ഭോപ്പാൽ: മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ സമരം ചെയ്ത കർഷകരെ വിവസ്ത്രരാക്കി ഇരുത്തി പൊലീസ്. ചൊവ്വാഴ്ച നടന്ന സംഭവം വിവാദമായതോടെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതോടെ പ്രശ്‌നത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ഒരു സംഘം കർഷകരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനിലിരുത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിച്ചതോടെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഓഫീസിന് മുന്നിലാണ് കർഷകർ സമരം ചെയ്തത്. സമരം പൊലീസ് തടഞ്ഞതോടെ സംഘർഷമായി. കർഷകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

കർഷകരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈയിൽ ചുരുട്ടിപിടിച്ച വസ്ത്രവുമായി കർഷകർ പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് അധികൃതരോട് നിർദേശിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.

തുടർന്ന് കർഷകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും വിവസ്ത്രരാക്കി ഇരുത്തുകയുമായിരുന്നുവെന്ന് കർഷകർ പറഞ്ഞു. നാല് മണിക്കൂറോളം ഇവരെ കസ്റ്റഡിയിൽ ഇരുത്തി. 'കർഷകരെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനെത്തിയവരോടായിരുന്നു പൊലീസിന്റെ ക്രൂരത. മാർച്ച് പൊലീസ് തടയുകയും കളക്ടർക്ക് നിവേദനം നൽകാൻ മൂന്നു പേർക്ക് അനുമതി കിട്ടിയതായും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുനാൽ ചൗധരി പറഞ്ഞു.

എന്നാൽ നിവേദനം സ്വീകരിക്കാൻ കളക്ടർ കൂട്ടാക്കിയില്ലെന്നും യാതൊരു പ്രകോപനവും കൂടാതെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നുവെന്ന് കുനാൽ ആരോപിക്കുന്നു. പൊലീസുകാർ മനഃപൂർവം കർഷകരെ അപമാനിക്കുകയും ആക്ഷേപിക്കുകയുമായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സമരം സംഘടിപ്പിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് കോൺഗ്രസാണെന്ന് ബിജെപിയും ആരോപിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ഒരു തരത്തിലുള്ള സമരത്തെയും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.