കണ്ണൂർ: കൊട്ടിയൂരിൽ +1 വിദ്യാർത്ഥിനി അമ്മയായ സംഭവത്തിൽ അറസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും സമാനസംഭവങ്ങൾ ഉണ്ടെന്നുമുള്ള ആരോപണങ്ങളെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പെൺകുട്ടി ഗർഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാൻ ഫാ. റോബിനെ സഹായിച്ചവരും കുടുങ്ങുമെന്ന് ഉറപ്പായി. ഇതിന് വേണ്ടിയാണ് റോബിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സഹായിച്ചവരെയെല്ലാം കേസിൽ പ്രതികളാക്കും. മാനന്തവാടി-തലശ്ശേരി രൂപതകളിലെ കന്യാസ്ത്രീകളും പുരോഹിതരുമാണ് പ്രതിസ്ഥാനത്തേക്ക് വരുന്നത്.

ഫാ. റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം. കേസിൽ വൈദികനെ തലശേരി സെഷൻസ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്സോ) ചുമത്തിയാണു കേസ് എടുത്തത്. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാൻ ഇടവകയിലെ ചില പ്രമുഖർ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പോസ്‌കോ നിയമപ്രകാരം കേസെടുത്തതിനാൽ റോബിന് വിചാരണ പൂർത്തിയായി നിരപരാധിത്വം തെളിയിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ പെൺകുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ പിതൃത്വം ഉറപ്പിക്കാൻ പൊലീസിന് ആകും. കുട്ടിയുടെ അച്ഛൻ ഫാ റോബിനാണെന്ന് തെളിഞ്ഞാൽ പിന്നെ കേസിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല.

കൊട്ടിയൂർ മേഖലയിൽ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള ഇരുപതോളം പെൺകുട്ടികളെ ഫാ. റോബിൻ വിദേശത്തുപോകാൻ സഹായിച്ചിരുന്നു. ഇവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇപ്പോൾ അമ്മയായ പെൺകുട്ടിയെ പള്ളിയിൽവച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചു. ഗർഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയിൽ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചർച്ചയിൽ പങ്കെടുത്തു. പെൺകുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നൽകി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ സമ്മതിപ്പിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിൻ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടിൽ നിന്ന പെൺകുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന.

സംഭവത്തിൽ തുടർഅന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും സമാനസംഭവങ്ങൾ ഉണ്ടെന്നുമുള്ള ആരോപണങ്ങളെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സിഐ എൻ.സുനിൽകുമാർ എന്നിവർ അറിയിച്ചു. അതിനിടെ ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയെയും മാതാപിതാക്കളെയും സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടി വീട്ടിലെത്തി സന്ദർശിച്ചു. വിദ്യാർത്ഥിനിയുടെയും കുഞ്ഞിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ താൽപര്യപ്പെടുന്നതിനാൽ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടിയെടുക്കും.

വിദ്യാർത്ഥിനിക്കു പരീക്ഷയെഴുതണമെങ്കിൽ സർക്കാർ ഇടപെട്ടു സൗകര്യം ഒരുക്കണമെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു. മൊഴികളും വിശദീകരണങ്ങളും പൊലീസിനു ലഭ്യമാവുകയും ആരോപണവിധേയനായ വ്യക്തി പൊലീസ് പിടിയിലാകുകയും ചെയ്തതിനാൽ കൂടുതൽ തെളിവെടുപ്പുകൾ ആവശ്യമില്ലെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു.

ആശുപത്രിയും മഠവും കുടുങ്ങും

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെൺകുട്ടി കുഞ്ഞിനു ജന്മം നൽകിയത്. ആശുപത്രിയിൽ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടി പ്രസവിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. അവിവാഹിതയും പ്രായപൂർത്തിയാകാത്തതുമായ പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ. പ്രവർത്തകർ പ്രകടനം നടത്തി.

വൈത്തിരിയിലെ ഹോളി ഇൻഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിനെതിരേയും അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ ഒരാഴ്ച പോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ലാ ചെൽഡ് വെൽഫയർ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് കാരണം. ഗൂഢാലോചനയിൽ സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ചാണ് അന്വേഷണം. കഴിഞ്ഞദിവസം സ്ഥാപനമേധാവികളിൽ നിന്നു പൊലീസ് പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നുമുള്ള സൂചന.

ഫെബ്രുവരി ഏഴിനാണ് കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത +2 വിദ്യാർത്ഥിനി പ്രസവിച്ചത്. പീഡനത്തിരയായ പെൺകുട്ടിയുടെ മാതാവും അമ്മൂമ്മയും ചേർന്ന് അഞ്ചാംദിവസം ചോരക്കുഞ്ഞിനെ വൈത്തിരിയിലെ സ്ഥാപനത്തിലെത്തിച്ചതായാണ് വിവരം. എന്നാൽ, ഇരുപതിനാണു ചൈൽഡ് വെൽഫയർ കമ്മിറ്റി(സി.ഡബ്ല്യു.സി)യെ കുട്ടിയെത്തിയ വിവരം അറിയിക്കുന്നത്. കമ്മിറ്റി കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയോ കണ്ണൂർ ജില്ലാ സി.ഡബ്ല്യു.സിയെയോ പൊലീസിനെയോ അറിയിക്കാതെ കുട്ടിയെ ഏറ്റടുക്കുകയായിരുന്നു.

ഫെബ്രുവരി 27ന് അർധരാത്രിയാണ് പേരാവൂരിൽനിന്നു പൊലീസെത്തി രാത്രിയിൽ തന്നെ കുഞ്ഞിനെ ഏറ്റെടുത്തു തുടർപരിചരണം തളിപ്പറമ്പിലെ കേന്ദ്രത്തെ ഏൽപ്പിച്ചത്. ജില്ലയിൽതന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ട് കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലെത്തിക്കാനുള്ള കാരണവും സംഭവം സ്ഥാപനം മറച്ചുവച്ചതും സംശയമുണർത്തുന്നു. ഇതിനാലാണ് സുരക്ഷയിൽ സന്ദേഹം പ്രകടിപ്പിച്ച് അർധരാത്രിയിൽ കുഞ്ഞിനെ തളിപ്പറമ്പിലേക്ക് മാറ്റിയത്.വൈത്തിരിയിൽ കുഞ്ഞിനെ ഏൽപ്പിച്ചപ്പോൾ ഒരാഴ്ചക്കകം തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പ് നൽകിയതായാണ് വിവരം.

സഭയിലെ പ്രമുഖരും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു

റോബിനെ രക്ഷപ്പെടുത്താൻ ഗൂഢനീക്കം നടന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യൻ സഭയുടെ കീഴിലുള്ള വയാനട്, കണ്ണൂർ ചൈൽഡ് വെൽഫയർ കമ്മിറ്റികളുടെ നേതൃത്തിലാണ് കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമം നടക്കുന്നത്. പ്രസവം കഴിഞ്ഞതോടെ കുഞ്ഞിനെ വയനാട് വൈത്തിരിയിലുള്ള സഭയുടെ നേതൃത്വത്തിലുള്ള ശിശുമന്ദിരത്തിലേക്ക് മാറ്റിയതും ഇതിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ ആശുപത്രി അധികൃതർ 24 മണിക്കൂറിനുള്ളിൽ ചൈൽഡ് ലൈൻ പ്രവർത്തകരെയോ പൊലീസിനെയോ അറിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതൊന്നും പാലിക്കാതെ ആസൂത്രിതമായി കുഞ്ഞിനെ മാറ്റുകയായിരുന്നു.

ആശുപത്രിയുമായി അടുത്ത ബന്ധമുള്ള വയനാട് ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗമാണ് ഇതിനു നേതൃത്വം നല്കിയത്. ഭാവിയിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കേണ്ടി വരുമെന്നു മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്. ശിശുമന്ദിരത്തിലെ മറ്റു നവജാത ശിശുവുമായി കുട്ടിയെ മാറ്റിയാൽ കേസന്വേഷണത്തെ സാരമായി ബാധിക്കുകയും പ്രതി റോബിന് രക്ഷപ്പെടാൻ പഴുതുമാവും. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അടിയന്തര യോഗവും ചേർന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

റോബിനെ സഹായിക്കാൻ ഇടവകയിലെ പ്രമുഖരും കത്തോലിക്ക മാനേജ്‌മെന്റിനു കീഴിലുള്ള തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയും കൂട്ടുനിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. നിരവധി പരാതികളും ഊമക്കത്തുകളും മറ്റുമായി റോബിനെതിരെ സഭാവിശ്വാസികൾ മതമേലദ്ധ്യക്ഷന്മാർക്ക് നല്കിയിരുന്നു. ഇതൊന്നും ആരും ഗൗരവത്തോടെ കണ്ടില്ല.

റോബിനുള്ളത് കണ്ണൂർ സബ് ജയിലിൽ

ഇന്നലെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ഇന്നലെ നടന്ന ജയിൽ ക്ഷേമ ദിനാഘോഷ പരിപാടിയിൽ ഫാ. റോബിനും പങ്കെടുത്തു. വിചാരണത്തടവുകാർക്കൊപ്പം രണ്ടാം നിരയിലായിരുന്നു ഇരിപ്പിടം. ടീഷർട്ടും പാന്റുമായിരുന്നു വേഷം. മാദ്ധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ ഒഴിഞ്ഞുമാറാനും ശ്രമമുണ്ടായി.