പാലക്കാട്: ഡി വൈ എഫ് ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരെ നടപടിയെടുത്തേ മതിയാകൂവെന്ന് സംസ്ഥാന നേതൃത്വത്തോട് വീണ്ടും നിഷേധിച്ച് കേന്ദ്ര നേതാക്കൾ. ശശിയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ദേശീയ തലത്തിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വൃന്ദ വിഷയത്തിൽ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. അതി ശക്തമായ നിലപാട് എടുക്കുമെന്ന ഉറപ്പ് വൃന്ദയ്ക്ക് പിണറായി കൊടുത്തതായാണ് സൂചന.

അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ശശിക്കെതിരെ നടപടിയെടുക്കാനുല്‌ള തീരുമാനം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ശശിയെ പിണറായി പിന്തുണയ്ക്കില്ല. അതിനിടെ യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാൽ അത് ശരിയാണെന്നും ശശി പ്രതികരിച്ചു. പാർട്ടി പറയുന്നതാണ് ശരിയെന്നും വ്യക്തമാക്കി. ഈ മാസം 30നും നവംബർ 1നുമാണ് സിപിഎം സംസ്ഥാന സമിതി ചേരുക. അന്ന് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ശശിയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. പെൺകുട്ടിയുടെ പരാതി പൊലീസിലെത്തില്ലെന്ന് ഉറപ്പിക്കാൻ ഇപ്പോഴും അണിയറയിൽ നടക്കുകയാണ്. പാർട്ടി തലത്തിൽ നടപടിയെടുത്ത് ശശിയെ കേസിൽ നിന്ന് രക്ഷിക്കാനാണ് നീക്കം.

പെൺകുട്ടിക്ക് വേണമെങ്കിൽ പൊലീസിൽ പരാതി കൊടുക്കാമെന്ന നിലപാടാകും പാർട്ടി എടുക്കുക. സ്ത്രീ പീഡന പരാതിയിൽ യുവതികൾ ആവശ്യപ്പെട്ടാൽ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളൂ. ശശിക്കെതിരെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരിലാണ് പാർട്ടിക്ക് പരാതി കിട്ടിയത്. അതിന് സംഘടനാ അച്ചടക്ക നടപടിയെടുക്കുമെന്നാണ് സിപിഎം നൽകുന്ന സൂചന. അതിനപ്പുറത്തേക്ക് പാർട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് നിലപാട്. പാർട്ടിക്ക് കിട്ടുന്ന പരാതി പാർട്ടി ചർച്ച ചെയ്ത് നടപടിയെടുക്കും. പൊലീസിൽ പരാതി കൈമാറണമെന്ന് യുവതി ആവശ്യപ്പെട്ടാൽ അതു ചെയ്യുമെന്നും മുതിർന്ന സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. എന്നാൽ വിഷയം പൊലീസിന് നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെയാണ് ശശിക്കെതിരെ പരസ്യ നിലപാടുമായി വൃന്ദാകാരാട്ട് രംഗത്ത് എത്തിയത്. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചു പൊറുപ്പിക്കില്ലെന്ന് ശശിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വൃന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ശശിക്കെതിരെ ഉയർന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് സിപിഎം സ്ഥിരീകരിക്കുകയാണെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ കൂട്ടിച്ചേർത്തു. ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. വൃന്ദാ കാരാട്ടിനും സംസ്ഥാനത്തെ ചില നേതാക്കൾക്കും യുവതി പരാതി നൽകിയിരുന്നു. അതിനിടെ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്ക് അകത്തു ചർച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ശശിയും പ്രതികരിച്ചു. പാർട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേർത്തു. നടപടിയുണ്ടാകുമെന്ന സൂചന ശശിക്കും സംസ്ഥാന നേതൃത്വം നൽകിയതിന്റെ സൂചനയാണ് ഇത്.

'എന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. ഏതൊരാളെക്കുറിച്ചും ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാൽ അത് കൈകാര്യം ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിക്കകത്ത് ചർച്ചചെയ്യേണ്ട കാര്യം പാർട്ടിക്കകത്ത് ചർച്ചചെയ്യും. പാർട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികൾ മാത്രമേ അകത്തുള്ള കാര്യങ്ങൾ പുറത്തു
പറയൂ. അന്വേഷിക്കാനുള്ള നല്ല കരുത്ത് പാർട്ടിക്കുണ്ട്. അത് നേരിടാനുള്ള നല്ല ആർജവവും കമ്യൂണിസ്റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ ഇവിടുത്തുകാർക്കൊക്കെ അറിയാം. എന്നെ അറിയാവുന്ന എന്റെ പൊതുപ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് എന്റെ പൊതുജീവിതം എന്താണ് എന്ന് അവർക്ക് നല്ലതുപോലെ അറിയാം. ഞാൻ തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല.-ശശി പ്രതികരിച്ചു.

എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും, അതാണ് ഞാൻ പറഞ്ഞത് കമ്യൂണിസ്റ്റ് ആരോഗ്യമെന്ന്. സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതല്ല കമ്യൂണിസ്റ്റ് ആരോഗ്യം. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാർട്ടി തീരുമാനിക്കുന്നതാണ്. അതിൽ എന്തിനാണ് വേവലാതി. ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ കൈയിൽ പരാതിയുണ്ടോ, പരാതി നിങ്ങളുടെ കൈയിലില്ലാതെയാണ് അനാവശ്യമായിട്ട് നിങ്ങളുടെ ഈ വിചാരണ. എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കകത്ത് ഞങ്ങൾ പല കാര്യങ്ങളും ചർച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കിൽ അതിലൊന്നും ശശി വീഴില്ല'-എംഎൽഎയുടെ പ്രതികരണം ഇങ്ങനെയാണ്.

ശശി ചടങ്ങിൽ പങ്കെടുക്കുന്നു എന്ന വിവരം അറിഞ്ഞ് സ്ഥലത്ത് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായെത്തി. നൂറു മീറ്ററോളം ദൂരത്തുവച്ച് ഇവരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. തിരുവനന്തപുരത്ത് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി. കെ എസ് യുക്കാർ വനിതാ കമ്മീഷൻ ഓഫീസിൽ ചാണകം തളിച്ചു. വലിയ പ്രതിഷേധമാണ് ശശിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം അടിയന്തര നടപടികളെടുക്കാൻ സജ്ജമാകുന്നത്. അതിനിടെ വിഷയം സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു.

വിഷയത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ നൽകണമെന്നും തീരുമാനിച്ചു. അടുത്ത സംസ്ഥാന സമിതിക്ക് മുമ്പ് അന്വേഷണം പൂർത്തിയാക്കും. അടുത്ത സംസ്ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യും.