കൊല്ലം: ലൈംഗിക പീഡകൻ വൈദികന് കഠിന തടവ്. വൈദിക പഠനത്തിനെത്തിയ കൗമാരക്കാരായ വിദ്യാർത്ഥികളെയാണ് ഇയാൾ ഇരയാക്കിയിരുന്നത്. 2017 ൽ കേസിൽ പിടിക്കപ്പെട്ട ഇയാൾ ആദ്യം പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് മധുരയിൽ നിന്ന് പിടിയിലായ ഇയാളെ ഇന്നലെയാണ് കോടതി ശിക്ഷിച്ചത്. 18 വർഷമാണ് കഠിനതടവ്.

കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളം എന്ന ബിജുവിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവർഷം വീതവും ഒരു കേസിൽ മൂന്ന് വർഷവും ഉൾപ്പടെ 18 വർഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി വിദ്യാർത്ഥികൾക്ക് നൽകാനും ജില്ല ലീഗൽ സർവിസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി (പോക്സോ) കെ.എൻ. സുജിത്താണ് വിധി പ്രഖ്യാപിച്ചത്.

2016ൽ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ പൊലീസ് അന്വേഷണം നടത്തി ഇൻസ്പെക്ടർ ഷെനു തോമസ് കുറ്റപത്രം നൽകി.

അന്വേഷണവേളയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ മധുര ഉസിലാപെട്ടിയിലുള്ള എസ്.ഡി.എം സന്യാസ സമൂഹത്തിന്റെ പ്രത്യേക കേന്ദ്രത്തിൽ നിന്നുമാണ് പിടികൂടിയത്. പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരി, വെണ്ടാർ മൂഴിക്കോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലെ വികാരിയായിരുന്നു കാസർകോട് ചീമേനിയിലെ പാറേക്കുളം തോമസ് എന്ന ബിജു.

പള്ളിയുടെ രണ്ടാം നിലയിൽ വച്ചായിരുന്നു കൂടുതൽ ദിവസങ്ങളിലും പ്രകൃതി വിരുദ്ധ പീഡനങ്ങൾ നടത്തിയിരുന്നത്. രാത്രികാലങ്ങളിൽ കുട്ടികളെ ഓരോരുത്തരെയായി കൂടെ കൂട്ടിന് കിടക്കാനായി കൊണ്ടുപോയായിരുന്നു പീഡനം. പള്ളിയിലെ കപ്യാരെ പുത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം പുല്ലാമലയിൽ പ്രവർത്തിക്കുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനുമാണ്.

ഇവിടെ വൈദിക പഠനത്തിനെത്തിയ വിദ്യാർത്ഥികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഒരുപാട് കുട്ടികൾ ആദ്യം ഇവിടെ പഠിക്കാൻ ഉണ്ടായിരുന്നുവെങ്കിലും വികാരിയുടെ പീഡനങ്ങളെ തുടർന്ന് കൊഴിഞ്ഞുപോവുകയായിരുന്നു. 2016 ജൂലായ് മാസത്തിലാണ് പാതിരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.