കൊച്ചി: കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെ.സി.ബി.സി). സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാൻ നീക്കം നടക്കുന്നുവെന്നും കെസിബിബിസി.അഞ്ച് കന്യാസ്ത്രീകളെ മുന്നിൽനിർത്തി നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്ന സമരം അതിരുകടക്കുന്നതും സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴികൾ അടക്കമുള്ളവ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നത് ശരിയല്ലെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങൾ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നിൽക്കാൻ തങ്ങൾ ഇപ്പോൾ തയ്യാറല്ല. പൊലീസിന്റെ അന്വേഷണം നീതപൂർവമായി നടക്കുകയും കുറ്റപത്രം സമർപ്പിക്കുകയും വേണമെന്നും പൊലീസിനു മേൽ സമ്മർദ്ദം ഉണ്ടാവരുതെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ആരോപണത്തിൽ നിഷ്പക്ഷമായി അന്വേഷണം നടക്കാൻ ബിഷപ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ആരോപണം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗൽ ബാരറ്റ് പറഞ്ഞു.

അതേ സമയം ഫ്രാങ്കോയെ പിന്തുണച്ച് ജലന്തർ സഭയും രംഗത്ത് എത്തിയിട്ടുണ്ട്.ബിഷപ്പുമാരുടെ സഭയുടെ പിന്തുണ ഇതിന്റെ തെളിവാണ്. കൊച്ചിയിൽ ഹൈക്കോടതിക്ക് മുന്നിൽ സമരം തുടരുന്ന കന്യാസ്ത്രീമാർക്ക് പിന്തുണ വർധിച്ച് വരികയാണ്. പൊതുസമൂഹവും ഇവർക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് നൽകുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു.സെപ്റ്റംബർ പത്തൊമ്പതാം തിയതി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചെന്ന് ഐ ജി വിജയ് സാഖറെ കൊച്ചിയിൽ പറഞ്ഞു.കന്യാസ്ത്രീയുടെ പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെ കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ ശേഷമായിരുന്നു സാഖറെയുടെ പ്രതികരണം.

ചോദ്യം ചെയ്യലിന് ശേഷം ഇപ്പോഴത്തെ നിലയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. നിലവിലെ തെളിവുകൾ അറസ്റ്റ് അനിവാര്യമാക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് നോട്ടീസ് നൽകിയാൽ ബിഷപ്പ് കേരളത്തിലെത്തുമോ എന്ന് സംശയിക്കുന്നുവരും ഉണ്ട്. ബിഷപ്പിനെതിരെ ബലാത്സംഗം പരാതി നൽകിയ കന്യാസ്ത്രീയും കുടുംബവും പൊലീസ് നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ രാജ്യമെങ്കും ഈ കേസ് ചർച്ചയാവുകയാണ്. ഇത് ബിഷപ്പിനും നാണക്കേടാവുകയാണ്.

ബിഷപ്പിനെതിരെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതി ഹൈക്കോടതിയിൽ ഉണ്ട്. നേരത്തെ ഈ ഹർജി വന്നപ്പോൾ അന്വേഷണം തുടരുകയാണെന്നും ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും കോടതിയെ പൊലീസ് ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും കാലമായിട്ടും അറസ്റ്റ് നടക്കാത്തത് കോടതിയുടെ വിമർശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യാനെത്താൻ നോട്ടീസ് നൽകുന്നതെന്നും സൂചനയുണ്ട്.ഒരാഴ്ചയ്ക്കകം അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ആണ് അയക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയിക്കും.

ഹാജരായാൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള ഹൈടെക് മുറിയിൽ െവച്ച് ചോദ്യംചെയ്യുമെന്നും കോടതിയെ അറിയിക്കും. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനും അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാനും പൊലീസിനുമേൽ സമ്മർദമേറുകയാണ്. ഇതിനിടെയാണ് കന്യാസ്ത്രീകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പൊലീസിന് ഇടപെടലുകൾ നടത്തേണ്ടി വന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരം തണുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

അറസ്റ്റിനെതിരേ ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് സൂചന. ഇതുവരെ പൊലീസിന് കിട്ടിയ തെളിവുകളും മൊഴികളും ബിഷപ്പിന് എതിരാണ്. ചോദ്യംചെയ്തപ്പോൾ ബിഷപ്പ് പറഞ്ഞ കാര്യങ്ങളിൽ ചിലത് കള്ളമെന്നും കണ്ടെത്തിയതാണ്. ഇതിനെല്ലാം പുറമേയാണ് കോടതി മുമ്പാകെ കന്യാസ്ത്രീ നൽകിയ, ക്രിമിനൽനടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരമുള്ള മൊഴി. ഇതെല്ലാം അറസ്റ്റിന് പോന്ന തെളിവുകളാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തമാവുകയാണ്. ഈ അവസരത്തിലാണ് കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തി. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ സർക്കാർ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീയുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഗവൺമെന്റ് നിൽക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവൺമെന്റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവർൺമെൻ് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവൺമെന്റ്. കന്യാസ്ത്രീകളുടെ ആവശ്യങ്ങൾ ഗൗരവമായി കാണുന്നു. അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യവുമായി വിമൻ ഇൻ സിനിമ കളക്ടീവ്. റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്ന് ഡബ്ല്യു.സി.സി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

''കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.'' ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പി.സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഡബ്ല്യു.സി.സി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇരയോട് അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനിൽക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോട് കൂടിയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

വി എസ് അച്യുതാനന്ദൻ, കെമാൽ പാഷ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരും സമരത്തെ പിന്തുണച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്യാത്തത് നാട്ടിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുമെന്നും ഇത്രയും തെളിവുകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തത് നാണക്കേടാണെന്നും ഇടത് പക്ഷത്തിന് വേണ്ടി ഇനിയും പ്രസംഗിച്ചാൽ അറസ്റ്റ് വൈകുന്നത് ജനങ്ങൾ എതിരാവുന്നതിലേക്ക് നയിക്കുമെന്നും ഉൾപ്പടെയാണ് ഇവരുടെ പ്രതികരണങ്ങൾ.