- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനെ പിടിക്കാൻ ഓടി പൊലീസുകാരന്റെ കാലൊടിഞ്ഞു; ഒടുവിൽ മോഷ്ടാവിനെ നാട്ടുകാർക്ക് പിടിക്കേണ്ടി വന്നു! റാന്നിയിൽ നിന്നൊരു കള്ളനും പൊലീസും കഥ
പത്തനംതിട്ട: ചില്ലറ മോഷണം നടത്തുന്ന മോഷ്ടാവ് ചില്ലറക്കാരനായിരിക്കുമെന്നു കരുതിയ പൊലീസിനു തെറ്റി. കസ്റ്റഡിയിൽനിന്ന് ചാടിയോടിയ മോഷ്ടാവിന് പിന്നാലെ ഓടിയ പൊലീസുകാരൻ ഉരുണ്ടു വീണു കാലൊടിഞ്ഞു. കാലൊടിഞ്ഞ പൊലീസുകാരനെ ശുശ്രൂഷിക്കുന്നതിനിടെ കള്ളൻ പമ്പ കടന്നു. ഒടുക്കം നാട്ടുകാർ കൂടി ചേർന്ന് കള്ളനെ പിടിച്ചതു കൊണ്ട് പൊലീസിന്റെ മാനം പോയി
പത്തനംതിട്ട: ചില്ലറ മോഷണം നടത്തുന്ന മോഷ്ടാവ് ചില്ലറക്കാരനായിരിക്കുമെന്നു കരുതിയ പൊലീസിനു തെറ്റി. കസ്റ്റഡിയിൽനിന്ന് ചാടിയോടിയ മോഷ്ടാവിന് പിന്നാലെ ഓടിയ പൊലീസുകാരൻ ഉരുണ്ടു വീണു കാലൊടിഞ്ഞു. കാലൊടിഞ്ഞ പൊലീസുകാരനെ ശുശ്രൂഷിക്കുന്നതിനിടെ കള്ളൻ പമ്പ കടന്നു. ഒടുക്കം നാട്ടുകാർ കൂടി ചേർന്ന് കള്ളനെ പിടിച്ചതു കൊണ്ട് പൊലീസിന്റെ മാനം പോയില്ല.
റാന്നി സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. മോഷണക്കേസിൽ ഉൾപ്പെട്ടതെന്നു കരുതി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽനിന്നും ഓടുകയായിരുന്നു. പിന്തുടർന്ന പൊലീസ് അര കിലോമീറ്റർ അകലെ വച്ച് പ്രതിയെ പിടികൂടിയെങ്കിലും ഓട്ടത്തിനിടയിൽ ഒരു പൊലീസുകാരന്റെ കാൽ ഒടിഞ്ഞു. രക്ഷപെടാനുള്ള ശ്രമത്തിനിടിയിൽ പ്രതിക്കും നിസാര പരുക്കേറ്റു.
ജൂലൈ അഞ്ചിന് ഇടമൺ വാകത്താനം ഹോളി ഫാമിലി ലത്തീൻ കത്തോലിക്കാ പള്ളിയുടെ പാഴ്‌സനേജിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇടമൺ സ്വദേശി സജി (36) ആണ് രക്ഷപെടാൻ ശ്രമിച്ചത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിൽ സിവിൽ പൊലീസ് ഓഫീസർ മാത്യു (41) വിന്റെ കാലിനാണ് ഒടിവുണ്ടായത്. ഇദ്ദേഹത്തെ റാന്നി മർത്തോമ്മാ ആശുപത്രിയിലും പ്രതിയെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
കെ.സി.ബി.സി പട്ടികജാതി/വർഗ കമ്മിഷന്റെ പണമാണ് ഇടമൺ വാകത്താനം പള്ളി പാഴ്‌സനേജിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. രാത്രി പള്ളി വികാരി ജോസഫ് കുറ്റിക്കാട്ടിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മോഷണം. പാഴ്‌സനേജിന്റെ അടുക്കള വാതിൽ പൊളിച്ചു കടന്ന കള്ളൻ അലമാരയിൽ നിന്നും അയ്യായിരം രൂപയും, പുനലൂർ ഇളമ്പലിലുള്ള ബിഷപ്പും വാകത്താനം പള്ളി വികാരിയും ഒപ്പിട്ടു സൂക്ഷിച്ചിരുന്ന 62000 രൂപയുടെ ചെക്കുമാണ് അപഹരിച്ചത്.
വികാരിയും ബിഷപ്പും ബാങ്കിൽ വിവരം അറിയിക്കുന്നതിനു മുമ്പായി മോഷ്ടാവ് പിറ്റേന്നു രാവിലെ പത്തിനു തന്നെ ഫെഡറൽ ബാങ്ക് വടശേരിക്കര ശാഖയിലെത്തി ചെക്കു പ്രകാരമുള്ള തുക പിൻവലിച്ചിരുന്നു. ബാങ്കിലെ സി.സി.ടി.വി കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇടമൺ സ്വദേശി സജിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം നാലോടെ പ്രതിയെ ഇടമൺ പള്ളിയിൽ എത്തിച്ചു വികാരിയെ കാണിച്ച ശേഷം റാന്നി സ്റ്റേഷനിൽ തിരിച്ചെത്തിക്കുമ്പോഴായിരുന്നു രക്ഷപെടാനുള്ള ശ്രമം.
എസ്.ഐ സാം ടി. സാമുവേൽ, മാത്യു അടക്കം രണ്ടു പൊലീസുകാർ, ഡ്രൈവർ എന്നിവരായിരുന്നു പ്രതിയോടൊപ്പം ഉണ്ടായിരുന്നത്. സ്റ്റേഷൻ മുറ്റത്ത് പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ മുൻവശത്തെ പടികൾ വഴി ഓടി തോട്ടമൺ ഭാഗത്തേക്കു രക്ഷപെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ഓട്ടത്തിലാണ് മാത്യുവിന്റെ കാലിന് ഒടിവേറ്റത്. ഡ്യൂട്ടിയിലുണ്ടായിരുന്നതും ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നതുമായ മുഴുവൻ പൊലീസുകാരും വിവരം അറിഞ്ഞ നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മുക്കാൽ മണിക്കൂറിനു ശേഷം പ്രതിയെ റാന്നി തോട്ടമൺ കരയോഗം കെട്ടിട ഭാഗത്തു വച്ച് പിടികൂടാനായത്.