ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ ഒരുവർഷം കൊണ്ടുണ്ടായത് 23 ശതമാനത്തിന്റെ വർധന. രാഷ്ട്രീയക്കാർ വരവിൽക്കവിഞ്ഞ സ്വത്തുണ്ടാക്കുന്നത് പുതിയ കാര്യമല്ലെങ്കിലും, മോദിയുടെ കാര്യത്തിൽ കണക്കുകൾ കൃത്യമാണ്. പുസ്തകങ്ങളുടെ റോയൽറ്റിയും പ്രധാനമന്ത്രിയെന്ന നിലയിലുള്ള വേതനവും മാത്രമാണ് അദ്ദേഹത്തിന്റെ വരുമാന മാർഗങ്ങൾ.

2015 ഏപ്രിലിനും 2016 മാർച്ചിനും മധ്യേ 12.35 ലക്ഷം രൂപ റോയൽറ്റി ഇനത്തിൽ ലഭിച്ചുവെന്ന് മോദിയുടെ വരുമാനം സംബന്ധിച്ച വാർഷിക രേഖകളിൽ വ്യക്തമാക്കുന്നു. സ്ഥിരനിക്ഷേപങ്ങൾ 20 ലക്ഷമായി വർധിച്ചു. ഇതോടെയാണ് ആകെ സ്വത്ത് 32 ലക്ഷത്തിലെത്തിയത്. സർക്കാരിലെ ഉന്നതർ അവരുടെ ആസ്തി ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായാണ് മോദി കണക്കുകൾ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ 1.6 ലക്ഷം രൂപയാണ് പ്രതിമാസം മോദിക്ക് ലഭിക്കുന്നത്.

സ്ഥാവരയിനത്തിൽ ഒരുകോടി രൂപയുടെ സ്വത്തുൾപ്പെടെ 1.41 കോടി രൂപയുടെ സ്വത്തുക്കളാണ് 2015-ൽ മോദിക്കുണ്ടായിരുന്നത്. ഇതാണ് 1.73 കോടി രൂപയായി വർധിച്ചത്. 30 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം 52 ലക്ഷമായി വർധിച്ചു. 2015-ൽ കൈയിലുണ്ടായിരുന്നത് 4700 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ 89,700 രൂപയുണ്ട്.

തന്റെ മന്ത്രിസഭയിലെ പല പ്രമുഖരും സ്വകാര്യ ബാങ്കുകളുടെ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് മോദി ആശ്രയിക്കുന്നത്. ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാതെ സ്ഥിര നിക്ഷേപത്തിലാണ് അദ്ദേഹത്തിന് വിശ്വാസവും. എസ്.ബി.ഐയുടെ ഗാന്ധിനഗർ ശാഖയിലാണ് അദ്ദേഹത്തിന് അക്കൗണ്ടുള്ളത്.

ഗുജറാത്തിയിലും ഇംഗ്ലീഷിലുമായി 15-ഓളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. യോഗയും തത്വചിന്തയും വിദ്യാഭ്യാസവുമൊക്കെ വിഷയമാക്കിയുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേത്. ഒരു കവിതാഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹത്തിന് പുസ്തകങ്ങളുടെ റോയൽറ്റി ലഭിക്കുന്നത്.

ഗാന്ധിനഗറിലെ ഒരു വസ്തുവിൽ നാലിലൊന്ന് ഓഹരി മോദിക്കുണ്ട്. ഈ ഭൂമിയുടെ വിലയിലുണ്ടായ വർധനയാണ് മോദിയെ കോടീശ്വരനാക്കിയത്. ഇക്കൊല്ലം പുതിയതായി വസ്തുവാങ്ങുകയോ മറ്റോ ചെയ്തിട്ടില്ല. മോദി മാത്രമല്ല, മന്ത്രിസഭയിലെ ആരും വസ്തു ഇടപാടുകൾ ഇക്കൊല്ലം നടത്തിയിട്ടില്ല.

ഗ്രാഫിന് കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്‌