- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര ലക്ഷം രൂപ നൽകാനാവില്ല; ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് ബാധ്യതയേൽക്കാനാവില്ല; പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്നാണ് അപ്പീലിൽ പറയുന്നത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സർക്കാരിന് നഷ്ടപരിഹാരം നൽകാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും അപ്പീലിൽ പറയുന്നുണ്ട്.
അടുത്തിടെ സംസ്ഥാനത്ത് പൊലീസിനെതിരേ സമാനമായ പല പരാതികളും ഉയർന്നുവരുന്നുണ്ട്. ഇത്തരം കേസുകളിലെല്ലാം സമാനമായ ഉത്തരവുണ്ടായാൽ ഭാവിയിൽ ദോഷംചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനെത്തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത ഇല്ലെന്നുമാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം ഖേദകരമാണെന്നും വേദനിപ്പിക്കുന്നത് സർക്കാരാണെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രൻ വ്യക്തമാക്കി.
എന്റെ കുട്ടിയെ സർക്കാർ ചേർത്ത് നിറുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേസിൽ സർക്കാർ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു.
അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി തന്നെ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്ക്കെതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാണ് ഹർജി നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റ് 27ന് തുമ്പയിലെ വി എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഇരുവരെയും അപമാനിച്ചത്. കാണാനില്ലെന്നുപറഞ്ഞ ഫോൺ പൊലീസിന്റെ വാഹനത്തിൽത്തന്നെ ഉണ്ടായിരുന്നു.
സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിരുന്നു. തനിക്ക് മൂന്നു കുഞ്ഞുങ്ങളാണെന്നും ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന് കോവിഡ് കാലത്ത് ജോലി നഷ്ടമായെന്നും ഭർത്തൃമാതാവിന്റെ സംരക്ഷണച്ചുമതല തനിക്കുണ്ടെന്നും രജിത കോടതിയിൽ പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ കുടുംബം നിലപാടെടുത്തു.
മറുനാടന് മലയാളി ബ്യൂറോ