കൊളംബോ: നയതനന്ത്രതലത്തിൽ അയൽരാജ്യങ്ങളെ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ ശ്രീലങ്കാ സന്ദർശനത്തിനു തുടക്കമായി. പരമ്പരാഗത സൗഹൃദം ഊട്ടിയുറപ്പിക്കുകയാണു ലക്ഷ്യം. ഇന്നു കൊളംബോയിൽ നടക്കുന്ന രാജ്യാന്തര ബുദ്ധമതസമ്മേളനത്തിൽ മോദി പങ്കെടുക്കും. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും. ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ശ്രീലങ്കയെ ഒപ്പം നിർത്തുകയെന്നതാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇത് മനസ്സിലാക്കി ചൈന നടത്തിയ നീക്കം പൊളിയുകയും ചെയ്തു. ദക്ഷിണേഷ്യൻ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതും ശ്രീലങ്കയേയും മറ്റും അടുപ്പിക്കാനായിരുന്നു.

ഈ മാസം കൊളംബോ തുറമുഖത്തു തങ്ങളുടെ അന്തർവാഹിനി അടുപ്പിക്കാനുള്ള ചൈനയുടെ അഭ്യർത്ഥന ശ്രീലങ്ക തള്ളിയത് ഇന്ത്യയുടെ നയതന്ത്രനീക്കത്തിന്റെ വിജയമാണ്. 2014 ഒക്ടോബറിൽ ലങ്കൻ തുറമുഖത്ത് ചൈനയുടെ മുങ്ങിക്കപ്പൽ എത്തിയത് ഇന്ത്യയുടെ ശക്തമായ എതിർപ്പിനു കാരണമായിരുന്നു. ഇന്ത്യയുടെ ആശങ്ക പരിഗണിച്ചാണ് ഇത്തവണ ചൈനയുടെ അഭ്യർത്ഥന നിരസിച്ചതെന്നാണു സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ നൽകുന്ന സൂചന. അന്തർവാഹിനി അടുപ്പിക്കാനുള്ള അനുമതി തേടിയിരുന്നുവെന്നും മറുപടി ലഭിച്ചിട്ടില്ലെന്നുമാണു കൊളംബോയിലെ ചൈനീസ് എംബസി വൃത്തങ്ങൾ പറയുന്നത്.

സമീപവർഷങ്ങളിൽ ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന ഉയർന്ന നിക്ഷേപങ്ങളാണു നടത്തിയത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ വികസനത്തിനായി ചൈനയുടെ മുതൽമുടക്ക് ഇന്ത്യയെയാണ് അസ്വസ്ഥമാക്കുന്നത്. ലങ്ക കേന്ദ്രീകരിച്ച് തുറമുഖ നിർമ്മാണങ്ങളും മറ്റും ചൈന നടത്തുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു. ശ്രീലങ്കയിൽ അധികാരത്തിലുണ്ടായിരുന്ന മുൻ സർക്കാരിന് ചൈനയുമായി അടുപ്പവുമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി റനിൽ വിക്രമസിംഗെ അധികാരം പിടിച്ചെടുത്തു. ഇന്ത്യൻ ഇടപെടലിന്റെ ഫലമാണിതെന്നാണ് വിലയിരുത്തൽ ഉയർന്നത്. ചൈനയെ അപ്രസക്തമാക്കാനുള്ള മോദിയുടെ നീക്കം ഇതോടെ വിജയിച്ചു.

ശ്രീലങ്ക ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ബുദ്ധസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദിയുടെ സന്ദർശനം. മെയ്‌ 12 മുതൽ 14 വരെയാണ് സമ്മേളനം. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള നാനൂറിലേറെ പ്രതിനിധികൾ സംബന്ധിക്കുന്ന സമ്മേളനം ശ്രീബുദ്ധന്റെ ജനനം, ജ്ഞാനോദയം, നിർവാണം എന്നിവയെ അനുസ്മരിക്കുന്നതാണ്. സന്ദർശനത്തിനിടെ ലങ്കൻ നേതാക്കളുമായി മോദി അനൗപചാരിക സംഭാഷണം നടത്തുമെന്നാണ് വിവരം. 2014 ഒക്ടോബറിൽ ചൈനയുടെ അന്തർവാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടാൻ ശ്രീലങ്ക അനുമതി നൽകിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. മേഖലയിൽ സ്വാധീനം വളർത്തുവാനുള്ള ചൈനയുടെ ബോധപൂർവമായ ശ്രമമായാണ് ഇന്ത്യ ഇതിനെ കണ്ടത്. ഇതിനു പിന്നാലെയാണ് ഇതേ തീരത്ത് നങ്കൂരമിടാനുള്ള ചൈനയുടെ ശ്രമങ്ങളെ ശ്രീലങ്ക തടഞ്ഞത്.

തമിഴ് വംശജരുടെ സമ്മേളനത്തിലും മോദി പ്രസംഗിക്കും. ഇന്നലെ വൈകിട്ടു പൗരാണികമായ സീമാമാലക ബുദ്ധക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി പരമ്പരാഗത ദീപം തെളിക്കൽ ചടങ്ങിലും പങ്കെടുത്തു. രണ്ടുവർഷത്തിനിടെ മോദിയുടെ രണ്ടാമത്തെ ലങ്കാസന്ദർശനമാണിത്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, വിദേശകാര്യ മന്ത്രി മംഗല സമരവീര എന്നിവരും മുതിർന്ന മന്ത്രിമാരും ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീലങ്കൻ വ്യോമസേനയുടെ ഗാർഡ് ഓഫ് ഓണറും മോദി സ്വീകരിച്ചു. ശ്രീലങ്ക താവളമാക്കാൻ ചൈനയുടെ നീക്കം ശക്തമായ സാഹചര്യത്തിലാണു മോദിയുടെ സന്ദർശനം. ഒരാഴ്ച മുൻപ് ഉഭയകക്ഷി ചർച്ചകൾക്കായി വിക്രമസിംഗെ ഡൽഹിയിലെത്തിയിരുന്നു.

നഷ്ടത്തിലായിരുന്ന ലങ്കൻ തുറമുഖം ഹംബൻതോട്ട ചൈനയാണു പുനർനിർമ്മിച്ചത്. 99 വർഷത്തേക്കു തുറമുഖം ചൈനയ്ക്കു പാട്ടത്തിനു നൽകാനുള്ള കരാർ അന്തിമഘട്ടത്തിലാണ്. തൊഴിലാളി യൂണിയനുകളുടെ എതിർപ്പുമൂലമാണു കരാർ വൈകുന്നത്. തന്ത്രപ്രധാനമായ ഈ തുറമുഖത്താണു 2014ൽ ചൈന അന്തർവാഹിനി അടുപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീലങ്കയിൽ വൻ നിക്ഷേപമാണ് ചൈന നടത്തിവരുന്നത്. റോഡുകൾ, വിമാനത്താവളങ്ങൾ, റയിൽവേ, തുറമുഖങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ശ്രീലങ്കയെ സഹായിക്കുന്ന നയമാണ് ചൈന സ്വീകരിച്ചുവരുന്നത്. പരമ്പരാഗതമായി ശ്രീലങ്കയുമായി അടുത്ത വ്യാപാരബന്ധം പുലർത്തുന്ന ഇന്ത്യയെ 'വെട്ടി', മേഖലയിൽ സ്വാധീനമുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ഇന്ത്യയുടെ ബദ്ധവൈരികളായ പാക്കിസ്ഥാനുമായി സൗഹൃദം പങ്കിടുന്ന ചൈന, ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയെയും അടുപ്പിക്കാനാണ് ശ്രമം. ഇത് മനസ്സിലാക്കിയാണ് മോദിയുടെ ഇടപെടൽ. കിഴക്കൻ തുറമുഖനഗരമായ ട്രിങ്കോമാലിയിൽ ഇന്ത്യയുടെ സഹായത്തോടെ പെട്രോളിയം ഹബ് നിർമ്മിക്കാൻ ലങ്കൻ സർക്കാരിനു പദ്ധതിയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ സഹോദര സ്ഥാപനമായ ലങ്കൻ ഐഒസി നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.