെഎസ്ആർടിസി പോലെ പ്രധാനപ്പെട്ട വകുപ്പ്, ഈ പ്രതിസന്ധി ഘട്ടത്തിൽ അധികച്ചുമതലയായി ഏറെനാൾ കൊണ്ടുനടക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി.

ഫോൺവിളി വിവാദത്തിൽ എ.കെ.ശശീന്ദ്രനും കായൽ കയ്യേറ്റത്തിൽ തോമസ് ചാണ്ടിയും രാജി വെച്ച് പോയപ്പോൾ കുറ്റവിമുക്തനായി ആദ്യമെത്തുന്നയാൾക്കു മന്ത്രിസ്ഥാനം നൽകാമെന്ന ധാരണ എൻസിപിയിലുമുണ്ടായി. എന്നാൽ ഇവരുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിലായതോടെ മന്ത്രിസഭയിലെതന്നെ മറ്റൊരാൾക്കു ഗതാഗത വകുപ്പ് കൈമാറേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി പവാറിനു നൽകി. അതോടെ ഈ ഭിന്നത തീർക്കാൻ 29നു ടി.പി.പീതാംബരൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരോടു ഡൽഹിയിലെത്താൻ പവാർ ആവശ്യപ്പെട്ടു

ഇതാണ് എൽഡിഎഫിനു പുറത്തുനിൽക്കുന്ന മുന്നണിയുടെ തന്നെ എംഎൽഎമാരായ കെ.ബി.ഗണേശ് കുമാറിനെയും കോവൂർ കുഞ്ഞുമോനെയും പരിഗണിക്കുന്നതിന് കാരണം എന്നാൽ ആർ.ബാലകൃഷ്ണപിള്ളയെയും ഗണേശിനെയും എൻസിപിയിലെത്തിക്കുന്നതിനോടു പാർട്ടിയിൽ എതിർപ്പുണ്ടെന്നതിനാൽ കുഞ്ഞുമോന്റെ സാധ്യത വർധിക്കുകയാണ്.

അതേ സമയം കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് എൻസിപി നേതൃത്വം താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ഇതിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും ആർഎസ്‌പി ലെനിനിസ്റ്റ് (കോവൂർ കുഞ്ഞുമോൻ വിഭാഗം) സംസ്ഥാന സെക്രട്ടറി തേവലക്കര ബലദേവ് പറഞ്ഞു. 23നു സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നിലപാടു വ്യക്തമാക്കും.

ആർഎസ്‌പി ലെനിനിസ്റ്റിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ തന്നെയാണെന്നും ബലദേവ് പറഞ്ഞു. 2016 നവംബറിൽ ആലപ്പുഴയിൽ നടത്തിയ സംസ്ഥാന കമ്മിറ്റി അമ്പലത്തറ ശ്രീധരൻ നായരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്. ജില്ലാ എൽഡിഎഫ് യോഗങ്ങളിലും സംസ്ഥാന തലത്തിൽ എൽഡിഎഫ് ക്ഷണിക്കുന്ന യോഗങ്ങളിലും പാർട്ടി പ്രതിനിധിയായി കോവൂർ കുഞ്ഞുമോൻ എംഎൽഎയാണു പങ്കെടുക്കുന്നതെന്നും ബലദേവ് പറഞ്ഞു.

എന്നാൽ എൻ.സി.പിയുടെ നീക്കത്തിന് തിരിച്ചടിയാണ് സിപിഐയുടെ നിലപാട് കോവൂർ മന്ത്രിയാകുന്നതിനോട് സിപിഐക്ക് യോജിപ്പില്ലാത്തതാണ് എൻ.സി.പിക്ക് തലവേദനയായിരിക്കുന്നത്. വിചാരിച്ച രീതിയിൽ സർക്കാരിന് പ്രവർത്തിക്കാനാകത്തതും മന്ത്രിയായി ഇനി ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നത് പരാജയമാകുമെന്ന വിലയിരുത്തലുമാണ് സിപിഐക്കുള്ളത്. ഏറെ വെല്ലുവിളി നേരിടുന്ന കെ.എസ്.ആർ.ടി.സി കോവൂരിന്റെ കൈയിൽ ഭദ്രമാകില്ലെന്നാണ് സിപിഐയുടെ കണക്കൂകൂട്ടൽ. അതേസമയം കെ.ബി ഗണേശ്കുമാർ ഇപ്പോൾ വകുപ്പിന്റെ സാരഥ്യം ഏറ്റെടുത്താൽ വകുപ്പിനും സർക്കാരിന്റെ പ്രതിഛായക്കും ഗുണമുണ്ടാകുമെന്നാണ് സിപിഐ നേതൃത്വം പറയുന്നത്.

കോവൂരിനെ തന്നെ മന്ത്രിയാക്കാനാണ് തീരുമാനമാണെങ്കിൽ ഗതാഗതവകുപ്പിനു പകരം മറ്റ് ഏതെങ്കിലും വകുപ്പ് നൽകണമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സിപിഐ ഉന്നയിക്കും. വകുപ്പിൽ മുൻപരിചയമുള്ള മന്ത്രി മാത്യൂ ടി.തോമസിന് ഗതാഗതം നൽകിയിട്ട് ജലവകുപ്പ് എൽ.സി.പിക്ക് നൽകണെമെന്നാണ് അവരുടെ നിലപാട്.പാർട്ടി സമ്മേളനങ്ങൾ സമാപിച്ച ശേഷമേ ഇക്കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അന്തിമതീരുമാനം ഉണ്ടാകൂ. എന്നാൽ ബജറ്റിനു മുൻപേ തങ്ങളുടെ മന്ത്രി സർക്കാരിൽ ഉണ്ടാകണമെന്നാണ് എൻ.സി.പിയുടെ ആവശ്യം.