തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ പി.കെ.ശശി എംഎ‍ൽഎയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പായി. പാർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ ശശിയോട് നിർദ്ദേശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ആവശ്യപ്പെട്ടു. പ്രോസ്‌ട്രേറ്റ് ക്യാൻസറിന് പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലീനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ആദ്യമെത്തിയത് പികെ ശശിയുടെ വിഷയമായിരുന്നു. അപ്പോൾ തന്നെ കർശന നിർദ്ദേശം നൽകുകയായിരുന്നു.

മയോ ക്ലീനിക്കിൽ ചികിൽസയിലുള്ള പിണറായി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ പിണറായി അമേരിക്ക വിടും. ശസ്ത്ര ക്രിയയും തുടർ ചികിൽസയും പൂർണ്ണ വിജയമാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യത്തിൽ ആകുലതകൾ വേണ്ടെന്നാണ് മയോ ക്ലീനിക്കിലെ ഡോക്ടർമാർ നൽകുന്ന സൂചന. പ്രളയ ദുരിതാശ്വാസം ഉൾപ്പെടെയുള്ള കാര്യത്തിൽ മുഖ്യമന്ത്രി മേൽനോട്ടം തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തമ്മിലെ ഭിന്നത പൊതു സമൂഹത്തിൽ ചർച്ചയാകരുതെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെ വിമർശിച്ചതും ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നത്. ഇക്കാര്യത്തിൽ നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ മുഖ്യമന്ത്രി തീരുമാനം എടുക്കും. അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന നിലയിലാണ് പികെ ശശിയുടെ പീഡനകാര്യത്തിലെ ഇടപെടൽ മുഖ്യമന്ത്രി നടത്തിയത്.

ആരോപണ വിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. നിലവിൽ സിഐ.ടി.യു ജില്ലാ പ്രസിഡന്റായ ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാവണം അന്വേഷണമെന്ന തന്റെ അഭിപ്രയമമെന്നാണ് കോടിയേരിയെ പിണറായി അറിയിച്ചത്. ഇതോടെ ശശിക്കും നിർദ്ദേശം കൈമാറി. പാർട്ടി പരിപാടികളിൽ തൽകാലം ശശി പങ്കെടുക്കില്ല. എംഎൽഎ എന്ന നിലയിലെ പ്രവർത്തനത്തിലും സജീവത ഉണ്ടാകില്ല. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനയും ഉണ്ട്. കർശന നടപടിയെടുത്തേ മതിയാകൂവെന്ന നിലപാടിലാണ് പിണറായി. പീഡനവുമായി ബന്ധപ്പെട്ട് ശശി നടത്തിയ പരാമർശങ്ങൾ അതിരുവിട്ടതായും മുഖ്യമന്ത്രി തിരിച്ചറിയുന്നു. അതിനിടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ശശി വിഷയത്തിൽ ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂർത്തിയാക്കും. അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കർശന നപടി സ്വീകരിക്കും. അത്തരമൊരു റിപ്പോർട്ടേ നൽകാനാകൂവെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങളായ പികെ ശ്രീമതിയും എകെ ബാലനും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും പിണറായിയെ കോടിയേരി അറിയിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റാൻ പിണറായി നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കോടിയേരി സംസാരിച്ചു.

പികെ ശശിക്കെതിരെ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കെ വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇത് തിരിച്ചറിഞ്ഞാണ് പിണറായിയുടെ ഇടപെടൽ. ഈ സാഹചര്യത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ചുമതയിൽ നിന്നും തല്ക്കാലം മാറി നില്ക്കും. ശശിയെ പിന്തുണച്ചാൽ പാർട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത്. അതിനിടെ പെൺകുട്ടിയുടെ പീഡന പരാതിയിലെ കൂടുതൽ വിവരങ്ങളും പുറത്തു വന്നു. മൂന്ന് തവണ പീഡന ശ്രമം ഉണ്ടായെന്നാണ് പരാതിയിലുള്ളത്. പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ രേഖപ്പെടുത്തും. പിണറായി അമേരിക്കയിലേക്ക് പോയ ശേഷമാണ് ഈ വിവാദത്തിന് തുടക്കമായത്.

17 ദിവസത്തെ ചികിത്സയ്ക്കാണമുഖ്യമന്ത്രി അമേരിക്കിയലേക്ക് പോയത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ലിനിക്കിലാണ് ചികിൽസ. ചികിത്സയുടെ പൂർണചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടണ്ട്. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസിൽ സന്ദർശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനികിൽ എത്തിയതായാണ് വിവരം. കഴിഞ്ഞ മാർച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുത്രിയിൽ ചികിൽസ തേടിയിരുന്നു. അതീവ രഹസ്യ സ്വഭാവത്തിലാണ് മയോ ക്ലീനിക്കിൽ ചികിൽസ തുടരുന്നത്. സിനിമാ നടൻ പൃഥ്വിരാജിന്റെ അമ്മാവനും ഡോക്ടറുമായ എംവി പിള്ളയാണ് എല്ലാ സഹായവുമായി പിണറായിക്കും ഭാര്യയ്ക്കുമൊപ്പമുള്ളത്.

പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ 4.30 നാണു മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി യു.എസിലേക്കു പുറപ്പെട്ടത്. രഹസ്യമായിട്ടായിരുന്നു യാത്രക്കുള്ള തീരുമാനമെടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്നു പേർക്ക് മാത്രമാണ് യാത്രിയുടെ വിവരങ്ങൾ അറിയാമായിരുന്നത്. അതീവ രഹസ്യമായി മാധ്യമങ്ങൾക്കൊന്നും ദൃശ്യം ലഭിക്കാതിരിക്കാനുള്ള മുൻകരുതലെടുത്തായിരുന്നു പിണറായിയുടെ യാത്ര. ചികിൽസയുടെ വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കാനാണ് തീരുമാനം. പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ യാത്രയാക്കാനുണ്ടായിരുന്നു. മൂന്നാഴ്ചത്തേക്കുള്ള യാത്രയ്ക്കാണ് അനുമതിയെന്നു പൊതുഭരണവകുപ്പിന്റെ (പൊളിറ്റിക്കൽ) ഉത്തരവിൽ വ്യക്തമാക്കുന്നു.