- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗ്ഗീയ സംഘർഷങ്ങൾക്കെതിരെ കർശന ജാഗ്രതയുമായി കേരളപൊലീസ്; നടപടികളിൽ പൊലീസുകാർക്കും കർശന നിർദ്ദേശം;ഗുണ്ടാ ബന്ധമുള്ള പൊലീസുകാർക്കെതിരെ കേസെടുക്കണം';പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണമെന്നും ഡിജിപി
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. മതസ്പർദ്ധയും സാമുദായിക സംഘർഷവും വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങിൽ അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി ക്രൈം റിവ്യൂ മീറ്റിങിൽ അനിൽകാന്ത് വിലയിരുത്തി. ഗുണ്ടകളെ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവർത്തനത്തെത്തുടർന്ന് നിരവധി ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.ജില്ലാതലത്തിലെ സംഘത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ ചെലുത്തണം.
മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാൻ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും ഡിജിപി പറഞ്ഞു.പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണം. ഒരുതരത്തിലുമുള്ള അഴിമതിയിലും പൊലീസ് ഉദ്യോഗസ്ഥർ പങ്കാളികൾ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാരും മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു.
പോക്‌സോ കേസുകൾ, കൊലപാതകം ഉൾപ്പെടെയുള്ള ക്രൈം കേസുകൾ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി.അതോടൊപ്പം സംസ്ഥാനത്തെ ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി പറഞ്ഞു. ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോൾ ചില ഉദ്യോഗസ്ഥർക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി. എസ്‌പിമാർ മുതൽ എഡിജിപിമാർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ