കോഴിക്കോട്: അസഹിഷ്ണുതക്കെതിരെ പ്രതിഷേധമുയർത്തി രാജ്യവ്യാപകമായി എഴുത്തുകാരും ചരിത്രകാരന്മാരും ചലച്ചിത്രകാരന്മാരും ശാസ്ത്രജ്ഞറും തങ്ങൾക്ക് ലഭിച്ച അവാർഡുകളും സ്ഥാനമാനങ്ങളും ത്യജിക്കുമ്പോൾ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് തെളിയിക്കയാണ് മുസ്ലിംലീഗ്. മോദിസർക്കാർ നൽകിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗത്വം മുസ്ലീ ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഇ. അഹമ്മദ് ഏറ്റെടുത്തത്, പാർട്ടി മുഖപത്രമായ ചന്ദികയിൽ ഒന്നാം പേജിലാണ് വന്നത്.

ഫാസിസത്തിനെതിരെ സകലരും സംഘടിക്കുന്ന ഇക്കാലത്ത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കായി എതെറ്റംവരെയും ലീഗ് പോകുമെന്ന് ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിലടക്കം വലിയ വിവാദങ്ങൾ തുടങ്ങിയതോടെ ലീഗ് നേതൃത്വം വെട്ടിലായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗിനെ അടിക്കാൻ കിട്ടിയ ഒരു വടികൂടിയായി ഇടതുപക്ഷം ഇതിനെയും ഉപയോഗിക്കയാണ്്. അഹമ്മദ് ഏറ്റടെുത്തത് ഒറ്റുകാരന്റെ റോൾ ഐ.എൻ.എൽ ആക്ഷേപിക്കുമ്പോൾ അഹമ്മദിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ പി.കെ പാറക്കടവും രംഗത്തത്തെി. പാറക്കടവ് അഹമ്മദിന് എഴുതിയ തുറന്ന കത്തും ഫേസ്‌ബുക്കിൽ വൈറലാവുകയാണ്.

ന്യൂനപക്ഷങ്ങളും ദലിതുകളും ഭീകരമാംവിധം പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ നാണംകെട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമിനുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുകയാണ് ഇ. അഹമ്മദ് ചെയ്യന്നതെന്ന ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് കുറ്റപ്പെടുത്തി. അന്തർദേശീയ തലത്തിൽ ഉയർന്നുവരുന്ന മോദി വിരുദ്ധ വികാരത്തെ തണുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി രൂപവത്കരിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലെ അംഗം എന്ന നിലയിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റടെുത്ത അഹമ്മദ് ഒറ്റുകാരന്റെ റോളാണെന്ന് നിർവഹിക്കുന്നത്.ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രത്യകേ നിർദ്ദേശപ്രകാരം അറബ് രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ യശസ്സുയർത്താൻ നിയോഗിക്കപ്പെട്ടതും ഇതേ അഹമ്മദ് തന്നെയാണെന്ന് എൻ.കെ അബ്ദുൾ അസീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'ഇ. അഹമ്മദിന് സ്‌നേഹാദരങ്ങളോടെ ' എന്നപേരിൽ മാദ്ധ്യമം പത്രത്തിൽ തുറന്ന കത്തെഴുതിയാണ്, അസഹിഷ്ണുതക്കെതിരായ എഴുത്തുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്രസാഹിത്യ അക്കാമി സ്ഥാനം രാജിവച്ച പി.കെ പാറക്കടവ് അഹമ്മദിനെതിരെ പ്രതിഷേധിച്ചത്.ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെ.

ഇ. അഹമ്മദിന് സ്‌നേഹാദരങ്ങളോടെ

'ഇ. അഹമ്മദ് വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിൽ' എന്ന വാർത്ത 31.10.2015ന്റെ ചന്ദ്രിക പത്രത്തിൽ പ്രാധാന്യത്തോടെ ഒന്നാംപേജിൽ വന്നത് വായിച്ചിട്ടാണ് ഈ കത്ത്. 'വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് മുൻ കേന്ദ്ര സഹമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ. അഹമ്മദ് എംപിയെ തെരഞ്ഞെടുത്തു. ഒന്നും രണ്ടും യു.പി.എ സർക്കാറുകളുടെ കാലത്ത് വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ പ്രകടിപ്പിച്ച മികവ് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് അഹമ്മദിനെ പരിഗണിച്ചത്' എന്നിങ്ങനെയാണ് റിപ്പോർട്ട്.

പ്രിയപ്പെട്ട അഹമ്മദ് (പ്രായംകൊണ്ട് ഏറെ മുന്നിലുള്ള താങ്കളെ അഹമ്മദ്ക്ക എന്നോ അഹമ്മദ് സാഹിബ് എന്നോ ആണ് വിളിക്കേണ്ടത്. പ്രവാചകനെപ്പോലും അറബികൾ മുഹമ്മദ് എന്നുതന്നെയാണ് സംബോധനചെയ്തത്. അതുകൊണ്ട് ഉപചാരവാക്കുകൾ ഒഴിവാക്കുന്നു എന്നേയുള്ളൂ. ഏറെ ഭരണപരിചയവും നേതൃപാടവവുമുള്ള താങ്കളോടുള്ള ബഹുമാനത്തിന് തരിമ്പും കുറവില്ല എന്നുകൂടി അറിയിക്കുന്നു)

ഫാസിസം നമ്മുടെ അടുക്കളയിൽവരെ എത്തിനിൽക്കുന്ന നരേന്ദ്ര മോദിയുടെ ഈ കറുത്തകാലത്ത് അസഹിഷ്ണുത വല്ലാതെ പടരുകയാണെന്ന് താങ്കൾക്ക് ആരെക്കാളുമറിയാമല്ലോ. സുധീന്ദ്ര കുൽകർണിക്കുനേരെ കരിമഷിപ്രയോഗം നടത്തിയപ്പോൾ താങ്കൾക്ക് ഏറെ പരിചയമുള്ള സാക്ഷാൽ എൽ.കെ. അദ്വാനിയാണ് പറഞ്ഞത്, 'അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങൾ വർധിക്കുകയാണ്. ഇത് ജനാധിപത്യത്തിനെതിരാണ്'. ഒരിക്കൽ രഥയാത്ര നടത്തിയ അദ്വാനിക്കുപോലും ഇങ്ങനെ പറയേണ്ടിവന്ന ഒരു കാലത്താണ് മോദിയുടെ കീഴിലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഉപദേശകസമിതിയിൽ താങ്കൾക്ക് അംഗത്വം കിട്ടി എന്ന വാർത്ത വരുന്നത്. നൊബേൽ സമ്മാനം ലഭിച്ച പ്രാധാന്യത്തോടെ ഇത് പത്രത്തിന്റെ ഒന്നാംപേജിൽ.

അക്കാദമി അംഗത്വങ്ങൾ ഉപേക്ഷിക്കുകയും അവർ കൊടുത്ത പാരിതോഷികങ്ങൾ തിരിച്ചുകൊടുക്കുകയും ചെയ്യന്നു എഴുത്തുകാർ. 45ഓളം എഴുത്തുകാരാണ് പുരസ്‌കാരങ്ങൾ തിരിച്ചൽേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽനിന്ന് കാശിനാഥ് സിങ്ങാണ് ഏറ്റവും ഒടുവിൽ പുരസ്‌കാരം തിരിച്ചുനൽകിയ എഴുത്തുകാരൻ. ഇവർക്ക് പിന്നാലെ ചലച്ചിത്രകാരന്മാർ, ശാസ്ത്രജ്ഞർ ഒക്കെ പുരസ്‌കാരങ്ങളും പത്മഭൂഷണുമൊക്കെ തിരിച്ചുകൊടുക്കുമ്പോൾ സുഷമ സ്വരാജിന്റെ കീഴിലെ ഒരു 'തുക്കിടി സ്ഥാനം' എന്തിനാണ് പ്രിയപ്പെട്ട നേതാവേ താങ്കൾക്ക്? 'എന്റെ രാജ്യത്തെയോർത്ത് തലകുനിഞ്ഞുപോകുന്നു' എന്ന് പ്രധാനമന്ത്രിയുടെ മുഖത്തുനോക്കിപ്പറഞ്ഞത് നാവിക സേനാ മേധാവിയായിരുന്ന അഡ്‌മിറൽ എൽ. രാംദാസാണ്. 'ലജ്ജ' എന്ന ഒരു വാക്കുണ്ട്. അത് തസ്ലീമ നസ്‌റീന്റെ നോവലിന്റെ മാത്രം പേരല്ല. ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്താൻ നരേന്ദ്ര മോദിക്കുവേണ്ടി, സുഷമ സ്വരാജിനുവേണ്ടി താങ്കളെന്താണ് വിദേശത്തുപോയി പറയാൻ പോകുന്നത്? അന്ധവിശ്വാസത്തെ എതിർത്തതിന്റെ പേരിൽ കൽബുർഗി എന്ന കർണാടകയിലെ സുപ്രസിദ്ധനായ എഴുത്തുകാരനെ പ്രാതൽ കഴിക്കുമ്പോൾ വെടിവച്ചുകൊന്നത് കെട്ടുകഥയായിരുന്നെന്നോ?

ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കഴിച്ചെന്ന് കളവുപറഞ്ഞ് മുഹമ്മദ് അഖ്‌ലാഖ് എന്ന ഒരു മനുഷ്യനെ ആളുകൾ അടിച്ചുകൊന്നു എന്നുള്ളത് ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ പാക്കിസ്ഥാനും അമേരിക്കയും നടത്തിയ കള്ളപ്രചാരണമാണെന്നോ? (അദ്ദേഹത്തിന്റെ മകൻ ഇന്ത്യാ രാജ്യം കാക്കുന്ന ധീരനായ ഒരു സൈനികനാണെന്ന് താങ്കൾക്ക് അറിയാമല്ലോ. അങ്ങനെ ഒരു മകനെക്കുറിച്ച് ഒന്നും പറയരുത്).

അറബ് രാജ്യങ്ങളിൽ എങ്ങനെയാണ് താങ്കൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പ്രതിനിധാനംചെയ്ത് തൊണ്ണൂറുവയസ്സുള്ള ഒരു ദലിതനെ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് തീയിട്ട് കൊന്നതിനെ ന്യായീകരിക്കുക? പ്രസംഗത്തിനൊടുവിൽ നമ്മുടെ സഹിഷ്ണുതയെക്കുറിച്ച് പ്രത്യേകം പറയണം. 'എല്ലാ മനുഷ്യരും ഒന്നാണ് ഇവിടെ വിവേചനമേയില്ല' എന്നുപറഞ്ഞു'കുല്ലുകും ലിആദം വആദം മിൻ തുറാബ്' (എല്ലാവരും ആദമിൽനിന്ന് ആദമോ മണ്ണിൽനിന്ന്) എന്നുകൂടി ഉദ്ധരിക്കണം.
ഇന്ത്യയിൽ ജീവിക്കാൻ മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന ബിജെപി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞതിനെക്കുറിച്ച് മൗനംപാലിക്കണം. ഇതേ ഹരിയാനയിൽ ദലിത് കുട്ടികൾ കൊല്ലപ്പെട്ടത് കളവാണെന്ന് പറയണം. നരേന്ദ്ര മോദിയെ എന്തിനാണ് ശത്രുവായി കണക്കാക്കുന്നത്? രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥിരമായി താൽപര്യങ്ങളേ ഉള്ളൂ എന്നു പറഞ്ഞ് ചിരിക്കണം. കടലിൽ മുസല്ലയിട്ട് നമസ്‌കരിച്ചാലും ആർ.എസ്.എസിനെ ഞാൻ വിശ്വസിക്കില്ല എന്നുപറഞ്ഞ സി.എച്ച്. മുഹമ്മദ്‌കോയയെ താങ്കൾ ഇത്രവേഗം മറന്നുപോയോ?

അല്ലാമാ ഇഖ്ബാലിനെക്കുറിച്ച്, വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഞാനാദ്യം വായിച്ച ലേഖനം താങ്കൾ മുസ്ലിംലീഗ് സുവനീറിൽ എഴുതിയതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായ യാസിർ അറഫാത്തിന്റെ കൂടെ എത്രയോ പടങ്ങൾ കണ്ട് രോമാഞ്ചമണിഞ്ഞ പതിനായിരങ്ങളുടെ കൂട്ടത്തിൽ ഞാനുമുണ്ട്.

അതുകൊണ്ട് പ്രിയപ്പെട്ട അഹമ്മദ്, താങ്കൾ ആ പദവി സ്വീകരിക്കരുത്.

ഇനിയുള്ള വരികൾ സാക്ഷാൽ കൊടപ്പനക്കൽ ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി കുറിക്കുകയാണ്. അഖിലേന്ത്യാ പാർട്ടിയേക്കാൾ വലുതാണ് സംസ്ഥാന മുസ്ലിംലീഗ് (അങ്ങനെ ലോകത്ത് ഒരേയൊരു പാർട്ടിയേയുള്ളൂ). ബഹുമാന്യനായ ഹൈദരലി തങ്ങൾ, ഈ പദവിയിൽനിന്ന് മാറിനിൽക്കാൻ സമസ്തയെ ഓർത്തെങ്കിലും താങ്കൾ അഹമ്മദിനോട് കൽപിക്കണം.