കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സി പി എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാവ് വയനാട്ടിലേക്കു ഒളിച്ചോടി സുഖജീവിതം നയിക്കുമ്പോഴും പൊലീസ് കണ്ണടയ്ക്കുന്നതായി ആക്ഷേപം. അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നിൽ സി പി എമ്മിലെ ഉന്നത നേതാവാണെന്നും ആരോപണം ഉയരുന്നുണ്ട്. കുട്ടികൾക്കു മാതൃകയാവേണ്ട അദ്ധ്യാപകനാണ് കൊച്ചുകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയതെന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.

അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ യു പി വിഭാഗം ഹിന്ദി അദ്ധ്യാപകനായ വി കെ ദീലീപ് കുമാറിനെതിരേ അത്തോളി പൊലീസാണ് പോക്സോ കേസെടുത്തത്. ജൂലൈ 13ന് ആയിരുന്നു വിദ്യാർത്ഥിനികൾക്കു മുന്നിൽ അദ്ധ്യാപകൻ നഗ്‌നതാ പ്രദർശനം നടത്തിയത്. കാലങ്ങളായി അദ്ധ്യാപകൻ തന്റെ ക്ലസിലെ കുട്ടികളെ പ്രത്യേക കണ്ണോടെയാണ് കാണുന്നതെന്നും തരംകിട്ടിയാൽ അവരുടെ ദേഹത്ത് സ്പർശിക്കാറുണ്ടെന്നുമെല്ലാം ഇയാൾക്കെതിരേ വിദ്യാർത്ഥിനികളും രക്ഷിതാക്കളുമെല്ലാം പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം കാരണം കേസെടുക്കാതെ ഒതുക്കിത്തീർക്കുകയായിരുന്നു. കെ എസ് ടി എയുടെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളായ ദിലീപ് കുമാർ പാർട്ടിയുടെ പരിപാടികളിലേക്കു അദ്ധ്യാപകരെ കണ്ണുരുട്ടി പേടിപ്പിച്ച് കൊണ്ടുപോകുന്നതും പതിവായിരുന്നു.

ഒടുവിൽ കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയതോടെയാണ് പോക്സോ കേസ് ചുമത്തിയത്. കേസ് വന്നതോടെ വിദ്യാലയത്തിൽ നിന്ന് അദ്ധ്യാപകനെ സസ്പെന്റ് ചെയ്തെങ്കിലും ചുറ്റുവട്ടത്തെല്ലാം ഉണ്ടായിരുന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലിസ് ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ ഏതാനും ദിവസം മുൻപാണ് ഇയാൾ വയനാട്ടിലെ റിസോർട്ടിൽ സസുഖം വാഴുന്നതായി നാട്ടുകാർ പൊലിസിനെ അറിയിച്ചത്. എന്നിട്ടും യാതൊരു നടപടിയും ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വയനാട്ടിലെ റിസോർട്ടിൽ താമസത്തിനായി ചെന്ന അത്തോളി സ്വദേശികളായ ചിലരായിരുന്നു ജൂലൈ 30ന് അദ്ധ്യാപകൻ അവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞുകൂടുന്നത് നേരിൽ കണ്ടത്. പ്രതിയെ അതിവേഗം പിടികൂടട്ടെയെന്ന താൽപര്യത്തിൽ ഇയാളെക്കുറിച്ചുള്ള വീഡിയോയും സ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പുമെല്ലാം നൽകിയിരുന്നെങ്കിലും അവയ്ക്ക് മുകളിൽ അത്തോളി പൊലിസ് അടയിരിക്കുകയാണ്. തുടക്കം മുതലേ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് കൈക്കൊള്ളുന്നതെന്നു പരാതി ഉയർന്നിരുന്നു. ഈ പരാതിയിൽ കഴമ്പുണ്ടെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് ചെയ്യാതെ പൊലിസ് മാറിനിൽക്കുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയായിരുന്നു പ്രതി ഒളിവിൽ പോയത്. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ക്ലാസിൽവച്ച് നഗ്‌നതാ പ്രദർശനം നടത്തിയതായി പ്രധാനാധ്യാപികക്ക് പരാതി നൽകിയത്.

ഈ പരാതി പിന്നീട് അത്തോളി പൊലിസിന് കൈമാറുകയായിരുന്നു. മൂന്നു വിദ്യാർത്ഥിനികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. അത്തോളിക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രതിയെ വയനാട്ടിൽ കണ്ടതിന്റെ വീഡിയോ ഉൾപ്പെടെ വന്നിരുന്നു. സ്റ്റേഷനിലുള്ള എസ് ഐയും സി ഐയുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ഗ്രൂപ്പ്. എന്നിട്ടും എന്തുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് നാട്ടുകാരിൽ അദ്ധ്യാപകന്റെ രാഷ്ട്രീയ പിടിപാടുകളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവർ ചോദിക്കുന്നത്.