തൃശൂർ: നെഹ്രു ഗ്രൂപ്പ് ഓഫ് എൻജിനിയറിങ് കോളജ് ചെയർമാൻ പി.കെ. കൃഷ്ണദാസിനെതിരേ വിദ്യാർത്ഥി നല്കിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് കേട്ടാൽ ഞെട്ടിപ്പോകുന്ന മർദനമുറകൾ. വിദ്യാർത്ഥിയുടെ പരാതിയിൽ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ ക്രൂരതകൾ പുറത്തുവരുന്നത്.

തന്നെ അതിക്രൂരമായി മർദിച്ചുവെന്നും ജനനേന്ദ്രിയത്തിലടക്കം ചവിട്ടി പരിക്കേൽപ്പിച്ചെന്നുമാണ് പരാതിക്കാരനായ ലക്കിടി നെഹ്രു ലോ അക്കാദമി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലി ആരോപിച്ചിരിക്കുന്നത്. കോളജ് മാനേജ്‌മെന്റിന്റെ അനധികൃത പണപ്പിരിവിനെതിരേ പരാതിപ്പെട്ടതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിക്കു കോളജ് ചെയർമാന്റെ ക്രൂര മർദനം.

തന്നെ ആർക്കും ഒന്നുംചെയ്യാനാകില്ലെന്ന കൃഷ്ണദാസിന്റെ ധാർഷ്ട്യത്തെക്കുറിച്ചും ഷഹീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയന്നൂർ എസ്ഐ സി. ജ്ഞാനേശ്വരൻ തയ്യാറാക്കിയ എഫ്ഐആറിന്റെ പകർപ്പിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്.

കോളജ് നടത്തിയ അനധികൃത പണപ്പിരിവിനെക്കുറിച്ച് പരാതിപ്പെട്ടതിന്റെ പേരിലായിരുന്നു മർദനം. ജനുവരി മൂന്നാം തീയതി രാവിലെ 9.45ന് കോളജിലേക്കു വിളിച്ചുവരുത്തി ബോർഡ് മീറ്റിങ് റൂമിൽവച്ചായിരുന്നു മർദനം. പരാതി പിൻവലിച്ചില്ലെങ്കിൽ റാഗിംഗിൽ പ്രതിയാക്കുമെന്നും കൃഷ്ണദാസ് ഭീഷണിപ്പെടുത്തി.

കൈകൊണ്ട് മുഖത്തടിച്ചും തോളിൽപിടിച്ചുനിർത്തി ജനനേന്ദ്രിയത്തിൽ ചവിട്ടിയും കൃഷ്ണദാസ് ഷഹീറിനെ മർദിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ വീട്ടിൽക്കയറി വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി.

കേരളം മുഴുവൻ ചർച്ച ചെയ്ത ജിഷ്ണു പ്രാണോയി പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെത്തുടർന്ന് അത്മഹത്യ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പായിരുന്നു ഷഹീറിനെ പി.കെ. കൃഷ്ണദാസ് മർദിക്കുന്നത്. ജിഷ്ണു കേസിൽ കൃഷ്ണദാസിനു മുൻകൂർ ജാമ്യം കിട്ടിയെങ്കിലും ഷഹീറിന്റെ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.

കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലീഗൽ അഡൈ്വസർ സുചിത്ര, പിആർഒ വൽസല കുമാർ, അദ്ധ്യാപകൻ സുകുമാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകൽ, മർദ്ദനം, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തൃശൂർ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ഇവരെ ചോദ്യംയ്തുവരികയാണ്.

അതേസമയം, അറസ്റ്റിലായതിന് പിന്നാലെ ജാമ്യാപേക്ഷയുമായി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

കോളേജിൽ ബില്ല് നൽകാതെയുള്ള അനധികൃത പണപ്പിരിവിനെക്കുറിച്ചും വെൽഫെയർ ഓഫീസർമാരെ സംബന്ധിച്ചുമാണ് ഷഹീർ ഷൗക്കത്തലി സുതാര്യകേരളം വിദ്യാർത്ഥി പരാതിപരിഹാര സെല്ലിലേക്ക് പരാതി അയച്ചത്.