തിരുവനന്തപുരം: ലഹരിമാഫിയ ബന്ധത്തിൽ ബിനീഷ് കോടിയേരിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ്്. അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ ബന്ധം ആരോപിച്ചാണ് പി.കെ ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് ഉള്ളത് അടുത്ത ബന്ധമാണെന്ന് ഫിറോസ് ആരോപിക്കുന്നു. ബിനീഷ് കോടിയേരിയുടെ മൊഴി പരിശോധിക്കണം. 2015 മുതൽ അന5ൂപ് മുഹഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. 2013 മുതൽ ലഹരി ബിസിനസ് ഉണ്ടെന്ന് അനൂപ് സമ്മതിക്കുന്ുണ്ട്. അന്നു മുതലെ ബീനിഷിന് അനൂപുമായി അടുത്ത ബന്ധമാണുള്ളത്. 2015ലാണ് അനൂപുമായി ചേർന്ന് ഹോട്ടലിനായി പണം മുടക്കുന്നത്. കഴിഞ്ഞ ജൂലൈ 10ന് അനൂപിന്റെ നമ്പറിലേക്ക്

നിരവധി കോളുകൾ ചെന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജൂലൈ 10നാണ് സ്വപ്‌ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെടുന്നത്. സ്വപ്‌നയും സംഘവും എന്തിനാണ് ബംഗളൂരുവിലേക്ക് പോയത് എന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. മുഹമ്മദ് അനൂപിന്റെ ഫോൺനമ്പർ പരിശോധിച്ചപ്പോൾ സ്വർണക്കടത്ത് കേസിലെ പ്രചതികളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. സ്വർണക്കടത്ത് മാഫിയയുമായും മയക്ക് മരുന്ന് മാഫിയയുമായും ഭരണനേതൃത്വത്തിന് ബന്ധമുണ്ടെന്ന വ്യക്തത പുറത്ത് വന്നിരിക്കുകയാണ്.

ഈ കോൾ ഡീറ്റയിൽ അടക്കം പുറത്തുവിടാൻ തടസമുള്ളതുകൊണ്ടാണ് പുറത്ത് വിടാത്തത്. കോടതിയിൽ സമർപ്പിച്ച റിമാന്ഡ് റിപ്പോർട്ട് മൊഴിഅടക്കം ലഭ്യമാണ്. വലിയൊരു മയക്ക് മരുന്ന് മാഫിയയാണ് എന്നത് വ്യക്തമാണ്. മയക്ക് മരുന്ന് വിൽപന നടത്തുന്ന ഹോട്ടലിലേക്ക് ബിനീഷ് പണം മുടക്കി എന്ന മൊഴിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വലിയ അന്വേഷണം നടത്താതിരിക്കാൻ ഉന്നതതലത്തിലേക്ക് എത്താതിരിക്കാൻ സമ്മർദ്ദം ഈ അന്വേഷണ സംഘത്തിനുണ്ട്, ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ഫിറോസ് പറഞ്ഞു.

സ്വർണക്കടത്തു കേസിലെ ആസൂത്രക സ്വപ്നാ സുരേഷും ബംഗളൂരുവിൽ മയക്കു മരുന്ന് കള്ളക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അനൂപിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകനും സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇന്നലെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് അനൂപിന്റെ ബന്ധങ്ങളിലേക്ക് അന്വേഷണമെത്തുന്നത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാറും നടത്തിപ്പിനെ സംശയ നിഴലിലാക്കുന്നത് മുഹമ്മദ് അനൂപ് ബന്ധമാണ്. കേരളത്തിലെ 2 മുൻനിര ധനകാര്യ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടും അവരെ ഒഴിവാക്കി യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ് എന്നീ ഏജൻസികൾക്കു കരാർ ലഭിച്ചതിനു പിന്നിലെ സ്വപ്ന സുരേഷിന്റെ ഇടപെടലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിക്കുന്നത്. ഇതിന് കാരണം മുഹമ്മദ് അനൂപിന്റെ ഇടപെടലുണ്ടെന്നാണ് സംശയം.

ബെംഗളൂരു ലഹരിമരുന്നു കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതുകൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിനെയാണ്. മുഹമ്മദ് അനൂപിനും കോടിയേരിയുടെ മകനും അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയുടെ സ്വാധീനം കാരണമാണ് വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കു കിട്ടാതെ പോയതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം.

ബംഗളൂരു കമ്മനഹള്ളിയിൽ അനൂപ് ആരംഭിച്ച റസ്റ്ററന്റിന്റെ മുതൽ മുടക്കും ഇതേ ബിസിനസ് പങ്കാളിയുടെതാണ്. തിരുവനന്തപുരത്തെ വീസ സ്റ്റാംപിങ് സെന്ററിലും ഇദ്ദേഹത്തിനു മുതൽ മുടക്കുണ്ടെന്നാണ് അന്വേഷണ സംഘങ്ങൾക്കു ലഭിക്കുന്ന വിവരം. അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു കൃത്യമായ തെളിവു ലഭിച്ചാൽ സ്വർണക്കടത്തു കേസിൽ അതു ഗുരുതര രാഷ്ട്രീയ മാനങ്ങളുള്ള വഴിത്തിരിവുണ്ടാക്കും. ഈ റെസ്റ്റോറന്റിന്റെ പേര് സ്പെയിസ് ബേ എന്നാണ്. ഇതിന്റെ പ്രൊമോഷൻ വീഡിയോയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിനൊപ്പം മുഹമ്മദ് അനൂപുമൊത്ത് കുമരകത്ത് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

കേരളം അടക്കമുള്ള 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് അടക്കമുള്ള സേവനങ്ങൾക്കു 15,000 20,000 രൂപവരെയാണ് ഈടാക്കുന്നത്. ഇതിനു പുറമേ വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ തൊഴിൽദാതാക്കളുമായുള്ള സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിലും ഇവരുടെ നിക്ഷേപം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും ഇത്തരം സെന്ററുകൾ ഇടനിലക്കാരായി കമ്മിഷൻ വാങ്ങാറുണ്ട്.

എൻഐഎ കണ്ടെത്തിയ ബാങ്ക് നിക്ഷേപങ്ങളിൽ യുഎഎഫ്എക്സും ഫോർത്ത് ഫോഴ്സും നൽകുന്ന കമ്മിഷനുമുണ്ടെന്നാണു സ്വപ്നയുടെ മൊഴി. എന്നാൽ ഈ പണമൊന്നും സ്വകാര്യ ആവശ്യങ്ങൾക്കു സ്വപ്ന പ്രയോജനപ്പെടുത്താതെ സൂക്ഷിച്ചതിൽ നിന്നും അതിന്റെ യഥാർഥ അവകാശികൾ മറ്റാരോ ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങൾ. ഇതും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മുഹമ്മദ് അനൂപിന്റെ ബിനീഷ് കോടിയേരിയുടെ ചങ്ങാത്തവും ചർച്ചകളിൽ എത്തുന്നത്.

ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകൾ കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകൻ ബിനീഷ് കോടിയേരിയോടൊപ്പമുള്ള ചിത്രവും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് എൻസിബി വ്യക്തമാക്കി.

ഈ ചിത്രങ്ങൾ കുമരകത്തുള്ള ഒരു റിസോർട്ടിൽ വച്ചാണ് എടുത്തിരിക്കുന്നത്. ഈ ചിത്രം മറുനാടൻ മലയാളിക്കും ലഭിച്ചു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ യെലഹങ്ക ഓഫീസിൽ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അനൂപിന് തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ വൃത്തങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ, കേസിന്റെ ഈ വശം എൻഐഎയാണ് അന്വേഷിക്കേണ്ടതെന്നും ഇക്കാര്യങ്ങൾ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എൻസിബി വ്യക്തമാക്കി.