തൃശൂർ: സഹകരണ മേഖലയിലെ തട്ടിപ്പുകൾ കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ് കേരളം. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. വായ്പാ തട്ടിപ്പുകൾ നടത്തുന്നവരുടെ ഇടപെടലുകളാണ് കരുവന്നൂരിനെ കുത്തുപാള എടുപ്പിച്ചതും നിക്ഷേപകരെ വഞ്ചിച്ചതും. ഇത്തരം തട്ടിപ്പുകൾ തടയിടാൻ സഹകരണ നിയമ പ്രകാരമുള്ള നടപടികൾ മാത്രം പോരെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയിട്ടുണ്ട്. പുതിയ പശ്ചാത്തലത്തിൽ സഹകരണ രംഗത്തെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളെല്ലാം പൊലീസിന് റിപ്പോർട്ടു ചെയ്യാൻ സർക്കാർ നിർദേശിച്ചു.

വ്യാജരേഖ ചമച്ചു വായ്പ തട്ടുന്നതു മുതൽ കള്ളലേലം വരെയുള്ള ഭീമൻ തട്ടിപ്പുകൾ സഹകരണ മേഖലയെ ഉലയ്ക്കുന്നതു കണക്കിലെടുത്തു കർശന നടപടികൾക്കു സർക്കാർ നിർദ്ദേശം. ക്രിമിനൽ സ്വഭാവമുള്ള എല്ലാ തട്ടിപ്പുകളും പൊലീസിനു റിപ്പോർട്ട് ചെയ്യണമെന്നും വകുപ്പുതല അന്വേഷണമെന്ന പേരിൽ പൂഴ്‌ത്തിവയ്ക്കാൻ പാടില്ലെന്നും സഹകരണ വകുപ്പിനു സർക്കാർ നിർദ്ദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണനിയമപ്രകാരമുള്ള അന്വേഷണം മാത്രം നടത്തി ശുപാർശകൾ മുക്കുന്ന ഏർപ്പാട് ഇനി എളുപ്പമാകില്ലെന്നാണു സൂചന.

കരുവന്നൂരിലേതടക്കം അടുത്തിടെ പുറത്തുവന്ന സഹകരണ ബാങ്ക് ക്രമക്കേടുകളിലേറെയും ക്രിമിനൽ സ്വഭാവത്തിലുള്ളവയാണെന്നു വ്യക്തമായിരുന്നു. വ്യാജ നിക്ഷേപരേഖ ചമച്ചു വായ്പകൾ പാസാക്കൽ, നിയമനത്തട്ടിപ്പ്, വ്യാജ ഈടു രേഖകൾ ചമച്ചു വായ്പ നൽകൽ, സഹകരണ വ്യാപാര കേന്ദ്രങ്ങളിലെ സ്റ്റോക്ക് രജിസ്റ്റർ തിരുത്തി പണം തട്ടൽ, നിയമം ലംഘിച്ചു ലേലം നടത്തൽ, സോഫ്റ്റ്‌വെയറിൽ തട്ടിപ്പു കാണിച്ചു പണം മോഷ്ടിക്കൽ, ഉപഭോക്താവിൽ നിന്നു പണം വാങ്ങി വായ്പ ഇളവുചെയ്തു നൽകൽ തുടങ്ങിയ തട്ടിപ്പുകൾ നടക്കുന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവയെല്ലാം ക്രിമിനൽ സ്വഭാവമുള്ളവയാണ്. ഇത്തരം കേസുകളിൽ സഹകരണ നിയമത്തിലെ 65,66 വകുപ്പുകൾ പ്രകാരമുള്ള അന്വേഷണമാണു പതിവ്. എന്നാൽ, പൊലീസിനു റിപ്പോർട്ട് നൽകാത്തതുമൂലം ഇവ ക്രിമിനൽ കേസുകളായി മാറാറില്ല. സഹകരണ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിലെ ശുപാർശകൾ പൂഴ്‌ത്തിച്ചു തട്ടിപ്പുകാർ രക്ഷപ്പെടുകയും ചെയ്യും. ഇനിയിതു ചെയ്യരുതെന്നാണു കർശന നിർദ്ദേശം. 68എ വകുപ്പുപ്രകാരം സഹകരണ വിജിലൻസ് അന്വേഷിക്കണമെന്നും പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്. പൊലീസ് കേസെടുക്കുയും ക്രിമിനൽ നടപടിക്രമങ്ങളനുസരിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്യും.

അടുത്തകാലത്തായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പുതിയ അന്വേഷണ വിഭാഗത്തിന് കേരളാ പൊലീസ് രൂപം നൽകിയിരുന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയുടെ നേതൃത്വത്തിലും നോർത്ത്, സൗത്ത് മേഖലകളിൽ ഡിഐജിമാരുടെ നേതൃത്വത്തിലും നാല് റേഞ്ചിൽ എസ്‌പിമാരുടെ നേതൃത്വത്തിലും മുതിർന്ന ഉദ്യോഗസ്ഥർ പുതിയ അന്വേഷണ വിഭാഗത്തെ നിയന്ത്രിക്കുന്ന വിധത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഘടന. ഇതും സാമ്പത്തിക തട്ടിപ്പു കേസില അന്വേഷണത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 5600 എണ്ണമാണ്. ഭൂരിഭാഗവും തെളിയിക്കപ്പെടാതെ പോയി എന്നാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. സൈബർ സെല്ലോ ക്രൈംബ്രാഞ്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിച്ച് ഒരു തുമ്പും ഇല്ലാതെ തെളിയിക്കപ്പെടാതെ പോയ കേസുകകൾ ഒട്ടനവധിയാണ്. ഇത്തരം കേസുകൾ അന്വേഷിക്കാനായി കേരള പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സജ്ജമാക്കിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത്. 226 തസ്തികകൾ ഈ വിഭാഗത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.