- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ കൈയിലെടുക്കാൻ ജൻ ഔഷധി പദ്ധതിയുമായി മോദി സർക്കാർ കേരളത്തിലേക്ക്; ജീവൻരക്ഷാ മരുന്നുകൾ 70 ശതമാനം വിലകുറച്ചു നൽകും
ആലപ്പുഴ : ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ ചികിൽസാപദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിൽ ജൻ ഔഷധി പദ്ധതി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്് മുമ്പ് ജനങ്ങളിലേക്ക് കൂടുതൽ അടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെൺകുട്ടികളുടെ വിവാഹാവശ്യത്തിനു സഹായിക്കാൻ പോസ്‌റ്റോഫീസുകൾ വഴി തുടങ
ആലപ്പുഴ : ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ ചികിൽസാപദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിൽ ജൻ ഔഷധി പദ്ധതി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്് മുമ്പ് ജനങ്ങളിലേക്ക് കൂടുതൽ അടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെൺകുട്ടികളുടെ വിവാഹാവശ്യത്തിനു സഹായിക്കാൻ പോസ്‌റ്റോഫീസുകൾ വഴി തുടങ്ങിയ 'സുകന്യ സമൃദ്ധി' പദ്ധതി വെളിച്ചം കാണാതെ പോയതോടെയാണ് പുതിയ പദ്ധതിക്ക് ആലോചന തുടങ്ങിയത്.
കേരളത്തിൽ സർക്കാർ പരീക്ഷിച്ചു വിജയിച്ച പദ്ധതി തന്നെ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. കേരളത്തെ മരുന്നുകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി കണ്ട്് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹായത്തോടെയാണ് കേരളത്തിൽ പദ്ധതി കൊണ്ടുവരുന്നത്. 2013 ൽ യു പി എ സർക്കാർ വിഭാവനം ചെയ്ത പദ്ധതി ഇപ്പോൾ പൊടിതട്ടിയെടുത്താണ് പുത്തൻ പദ്ധതിയായി അവതരിപ്പിക്കുന്നത്. മാരകരോഗം ബാധിച്ച് അവശതയിൽ കഴിയുന്ന രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ വിലകുറച്ചു നൽകുന്ന 'ജൻ ഔഷധി' പദ്ധതി പ്രധാനമന്ത്രി നേരിട്ടു നടപ്പിലാക്കുകയാണ്. 500 തരത്തിലുള്ള ജീവൻ രക്ഷാമരുന്നകൾ 70 ശതമാനം വിലക്കുറവിൽ വിതരണം ചെയ്താണ് ജൻ ഔഷധി കേരളത്തിൽ വേരുറപ്പിക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഇപ്പോൾ 195 ഔട്ട് ലെറ്റുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 2016 ൽ 3000 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് പരിപാടി.
കാരുണ്യ പദ്ധതിയുടെ നിലവിലുള്ള ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ രോഗികൾക്കുള്ള മരുന്നുകളുടെ പണം നൽകാതെയും ചികിൽസാ സഹായം നൽകാതെയുമാണ് കാരുണ്യ വട്ടംചുറ്റിക്കുന്നത്. ഈ സാഹചര്യത്തിൽ മരുന്നുകൾ വിലക്കുറവിൽ നൽകാനാണ് പദ്ധതി. ഇതിനായി കേരളത്തിലെ റീട്ടെയിൽ മരുന്നു വിൽപ്പനക്കാരുടെ ആധികാരിക സംഘടനയുടെ സഹായവും തേടിയിട്ടുണ്ട്. മാത്രമല്ല കേരളത്തിലേക്ക് മരുന്ന് ഉൽപാദിപ്പിച്ച് നൽകുന്ന കമ്പനികളെയും വരുതിലാക്കിയിട്ടുണ്ട്. ഇവർ ജൻ ഔഷധി പദ്ധതിക്കായി മരുന്നു നിർമ്മിച്ചു നൽകണമെന്നാണ് നിർദ്ദേശം.
ഇതിനായി മെഡിക്കൽ അസോസിയേഷൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു ലക്ഷത്തോളം നിർമ്മാതാക്കളെയും ഡോക്ടർമാരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്രാൻഡഡ് മരുന്നുകൾ ഇതോടെ കേരളത്തിൽ ഇല്ലാതാകും. ഇതോടെ കേരളത്തിലേക്ക് മരുന്നു വരുന്നത് ജൻ ഔഷധിയിലൂടെ മാത്രമാകും. കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെ, മരുന്നുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുമാത്രമെ വിതരണം ചെയ്യുകയുള്ളുവെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയാൽ ക്രിമിനൽ കേസുകൾ എടുക്കുമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് ബിജെപി അനുകൂല സർക്കാരുകൾ ജൻ ഔഷധിയെ രണ്ടുകൈയും നീട്ടി സ്വീകരിച്ചപ്പോൾ കേരളം മാത്രമാണ് പുറംതിരിഞ്ഞുനിന്നത്. ഇതിന്റെ പ്രതികാരം കൂടിയാകും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ മോദി കൈവരിക്കാൻ പോകുന്നത്. ഏതായാലും മാറാരോഗികളെ കൈയിലെടുത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പെ സീറ്റുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്.