ന്യൂഡൽഹി: ഇന്ത്യാ സന്ദർശനം നടത്തുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സെർജി ലവ്റോവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെ നടന്ന കൂടിക്കാഴ്ച നാൽപതു മിനിറ്റോളം നീണ്ടുനിന്നു.

യുക്രെയ്‌നിലെ സാഹചര്യം സംബന്ധിച്ച് ലാവ്റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്‌നു നേരെയുള്ള അക്രമങ്ങൾ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ച മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാർ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

അക്രമം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു. സമാധാന ശ്രമങ്ങൾക്ക് ഏത് വിധത്തിലും സംഭാവനയും നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ലവ്റോവിനെ അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ സന്ദേശം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് ലവ്റോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് പുടിനും മോദിയും തമ്മിൽ പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മോദിയുമായി നടത്തുന്ന ചർച്ചകൾ സംബന്ധിച്ച് പുടിനെ അറിയിക്കുമെന്നും ലവ്റോവ് പറഞ്ഞു. ബാഹ്യസമ്മർദ്ദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു. 2021 ഇന്ത്യ റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ലാവ്‌റോവ് പ്രധാനമന്ത്രിയെ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ലവ്റോവ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈൻ-റഷ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഒരിക്കലും ഏകപക്ഷീയമായിരുന്നില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ലവ്റോവ് പ്രതികരിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചില രാജ്യങ്ങൾ ഇന്ത്യയേയും ചൈനയേയും തങ്ങൾക്കെതിരേ നിലപാട് സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയാണെന്ന് അമേരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ലെവ്‌റോവ് പറഞ്ഞു. ഒരു സമ്മർദത്തിനും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. ഇന്ത്യയുടെ വിദേശ നയം സ്വതന്ത്ര കാഴ്ചപ്പാടും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണ്. സമാനമാണ് റഷ്യയുടെ വിദേശ നയവും. ഇത് തന്നെയാണ് വലിയ രാജ്യങ്ങളായ തങ്ങളെ നല്ല സുഹൃത്തുക്കളും പങ്കാളികളുമാക്കുന്നത്, ലെവ്‌റോവ് പറഞ്ഞു.

റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു മേൽ കടുത്ത സമ്മർദമുണ്ട്. യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെയുള്ള ഉപരോധം മറികടക്കാൻ രാജ്യങ്ങൾ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ സന്ദർശിക്കുന്ന യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഭീഷണി മുഴക്കിയിരുന്നു.

യുക്രൈൻ വിഷയത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിലപാട് കടുപ്പിക്കുമ്പോൾ ഇന്ത്യയുമായി കൂടുതൽ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ചർച്ച നടത്തിയിരുന്നു. യുക്രൈൻ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് ഇന്ത്യ റഷ്യ ബന്ധത്തെ സ്വാധീനിക്കാനാവില്ല. ഇന്ധനം ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലഭ്യമാക്കുമെന്നും ലാവ്‌റോവ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലേത് യുദ്ധമല്ലെന്നും ഭീഷണി നേരിടാനുള്ള പ്രത്യേക നടപടി മാത്രമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി ന്യായീകരിച്ചു. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ചയിൽ ആവർത്തിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സെർജി ലവ്‌റോവ് ന്യൂഡൽഹിയിലെത്തിയത്. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് അന്താരാഷ്ട്ര സമ്മർദ്ദം ഏറുന്ന സാഹചര്യത്തിൽ സെർജി ലവ്‌റോവ.ും മോദിയുമായുള്ള കൂടിക്കാഴ്ചയക്ക് പ്രത്യേക പ്രധാന്യമാണ് നയതന്ത്ര നിരീക്ഷകർ കൽപിക്കുന്നത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച യുകെ, ചൈന, ഓസ്ട്രേലിയ, ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരുമായി പ്രധാനമന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.