മലപ്പുറം/പാലക്കാട്: ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുത്തളത്തിൽനിന്നാണ് അഗ്രോ മൾട്ടി സൈക്കിൾ എന്ന നൂതന കണ്ടുപിടിത്തവുമായി സതീഷ് കുമാർ ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിനെത്തിയത്. വ്യായാമത്തോടൊപ്പം ജോലിയും എന്ന ആശയമാണ് പുതിയ കണ്ടുപിടിത്തത്തിൽ ഇതൾവിരിയുന്നത്.

പാലക്കാട് ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് സതീഷ് കുമാർ. തിരൂരിൽ നടന്ന സംസ്ഥാന വൊക്കേഷണൽ വിഭാഗം കരിയർ എക്‌സ്‌പോ മത്സരത്തിലാണ് അഗ്രോ മൾട്ടി സൈക്കിൾ എന്ന പുതിയ കണ്ടുപിടിത്തം ആദ്യമായി പ്രദർശിപ്പിച്ചത്.

സഞ്ചരിക്കുമ്പോൾ തന്നെ വ്യത്യസ്ത ഉയരങ്ങളിലുള്ള പുല്ല് വെട്ടാൻ സാധിക്കുമെന്നതാണ് അഗ്രോ മൾട്ടി സൈക്കിളിന്റെ പ്രത്യേകത. എത്ര ചതുപ്പു നിലങ്ങളിലും സഞ്ചരിക്കാൻ പാകത്തിലാണ് സൈക്കിളിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. പുല്ലുവെട്ടിനോടൊപ്പം ശരീരത്തിനു ഗുണകരമാകും വിധം വ്യായാമത്തിനും പ്രാധാന്യം നൽകുന്നതാണ് അഗ്രോ മൾട്ടി സൈക്കിൾ.

സതീഷ് കണ്ടുപിടിച്ച അഗ്രോ മൾട്ടി സൈക്കിളിന് പ്രത്യേകതകളേറെയാണ്. ജോലി ചെയ്യാൻ മടിയുള്ളവർക്കും വ്യായാമത്തിന് ജിമ്മിൽ പോകാത്തവർക്കും ഇരുഗുണങ്ങളും ഒരുമിച്ച് കിട്ടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തന്റെ കണ്ടുപിടിത്തങ്ങൾ വളർത്തിയെടുക്കാനും വികസിപ്പിക്കാനുമുള്ള സാമ്പത്തിക ഭദ്രതയോ സാഹചര്യമോ ഇല്ലെന്നതാണ് സതീഷിന് വിലങ്ങുതടിയാകുന്നത്.

സൈക്കിളിന്റെ പിൻവശത്തു പകുതിഭാഗത്ത് സൈക്കിൾ ടയറിനു പകരം വീതിയുള്ള ടയർ ഘടിപ്പിച്ചാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. മൾട്ടി സൈക്കിളിന്റെ മുന്നിൽ സൈക്കിൾ വീലിൽനിന്നും വി ബെൽറ്റ്, ഡിഫ്രഷൻ യന്ത്രം എന്നിവ ബന്ധിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്. പുല്ലിന്റെ വലിപ്പത്തിനനുസരിച്ച് ലീഫ് ഞെട്ടിൽ നിന്നും കത്തി മാറ്റാവുന്ന തരത്തിലാണ് അഗ്രി മൾട്ടി സൈക്കിൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന യന്ത്ര വാഹനങ്ങൾ പുറംതള്ളുന്ന ഇന്ധനാവശിഷ്ടങ്ങൾ കൃഷിക്കു ദോഷകരമാകുന്നു എന്ന കണ്ടെത്തലാണ് യന്ത്ര സൈക്കിൾ നിർമ്മിക്കാൻ സതീഷിന് പ്രേരണയായത്. പ്രവർത്തനത്തിന് ഇന്ധനം വേണ്ടെന്നതും നിർമ്മാണച്ചെലവ് കുറവാണെന്നുള്ളതും ഇതിന്റെ മൂല്യം കൂട്ടുന്നു. രണ്ടായിരം രൂപയിൽ താഴെ മാത്രമാണ് മൾട്ടി സൈക്കിളിന്റെ നിർമ്മാണച്ചെലവ്.

കാർഷിക രംഗത്തിന് ഏറെ ഗുണം ചെയ്യുന്ന അഗ്രോ മൾട്ടി സൈക്കിൾ എന്ന ആശയം സതീഷ് കുമാർ രൂപകൽപ്പന ചെയ്തത് ഒരു മാസം മുമ്പാണ്. ഇതിനകം പല കാർഷിക സംഘങ്ങളും സതീഷ് കുമാറിനെ സമീപിച്ചിട്ടുണ്ട്. മലമ്പുഴ എച്ച്ഡി ഫാമിൽ നിന്നും ഏറ്റെടുക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വൊക്കേഷണൽ എക്‌സ്‌പോയിൽ മൾട്ടി സൈക്കിൾ ഓർഡർ ചെയ്യാനെത്തിയവരുടെ എണ്ണം നിരവധിയായിരുന്നു.

തന്റെ കണ്ടുപിടുത്തങ്ങൾ വികസിപ്പിക്കാനുള്ള സാമ്പത്തിക ഞെരുക്കമാണ് സതീഷ്‌കുമാറിന് മുന്നിലുള്ള ഏക തടസ്സം. തന്റെ പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ വലിയ കമ്പനികളുടെ വിളിക്കായി കാതോർത്തിരിക്കുകയാണ് സതീഷ് കുമാർ. മൾട്ടി സൈക്കിളിന് പുറമെ സൈക്കിളിനു മുകളിൽ ഡൈനാമോ ഘടിപ്പിച്ച് കറന്റ് ഉൽപാദിപ്പിക്കുന്ന വിദ്യയും സതീഷ്‌കുമാർ സ്വന്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. കൂടാതെ തെങ്ങ് കയറ്റത്തിനുള്ള സുരക്ഷിതമായ ഇലക്‌ട്രോണിക് യന്ത്രവും കണ്ടുപിടിച്ചിട്ടുണ്ട്.

സതീഷ് കുമാറിന് ചെറുപ്പം മുതലേ പുതിയ ആശയങ്ങളും ചിന്തകളും സ്വന്തമായുണ്ടായിരുന്നു. അവസാനമായി അഗ്രോ മൾട്ടി സൈക്കിൾ എന്ന കണ്ടു പിടുത്തത്തിലൂടെ തന്റെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുകയാണുണ്ടായത്. എന്നാൽ വേണ്ട വിധത്തിലുള്ള പരിഗണനയോ സഹായമോ +2 വിദ്യാർത്ഥിയായ സതീഷിന് ഇതുവരെ ലഭിച്ചിട്ടില്ല.

അഗ്രോ മൾട്ടി സൈക്കിളിന് പുറമെ നിരവധി ആശയങ്ങൾ ഈ യുവ ശാസ്ത്രജ്ഞനിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ തന്റെ കഴിവുകളെയും കണ്ടുപിടിത്തങ്ങളെയും വികസിപ്പിക്കാൻ വീട്ടുകാരെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്നതാണ് സതീഷിന്റെ നിലപാട്. പാലക്കാട് സ്വദേശികളായ നെടുമ്പുര പനിയൂർ അന്തിക്കോട് ആനന്ദൻ-ദേവിക ദമ്പതികളുടെ മകനാണ് സതീഷ് കുമാർ.

'അച്ഛനിപ്പോൾ കച്ചവടം കുറവാണ് എന്റെ കൂട്ടുകാരും അദ്ധ്യാപകരും ഉണ്ടായതുകൊണ്ട് മാത്രമാണ് എനിക്ക് ഈ വിധത്തിലെങ്കിലും എന്റെ ആശയങ്ങൾ നിർമ്മിക്കാൻ സാധിച്ചതെ'ന്ന് സതീഷ്‌കുമാർ മറുനാടൻ മലയാളിയോടു പറഞ്ഞു. സഹപാഠികളും പ്രവൃത്തിപരിചയ അദ്ധ്യാപികയായ ഷീജയും നൽകിയ സാമ്പത്തിക സഹായത്തോടെയാണ് സതീഷ്‌കുമാർ മൾട്ടി സൈക്കിൾ വികസിപ്പിച്ചത്.