മുസാഫറാബാദ്: പാക് അധിനിവേശ കാശ്മീരിലെ നാട്ടുകാർ ഇന്ത്യയുടെ സഹായം തേടുന്ന മറ്റൊരു സംഭവം കൂടി. മുസാഫറാബാദിൽ നിന്നുള്ള മാലിക് വാസിമാണ് പാക് അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരതകൾ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായത്തിന് അഭ്യർത്ഥിച്ചത്. തന്നെയും, ഭാര്യയെയും കുട്ടികളെയും ഭരണകൂടം വീട്ടിൽ നിന്ന് പുറത്താക്കിയെന്നും, മരം കോച്ചുന്ന തണുപ്പിൽ പുറത്ത് പകലും രാത്രിയും കഴിക്കുകയാണെന്നും മാലിക് പറയുന്നു. പ്രധാനമന്ത്രി ഇടപെട്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ വൈറലായി.

' പൊലീസും മറ്റ് അധികാരികളും ഞങ്ങളുടെ വീട് പൂട്ടി സീൽ വച്ചു. എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ, മുസാഫറാബാദ് കമ്മീഷണറും, തഹസീൽദാറും ആയിരിക്കും ഉത്തരവാദികൾ'- തെരുവിൽ ഇരുന്ന് കൊണ്ട് മാലിക് വാസിം പറയുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ സ്വത്തുക്കൾ ഇന്ത്യയുടേയും സിഖുകാരുടേതുമാണെന്നാണ് മാലിക്കിന്റെ വാദം. വീട് തുറന്നുതരണം. അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടേണ്ടിവരും. ഇവരെ ഒരു പാഠം പഠിപ്പിക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം വേണം. ഈ ക്രൂരതയിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ്, വിഡിയോയിൽ മാലിക് വാസിം പറയുന്നു.

മാലിക് വാസിമിന്റെ ഭൂമി സ്വാധീനമുള്ള ഒരു വ്യക്തി പൊലീസിന്റെ ഒത്താശയോടെ പിടിച്ചെടുത്തു എന്നാണ് വാർത്ത. ഇതിനെ തുടർന്നാണ് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയത്. തന്നെ പോലെ തന്നെ ആയിരക്കണക്കിന് പൗരന്മാരെ ഇതുപോലെ പുറത്താക്കി തെരുവിൽ കഴിയാൻ നിർബന്ധിതരാക്കിയെന്നും മാലിക് വാസിം വീഡിയോയിൽ പറയുന്നു.

എന്തുനിയമപ്രകാരമാണ് തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കി തെരുവിലേക്ക് തള്ളി വിട്ടത്? രണ്ടുമണിക്കൂറിനകം വീട് തിരിച്ചുതന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും അതിന് കമ്മീഷണർ ആയിരിക്കും ഉത്തരവാദി എന്നും മാലിക് വാസിം പറഞ്ഞു. മുസാഫറാബാദിലെ പൊലീസ് ട്രെയിനിങ് സ്‌കൂളിന് സമീപമാണ് ഈ സ്ഥലമെന്ന് വീഡിയോയിൽ സൂചനയുണ്ട്. പാക് അധിനിവേശ കശ്മീരിൽ ഇത്തരം പരാതികൾ പതിവാണ്. പ്രതിഷേധങ്ങളും അരങ്ങേറുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവായിരിക്കുന്നു.