വാഷിങ്ടൺ: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അമേരിക്കയ്ക്ക് കേസിലെ പ്രതിയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരൻ. അമേരിക്കയിലേക്ക് വിസ പോലും നിഷേധിച്ചു. ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. ജൂൺ എട്ടിനു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണച്ചിരിക്കുന്നു. യുഎസ് സ്പീക്കറിന്റെ പ്രതിനിധി പോൾ റയാനാണ് ഇക്കാര്യം അറിയിച്ചത്.

യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിന്റെ സ്ഥിരതയുടെ തൂണാണ്. ഇരു രാജ്യങ്ങളുടെയും ആശയങ്ങളും മൂല്യങ്ങളും പരസ്പരം കൈമാറുന്നതിനും ക്ഷേമം വർധിപ്പിക്കുന്നതിനുമുള്ള അവസരമാണിത്. ലോകത്തെ പ്രശസ്ത ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുത്ത നേതാവിന്റെ വാക്കുകൾ കേൾക്കാനുള്ള മികച്ച അവസരം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് തലസ്ഥാനത്തേക്ക് ജൂൺ 8 സ്വാഗതം ചെയ്യുന്നു-പോൾ റയാൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറിയതോടെയാണ് അമേരിക്ക നിലപാട് മാറ്റിയത്. മോദിയെ ഇരു കൈയും നീട്ടി ബരാക് ഒബാമ സ്വീകരിച്ചു. ഇന്ത്യയിൽ ഒബാമയ്ക്കും ഊഷ്മള വരവേൽപ്പ് നൽകി. ഇതിന്റെ തുടർച്ചയാണ് പുതിയ ക്ഷം.

ആണവ ചർച്ചയുമായി ബന്ധപ്പെട്ട സന്ദർശനത്തിനിടെയാണ് മോദിയെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ക്ഷണം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മന്മോഹൻ സിങ് (ജൂലൈ 19, 2005), വാജ്‌പേയ് (സെപ്റ്റംബർ 14,2000), പി.വി. നരസിംഹറാവൂ (മെയ്‌ 18,1994), രാജീവ് ഗാന്ധി (ജൂലൈ 13, 1985) എന്നിവരാണ് ഇതിനു മുൻപ് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. ബരാക് ഒബാമയുടെ പ്രത്യേക താൽപ്പര്യമാണ് ഇതിന് വഴിയൊരുക്കുന്നത്.

ജൂലൈ ഏഴ്, എട്ട് തിയതികളിൽ മോദി അമേരിക്ക സന്ദർശിക്കും. രണ്ടു വർഷത്തിനിടെ മോദി നടത്തുന്ന നാലാമത്തെ യുഎസ് സന്ദർശനമാണ് ഇത്.