ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് പ്രദീപ് കുമാർ സിൻഹ രാജിവച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന പികെ സിൻഹയുടെ രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് പറയപ്പെടുന്നത്. അതേസമയം പെട്ടന്നുള്ള നടപടി ദേശീയ തലത്തിൽ പല ഊഹാപോഹങ്ങൾക്കും കാരണമായിട്ടുണ്ട്.

റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ പികെ സിൻഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. 2019 ഓഗസ്റ്റ് 30 നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സിൻഹ നിയമിതനാകുന്നത്.പിന്നീട് 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ഉപദേഷ്ടാവായി നിയമിതനായി.

1978 ബാച്ച് ഐഎഎസ് ഓഫീസറായ സിൻഹ കാബിനറ്റ് സെക്രട്ടറിയായും ഉർജ്ജ മന്ത്രാലയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മോശം ആരോഗ്യ അവസ്ഥയാണ് രാജിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. "ചില പ്രശ്‌നങ്ങളുണ്ട്, മാത്രമല്ല ഇപ്പോൾ ഉയർന്ന സമ്മർദ്ദമുള്ള ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് കരുതുന്നു," ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.