ഉലാൻബാറ്റർ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയയിൽ എത്തി. ചൈനീസ് സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മംഗോളിയയിൽ എത്തിയത്.

അതിനിടെ, മോദിയുടെ ചൈന സന്ദർശനത്തിന്റെ അവസാന ദിവസം 26 കരാറുകൾ കൂടി ഇന്ത്യയും ചൈനയും ഒപ്പുവച്ചു. ഷാങ്ഹായിൽ ഇന്ത്യ-ചൈന ബിസിനസ് ഫോറത്തിൽ ഇരുരാജ്യങ്ങളിലയെും കമ്പനികൾ തമ്മിലാണ് ധാരണയായത്. 1.38 ലക്ഷം കോടി രൂപയുടെ (2200 കോടി ഡോളർ) കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത് 1000 കോടി ഡോളറിനുള്ള (63,000 കോടി രൂപ) 24 കരാറുകളാണ്. ഇതോടെ മൊത്തം രണ്ടു ലക്ഷം കോടി രൂപയുടെ 50 കരാറുകളാണ് നിലവിൽ വന്നത്.

മംഗോളിയൻ തലസ്ഥാനമായ ഉലൻ ബാറ്ററിലും ഊഷ്മള സ്വീകരണമാണ് മോദിക്കു ലഭിച്ചത്. ആദ്യമായി മംഗോളിയയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന പ്രത്യേകതയും നരേന്ദ്ര മോദിക്കുണ്ട്.

സാമ്പത്തികവ്യവസായ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനാണ് മോദിയുടെ സന്ദർശനം. ഗതാഗത ഊർജ മേഖലയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കും.

മംഗോളിയൻ പ്രസിഡന്റുമായും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച മംഗോളിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം തെക്കൻ കൊറിയ സന്ദർശിക്കുന്നതിനായി മോദി പോകും.