- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ; പീഡനം മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി അദ്ധ്യാപകന്റെ വീട്ടിലെത്തിയപ്പോൾ; പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചു
പെരിന്തൽമണ്ണ: പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖി(38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിൽ പ്രതിയുടെ വീട്ടിൽ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്.
അന്ന് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടിൽനിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് പോക്സോ വകുപ്പുകൾപ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം മലപ്പുറം ജില്ലയിലെ തന്നെ പോക്സോ കേസിൽ റിമാൻഡിലായ മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അദ്ധ്യാപകനുമായ കെ വി ശശികുമാറിനെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിൽ ഒരു പോക്‌സോ കേസും ഉൾപ്പെടും. മൂന്ന് പരാതികളിൽ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പൊലീസിന്റെ പുതിയ നീക്കം.
പൂർവ വിദ്യാർത്ഥികൾ നൽകിയ പീഡനപരാതി ആസ്പദമാക്കിയാണ് പുതിയ കേസുകൾ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളിൽ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ