ടെഹ്‌റാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനത്തിന് തുടക്കമായി. പതിവ് പോലെ അവിടേയും പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. വിദേശത്തു താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും മറ്റുള്ളവരുമായി കലർന്നുചേരാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്വിദിന സന്ദർശനത്തിനായി ഇറാനിലെത്തിയ മോദി ഭായ് ഗംഗ സിങ് സഭാ ഗുരുദ്വാരയിൽ സന്ദർശനം നടത്തിയശേഷമാണ് അവിടെ കൂടിയിരുന്ന ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്. ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ നിർദേശങ്ങളും അവരുടെ ആവശ്യങ്ങളും മോദി കേട്ടു. ഇന്ത്യക്കാർക്ക് എല്ലാവരെയും സ്വീകരിക്കാനും എല്ലാവരുമായി കലരുവാനും കഴിവുണ്ട്. സിഖ് ഗുരുക്കന്മാർ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും ഗുരുഗ്രന്ഥ് സാഹിബിനെക്കുറിച്ചും പുതിയ തലമുറ അറിയണമെന്നും മോദി അവരോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച ടെഹ്‌റാനിൽ എത്തിയ പ്രധാനമന്ത്രിയെ ഇറാൻ ധനമന്ത്രി അലി തയബ്്‌നിയ സ്വീകരിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്‌കാരിക പാരമ്പര്യത്തെ പ്രകീർത്തിച്ച് പേർഷ്യൻ ഭാഷയിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് വ്യവസായ മന്ത്രി നിതിൻ ഗഡ്കരിക്കൊപ്പം ടെഹ്‌റാനിലെ സിഖ് ഗുരുദ്വാരയുടെ പ്രധാനമന്ത്രി സന്ദർശിച്ചത്. 1941ൽ ഭായ് ഗംഗ സിങ് സഭയാണ് ടെഹ്‌റാനിൽ ഗുരുദ്വാര നിർമ്മിച്ചത്. രാവിലെയും വൈകിട്ടുമുള്ള പ്രാർത്ഥന, എല്ലാ വെള്ളിയാഴ്ചയും അഖണ്ഡ് പഥിനു ശേഷമുള്ള ഗുരു കാ ലാങ്ഗർ തുടങ്ങിയ മതപരമായ ചടങ്ങുകൾ ഇപ്പോഴും നടത്താറുണ്ട്. സ്‌കൂൾ സ്ഥാപിച്ച് പഞ്ചാബിയും ധർമ വിദ്യാഭ്യാസവും നൽകുന്നുണ്ട്. ടെഹ്‌റാനിൽ 100 കുടുംബങ്ങളും സഹേദാനിൽ 20 കുടുംബങ്ങളും ഇന്ത്യക്കാരായുണ്ട്. മാത്രമല്ല, 1,300ൽ പരം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിൽ പഠിക്കുന്നുണ്ട്. ദൈവശാസ്ത്രപഠനത്തിനെത്തിയവരാണ് അതിൽ അധികവും.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായും പ്രസിഡന്റ് ഹസൻ റൂഹാനിയുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിന്റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷമായിരിക്കും നരേന്ദ്ര മോദി ഹസൻ റൂഹാനി കൂടിക്കാഴ്ച. ഇന്ത്യ ഇറാൻ ഉഭയകക്ഷി വ്യാപാരബന്ധങ്ങളിൽ വൻ കുതിച്ചു ചാട്ടത്തിന് വഴി വയ്ക്കുന്നതാണ് മോദിയുടെ ടെഹ്‌റാൻ സന്ദർശനം. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായി ഏറെ പ്രധാന്യമുള്ള ഛബാർ തുറമുഖത്തിന്റെ വികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലെ പ്രധാനവിഷയം. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ഛബാർ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും.

ഛബാറിൽ നിന്ന് സഹേദാൻ വരെ ഇന്ത്യയുടെ സഹായത്തോടെ റെയിൽവേ ലൈൻ നിർമ്മിക്കാനും ഇറാന് പദ്ധതിയുണ്ട്. ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്കുള്ള ചരക്ക് നീക്കങ്ങൾ ഛബാർ തുറമുഖം വഴിയാക്കുന്നതിനുള്ള ത്രികക്ഷി കരാറിലും പ്രധാനമന്ത്രിയുടെ സന്ദർന വേളയിൽ ഒപ്പു വയ്ക്കും. ഇതോടെ കറാച്ചിക്കു പകരം ഛബാർ വഴി ചരക്കു നീക്കം നടത്താൻ അഫ്ഗാനിസ്ഥാനും സാധിക്കും. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള ഛബാർ തുറമുഖത്തിന്റെ നിയന്ത്രണം ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ഇന്ത്യ ഇറാൻ എണ്ണ വ്യാപാരം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും ചർച്ചാ വിഷയമാകും

ഇറാനുമേലുള്ള ഉപരോധനങ്ങൾ പിൻവലിക്കപ്പെട്ടതിനു ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നത്. സൗഹൃദം ഉറപ്പിക്കുന്നതോടൊപ്പം വ്യാപാരം, നിക്ഷേപം, ഊർജ മേഖലയിലെ സഹകരണം, സാംസ്‌കാരിക സഹകരണം തുടങ്ങിയവയും സന്ദർശന ലക്ഷ്യമെന്ന് മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. റൗഹാനിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം മുന്നോട്ടു കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നും മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാനുമായുള്ള ബന്ധത്തിലൂടെ ഊർജ മേഖലയിൽ കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ കാലത്തു പോലും ഭാരതവും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും വ്യാപാര, സാങ്കേതിക,നിക്ഷേപ, അടിസ്ഥാന സൗകര്യ, ഊർജ്ജ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്നും ഇറാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.