മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയ മലപ്പുറം മുൻ നഗരസഭാംഗവും മുൻ അദ്ധ്യാപകനുമായ കെ.വി. ശശികുമാറിനെ കസ്റ്റഡിയിലെടുത്തു പൊലീസ്. ശശികുമാറിന്റെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, ശക്തമായ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞതിന് പിന്നാലെയാണ് ശശികുമാറിനെ കസ്റ്റഡിയിൽ എടുത്തത്.

ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം രൂക്ഷമായിരുന്നു. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ഫ്രറ്റേണിറ്റിയും മലപ്പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പോക്‌സോ റെജിസ്റ്റർ ചെയ്‌തെങ്കിലും ശശികുമാറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടിരുന്നില്ല. ഇതിനിടെ ഇയാൾ ഒളിവിലും പോയി. അമ്പതോളം വിദ്യാർത്ഥികളാണ് ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പരാതി നൽകിയത്.

30 വർഷത്തെ സർവീസിൽ ഒട്ടനേകം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണം ആണ് അദ്ധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അദ്ധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്‌കൂൾ മാനേജ്‌മെന്റ് അദ്ധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.

'30 വർഷത്തോളം കാലം ഈ അദ്ധ്യാപകൻ സ്‌കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. എത്ര കുട്ടികളെ ഇക്കാലത്തിനിടയിൽ ഇയാള് ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറയാൻ ആകില്ല. പരാതിയുമായി ടീച്ചർമാരുടെ അടുത്ത് ചെന്നാൽ കൊഞ്ചാനും കുഴയാനും പോകേണ്ട എന്ന മറുപടി ആണ് കുട്ടികൾക്ക് കിട്ടാറുള്ളത്. എന്തുകൊണ്ടാണ് സ്‌കൂള് മാനേജ്‌മെന്റ് ഈ അദ്ധ്യാപകനെ സംരക്ഷിച്ചു കൊണ്ടിരുന്നത്. 'കൂട്ടായ്മയുടെ ഭാഗമായ അഡ്വ. ബീന പിള്ള ചോദിച്ചു.

2019 ൽ പോലും കൊടുത്ത പരാതിയും എത്തിക് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും ടിയാന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ട്. അദ്ധ്യാപനം എന്ന പ്രവർത്തിയുടെ മാന്യത കാത്തു സൂക്ഷിക്കാതെ, അദ്ധ്യാപകനാണെന്നുള്ള മറവിലാണ് ടിയാൻ പെൺകുട്ടികളെ വര്ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിട്ടുള്ളത്.

സമൂഹത്തിൽ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് അധികാരികൾ പെൺകുട്ടികളെ സംരക്ഷിക്കാതെ ശശികുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. മാത്രവുമല്ല ശശികുമാർ പലവിധത്തിലും സമൂഹത്തിലും മറ്റു ഉയർന്ന തലങ്ങളിലും വളരെയധികം സ്വാധീനമുള്ള ആളും ആണ് പരാതി പറഞ്ഞാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൂട്ടായ്മ മലപ്പുറം ഡി.പി.ഒ ക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി ശശികുമാറിനെതിരെ പോക്‌സോ രജിസ്റ്റർ ചെയ്‌തെങ്കിലും ഒളിവിൽ പോയ ഇയാളെ ഇത് വരെ പിടികൂടാൻ കഴിയാതെ വന്നതോടെ പൊലീസ് ഒത്തു കളിക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. അതേസമയം സംഭവത്തിൽ ശശികുമാറിനെ സംരക്ഷിക്കില്ല എന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. നേതൃത്വം ശശികുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തു. വിഷയം യുഡിഎഫ് ആയുധമാക്കിയതോടെയാണ് പൊലീസ് അറസ്റ്റു നടപടികളിലേക്കും കടന്നത്.