മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി വിലയിൽ കനത്ത ഇടിവ്. നീരവ് മോദി പാപ്പരത്ത ഹർജി നൽകിയതിനെ തുടർന്ന് ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി വില 20മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.

മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട് പാപ്പരത്ത ഹർജി നൽകിയതിനെതുടർന്ന് ആറ് ശതമാനമാണ് പിഎൻബിയുട ഓഹരി വിലയിൽ ഇന്ന് ഇടിവുണ്ടായത്. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കിൽനിന്ന് 6.45ശതമാനമിടിഞ്ഞ് ഓഹരിവില 92 നിലവാരത്തിലെത്തി.

തട്ടിപ്പ് പുറത്തുവന്ന ഫെബ്രുവരി 14നുശേഷം ബിഎസ്ഇയിൽ 37 ശതമാനമാണ് പിഎൻബി ഓഹരിയുടെ മൂല്യമിടിഞ്ഞത്. എൻഎസ്ഇയിൽ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. 216 ജൂൺ 20നാണ് ഇതിനുമുമ്പ് ഇത്രയും താഴ്ന്ന നിലവാരത്തിൽ ഓഹരിവിലയെത്തിയത്.

മോദിയുടെയും കൂട്ടാളിയായാ ചോക്സിയുടെയും പങ്കാളിത്തമുള്ള ഗീതാഞ്ജലി ജെംസിന്റെ ഓഹരി വിലയിലും ഇടിവ് തുടരുകയാണ്. അഞ്ച് ശതമാനമാണ് ഇന്ന് നഷ്ടമായത്. ഓഹരിവില 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 21.30രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.