തിരുവനന്തപുരം: റസിഡൻഷ്യൽ പദ്ധതിക്കായി ഭൂമി പ്ലോട്ടുകളാക്കുമ്പോൾ റജിസ്‌ട്രേഷൻ സംബന്ധിച്ച് കർശന ഉത്തരവിറക്കാൻ ഒരുങ്ങി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (കെറെറ). പ്ലോട്ട് വാങ്ങി വീട് നിർമ്മിക്കുന്നവർ വിവിധ പരാതികളുമായി സമീപിച്ചതോടെയാണ് കെ റെറ രംഗത്തു വരുന്നത്. ഭൂമി പ്ലോട്ടുകളാക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ വികസന അനുമതി നിർബന്ധമാക്കാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്ലോട്ട് റജിസ്‌ട്രേഷൻ കാര്യമായി നടക്കുന്നില്ല. പ്രവർത്തനം തുടങ്ങി മൂന്നു വർഷമായിട്ടും െററയിൽ ഇതുവരെ 17 പ്ലോട്ട് പദ്ധതികൾ മാത്രമാണു രജിസ്റ്റർ ചെയ്തത്.

ഭൂമി റിയൽ എസ്റ്റേറ്റ് ഉദ്ദേശ്യത്തോടെ പ്ലോട്ടുകളാക്കുമ്പോൾ, വിവിധ വ്യവസ്ഥകൾ കെട്ടിട നിർമ്മാണച്ചട്ടത്തിലുണ്ട്. 10 % സ്ഥലം വിനോദ ആവശ്യത്തിനു നീക്കിവയ്ക്കണമെന്നും, അഞ്ചുമീറ്റർ വീതിയിൽ പ്ലോട്ടുകൾക്കിടയിലൂടെ റോഡ് ഉണ്ടാകണമെന്നും നിബന്ധനയുണ്ട്. എന്നാൽ വില കൂടുതലുള്ള പ്രദേശങ്ങളിൽ ഇത്രയും ഭൂമി നീക്കിവയ്ക്കുന്നതുവഴി നഷ്ടം  സംഭവിക്കാതിരിക്കാനാണു ഡവലപ്പർ അനുമതി വാങ്ങാത്തത്. പരിശോധന നടത്തി, വ്യവസ്ഥകളോടെ അനുമതി നൽകേണ്ട പല തദ്ദേശ സ്ഥാപനങ്ങളും ഇതിനു മുതിരുന്നില്ല.

2020 സെപ്റ്റംബറിൽ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടത്തിലുണ്ടായ ഭേദഗതിയാണു ഡവലപ്പർ ഇതിനു പഴുതാക്കുന്നത്. പുനർവിഭജനം നടത്തുന്ന ഭൂമി അര ഹെക്ടറി (1.24 ഏക്കർ)നു താഴെയും പ്ലോട്ടുകൾ 10ൽ താഴെയുമാണെങ്കിൽ രൂപമാറ്റത്തിനു തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി ആവശ്യമില്ലെന്നാണു ഭേദഗതി. എന്നാൽ രൂപമാറ്റത്തിന് അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതുവരെ വികസന പെർമിറ്റ് വ്യവസ്ഥകൾ ഭേദഗതി ചെയ്തിട്ടില്ല.

വിനോദത്തിനും റോഡിനുമായി മാറ്റിവയ്‌ക്കേണ്ട ഭൂമിയുടെ അളവിൽ ഇളവുനൽകി ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ കൂടുതൽ ഡെവലപ്പർമാർ വികസന അനുമതി നേടാനും റെറ റജിസ്‌ട്രേഷൻ എടുക്കാനും തയാറായേക്കും. ഇതു തദ്ദേശഭരണവകുപ്പാണു തീരുമാനിക്കേണ്ടത്.

കേന്ദ്ര റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം അനുസരിച്ച്, 500 സ്‌ക്വയർ മീറ്ററി(12.36 സെന്റ്)നു മുകളിലുള്ള ഭൂമി പ്ലോട്ടുകളാക്കി തിരിക്കുന്നുണ്ടെങ്കിൽ റെറ റജിസ്‌ട്രേഷൻ നിർബന്ധമാണ്. എത്ര പ്ലോട്ടുകൾ എന്നതു ബാധകമല്ല. ഈ നിബന്ധന ഉത്തരവാക്കി ഇറക്കാനാണു റെറ നടപടി. മറ്റു സംസ്ഥാനങ്ങൾ ഇങ്ങനെയൊരുത്തരവ് നേരത്തേ ഇറക്കിയിരുന്നു.