ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയത് രണ്ട് പ്രത്യേക അതിഥികളാണ്. ഒരാൾ പാക്കിസ്ഥാനിൽനിന്നാണെങ്കിൽ, മറ്റൊരാൾ 103 വയസ്സുള്ള ഒരു വയോധികയും. ഏതാനും മാസംമുമ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചാണ് ഷർബതി ദേവി 103-ാം വയസ്സിൽ മോദിക്ക് രാഖി കെട്ടാനെത്തിയത്.

ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള മോദിയുടെ വീട്ടിലെത്തി ഷർബതി തന്റെ ആഗ്രഹം സഫലമാക്കി. ഏതാനും മാസം മുമ്പ് ഇവരുടെ മകനാണ് അമ്മയ്ക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചത്. ഇതേത്തുടർന്ന് ഷർബതിയെ ഈ ദിവസം മോദി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

രക്ഷാബന്ധൻ ദിവസം മോദിയെത്തേടിയെത്തിയ മറ്റൊരു സഹോദരി പാക്കിസ്ഥാൻ വംശജയായ ഖാമർ മൊഹ്‌സിൻ ഷെയ്ഖാണ്. ഗുജറാത്തുകാരനായ പെയ്ന്ററെ വിവാഹം കഴിച്ച് അഹമ്മദാബാദിൽ താമസിക്കുന്ന ഖാമർ, 20 വർഷമായി മുടങ്ങാതെ നരേന്ദ്ര ഭായിയുടെ കൈയിൽ രാഖികെട്ടുന്നു. ഇക്കുറിയും അവർ പതിവ് തെറ്റിച്ചില്ല. ആർഎസ്എസ്. പ്രവർത്തകനായിരുന്ന കാലം മുതൽക്കെ മോദിയുമായുള്ള സഹോദരബന്ധം അവരിപ്പോഴും തുടരുന്നു.

പ്രധാനമന്ത്രിയുടെ തിരക്ക് പിടിച്ച ഔദ്യോഗികയാത്രകൾക്കിടെ ഇക്കുറി രാഖിയണിയിക്കാൻ അദ്ദേഹം ഉണ്ടാകുമോ എന്ന് ഖാമറിന് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ, രണ്ടുദിവസംമുമ്പ് മോദി ഖാമറിനെ വിളിച്ച് ഇക്കാര്യം ഓർമിപ്പിക്കുകയായിരുന്നു. തുടർന്ന് തന്റെ വലിയ സഹോദരനെ അണിയിക്കാനുള്ള രാഖിയുമായി അവർ ന്യൂഡൽഹിയിലേക്ക് വന്നു.

വൃന്ദാവനിൽനിന്നുള്ള വിധവകളായ സ്ത്രീകളും രക്ഷാബന്ധൻ ദിവസം മോദിയെ കാണാനെത്തിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥിനികൾക്കൊപ്പവും അദ്ദേഹം കുറച്ചുനേരം ചെലവിട്ടു.