തൃശൂർ: പിഎസ്എൻ മോട്ടോഴ്‌സ് ഉടമയും മാനേജിങ് ഡയറക്ടറുമായ പുഴയ്ക്കൽ പുലിക്കൂടുമഠത്തിൽ സംഗമേശ്വരൻ (54) നടത്തിയ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടമായത് നൂറ്റമ്പതോളം പേർക്ക്. എളുപ്പത്തിൽ കോടികൾ തട്ടാനുള്ള സ്ഥിരം നിക്ഷേപ തട്ടിപ്പ് ഇടപാടാണ് സംഗമേശ്വരൻ നടത്തിയത്. എത്ര ചതിക്കപ്പെട്ടാലും മലയാളി ഒന്നും പഠിക്കുന്നില്ലെന്നതാണ് ഇതും വ്യക്തമാക്കുന്നത്.

ആകർഷകമായ പലിശ വാഗ്ദാനം ചെയ്തു നൂറ്റൻപതോളം പേരിൽനിന്നായി 22 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. നിക്ഷേപകരിൽനിന്നു രക്ഷപ്പെടാൻ ഇയാൾ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തു മുങ്ങി നടക്കുകയായിരുന്നു. തൃശൂരിലെ ആഡംബര വില്ലയിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ആർക്കും പണം കൊടുക്കാതെ രക്ഷപ്പെടാനായിരുന്നു പാപ്പർ ഹർജി നൽകിയത്. തുടക്കത്തിൽ കൃത്യമായി പലിശ നൽകി ഇടപാടുകാരുടെ വിശ്വാസം നേടി. അതിന് ശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. പാപ്പർ ഹർജി നൽകിയതോടെയാണ് ചതി നിക്ഷേപകർ തിരിച്ചറിഞ്ഞത്.

വാഹനങ്ങളുടെ ബോഡി നിർമ്മിച്ചുനൽകുന്ന പിഎസ്എൻ മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സംഗമേശ്വരൻ. ബാങ്കുകൾ നൽകുന്നതിന്റെ ഇരട്ടി പലിശ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റൻപതോളം പേരിൽനിന്നു 10 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപകർക്കെല്ലാം രസീതു നൽകുകയും ചെയ്തു. ആദ്യ മാസങ്ങളിൽ കൃത്യമായി പലിശ നൽകി വിശ്വാസ്യത തെളിയിച്ചു. ഇതോടെ ഇടപാടുകാരും കൂടി.

കുറേ മാസങ്ങളായി പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 17.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി കിരാലൂർ സ്വദേശി മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം തുടങ്ങിയത്.ഇതോടെ, താൻ പാപ്പരായെന്നു പ്രഖ്യാപിക്കണമെന്നുകാട്ടി ഇയാൾ കോടതിയെ സമീപിച്ചു. രോഷാകുലരായി എത്തുന്ന നിക്ഷേപകരോടും ഇയാൾ ബിസിനസ് പൊളിഞ്ഞെന്നും പാപ്പരായെന്നും പറഞ്ഞാണ് പിടിച്ചുനിന്നത്.

പിഎസ്എൻ മോട്ടോഴ്‌സ് അടച്ചുപൂട്ടുക കൂടി ചെയ്തതോടെ നിക്ഷേപകർ നിരാശരായി. അതിനിടെ ഇയാൾ ആഡംബര വില്ലയിൽ കഴിയുന്നതായി വിശ്വസനീയ വിവരം ലഭിച്ചു. അറസ്റ്റിലായ മുതലാളിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താൻ പാപ്പരാണെന്നു കോടതിയെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ച ശേഷം ഒളിവിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന സംഗമേശ്വരൻ വിദേശയാത്രകൾ നടത്തിയതായും വിവരമുണ്ട്.