കൊച്ചി: മുൻ മിസ്‌കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോർട്ട് കൊച്ചി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോഴിക്കോട് സ്വദേശികളായ അമ്മയുടേയും മകളുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടു കൊച്ചി പൊലീസ് തുടർ അന്വേഷണം നിലവിൽ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.

റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം. കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ റോയ് വയലാറ്റ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനാപകടം നടന്ന ദിവസം മോഡലുകൾ എത്തിയ നമ്പർ 18 ഹോട്ടലിലെ സിസിടിവി ക്യാമറ ഹാർഡ് ഡിസ്‌കുകൾ നശിപ്പിച്ചതിനാണ് അറസ്റ്റ്.

ഹോട്ടലിലെ ഡിജെ പാർട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാർഡ് ഡിസ്‌കിൽ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നൽകിയത്. ഇതിൽ വേണ്ടത്ര ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഹാർഡ് ഡിസ്‌ക്കിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.