സന്നിധാനം: ശബരിമലയിൽ വൻ കലാപത്തിനുള്ള നീക്കം നടന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നാടകീയമായ രംഗങ്ങളാണ് ഇന്ന് രാവിലെ ശബരിമലയിൽ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായ ഇടപെട്ടത്. നടപന്തൽ വരെ യുവതികളുമായി വൻ പൊലീസ് സംഘം തന്നെ മലയിലേക്ക് കയറിയിരുന്നു. തെലുങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിത കോശി, ആക്റ്റിവിസ്റ്റ് രെഹ്ന ഫാത്തിമ എന്നിവരാണ് മല കയറാൻ ശ്രമിച്ചത്.

കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികൾ മനസിലാക്കിയാണ് അയ്യപ്പദർശനത്തിൽനിന്നു പിൻവാങ്ങിയതെന്നു 2 യുവതികൾ അറിയിച്ചു. കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണു പിൻവാങ്ങിയതെന്നു തെലുങ്കു മാധ്യമപ്രവർത്തക കവിത പറഞ്ഞു. അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാൻ തയാറല്ല. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും കവിത വ്യക്തമാക്കി.

''വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.'' കടകംപള്ളി ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഇത്

കുട്ടികളെ മുന്നിൽ നിർത്തിയായിരുന്നു സന്നിധാനത്തെ പ്രതിഷേധമെന്നു രഹ്ന ഫാത്തിമയും പറഞ്ഞു. കുട്ടികളെ പ്രശ്‌നത്തിലാക്കരുതെന്നു കരുതിയാണു മലയിറങ്ങാൻ തീരുമാനിച്ചത്. അയ്യപ്പനെ കാണാനാണ് ഇരുമുടിക്കെട്ടുമായി മല കയറിയത്. സാധിച്ചില്ല. ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിക്കുകയാണ്. തന്റെ ജീവനും കുടുംബത്തിനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹ്ന പറഞ്ഞു.ശബരിമലയിലെ ക്രമസമാധാനം തകർക്കരുതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ പി.സദാശിവം അറിയിച്ചു. ക്രമസമാധാന നില, ഇപ്പോൾ പൊലീസ് കൈക്കൊള്ളുന്ന നടപടികൾ, ഭാവിയിൽ സ്വീകരിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയാണു ഗവർണർ ഡിജിപിയോടു ചോദിച്ചത്. ഒരുകാരണവശാലും ശബരിമലയിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകരുതെന്നു ഗവർണർ നിർദ്ദേശിച്ചു

പമ്പയിൽ വ്യാഴാഴ്‌ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിർദ്ദേശത്തെ തുടർന്ന് വെള്ളിയാഴ്‌ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്ടിവിസമാണ് നടത്തിയതെന്ന് സർക്കാർ തന്നെ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇതിനിടെ ഗവർണ്ണർ പി സദാശിവം ഡിജിപിയെ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. ശബരിമലയിലെ പൊലീസ് വീഴ്ചകൾ ഗവർണ്ണറും അക്കമിട്ട് നിരത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ വീഴ്ചകളെ കുറിച്ച് എഡിജിപി തല അന്വേഷണം നടക്കുന്നത്.

ഇന്റലിജൻസ് എഡിജിപിയാണ് വിനോദ് കുമാർ. അനിൽ കാന്ത് ദക്ഷിണമേഖലാ എഡിജിപിയും. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച് പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. പ്രതിസ്ഥാനത്തുള്ളത് ഐജിമാരായതാണ് ഇതിന് കാരണം. നിലയ്ക്കലിലെ പൊലീസ് നടപടിയാകും പ്രധാനമായും അന്വേഷിക്കുക. ഇതിനൊപ്പം രഹ്നാ ഫാത്തിമയെ മലകയറ്റാൻ മുൻകൈയെടുത്തത് ആരെന്നും പരിശോധിക്കും. സന്നിധാനത്ത് കാര്യങ്ങൾ ശാന്തതയോടെ കൊണ്ടു പോയത് ഐജി ശ്രീജിത്താണ്. ഇതും ഡിജിപി തിരിച്ചറിയുന്നു. ഈ വിഷയത്തിൽ എല്ലാം വ്യക്തത ഉണ്ടാകണമെന്ന് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഡിജിപി തല അന്വേഷണം. ഐജിമാർക്കെതിരെ അന്വേഷണം നടത്തേണ്ടതിനാലാണ് എഡിജിപിമാരെ ചുമതലപ്പെടുത്തുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പ്രശ്‌നങ്ങൾ സങ്കീർണമാകുന്ന സാഹചര്യത്തിലാണ് ഗവർണറുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവർണർ പി. സദാശിവം ഡിജിപി ലോക്‌നാഥ് ബഹ്‌റയെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശബരിമല വിഷയത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

ശബരിമലയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് തുടർ നടപടികൾ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവർണർ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവർണർ നിർദ്ദേശിച്ചതായാണ് സൂചന. കനത്ത പൊലീസ് ബന്തവസ്സിൽ യുവതികൾ നടപ്പന്തൽ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും പിന്തിരിയേണ്ടി വരികയായിരുന്നു.