- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച ഇന്ന്; വാക്സിൻ വിതരണത്തിൽ സുപ്രധാന തീരുമാനങ്ങൾ ഇന്നുണ്ടായേക്കും
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്.
എയിംസിലെ നഴ്സുമാരായ പുതുച്ചേരിയിൽ നിന്നുള്ള പി.നിവേദ, പഞ്ചാബിൽ നിന്നുള്ള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് ഇന്ന് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകിയത്. മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിദിന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും.
പ്രായഭേദമന്യേ വാക്സിൻ എല്ലാവർക്കും നൽകണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. കൂടാതെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ അളവ് വർധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്ട്രയിൽ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം.
ജനിതക മാറ്റം വന്ന കോവിഡ് വകഭേദം മൂലമുള്ള വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 45 വയസിനും അതിന് മുകളിലുമുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്‌സിൻ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.
രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വാക്സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അർഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്