ചെന്നൈ: മലയാളത്തിൽ സൂപ്പർഹിറ്റായ പറക്കും തളികയുടെ തമിഴ് റീമേക്കായ സുന്ദര ട്രാവൽസിലെ നായികയെ ഫോണിലൂടെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തമിഴ് നടി രാധയാണ് ഫോണിലൂടെ വധഭീഷണി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രശസ്ത നിർമ്മാതാവ് മുനിവെലിന്റെ ഡ്രൈവറായ ആന്തണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നടിക്ക് വിവാഹിതനായ നിർമ്മാതാവ് മുനിവെലുമായി പ്രണയ ബന്ധമുണ്ടെന്നും, മുനിവെലിൽ നിന്ന് അകന്ന് പോയില്ലെങ്കിൽ കൊല്ലും എന്നുമായിരുന്നു ഭീഷണി. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലെ തടവുകാരൻ എന്ന വ്യാജേനയാണ് ഇയാൾ രാധയെ ഫോണിൽ വിളിച്ചത്. രാധയുമായി മുനിവേൽ അവിഹിത ബന്ധം തുടരുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണെന്നും ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലി അവർ പതിവായി കരയാറുണ്ടെന്നും ആന്തണി പൊലീസിനോട് പറഞ്ഞു. ഇതിനാലാണ് നടിയെ ഭീഷണിപ്പെടുത്തിയതെന്നും ആന്തണി വ്യക്തമാക്കി.

ഓഗസ്റ്റ് 21ന് രാധ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുഴൽ ജയിലിലെ മുഴുവൻ ബ്ലോക്കുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഭീഷണി കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് ജയിലിൽ നിന്നല്ല എന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യാഥാർത്ഥ പ്രതിയെ തിരിച്ചറിയാനായത്. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും രാധ പൊലീസിന് കൈമാറിയിരുന്നു. വാട്ട്‌സാപ്പിൽ ലഭിച്ച സന്ദേശം തെളിവായി നടി പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കി. തനിക്കു സംരക്ഷണം വേണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

വർഷങ്ങൾക്കു മുമ്പ് ഫൈസുൽ എന്നയാൾ ചതിച്ചു എന്നു പറഞ്ഞ് നടി പൊലീസിൽ പരാതി നൽകിരുന്നു. ആറുമാസം ഒരുമിച്ച് ജീവിച്ച് ഫൈസുൽ ശേഷം പിന്നീട് തന്റെ സ്വകാര്യ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇപ്പോൾ വരുന്ന ഭീഷണിക്കു പിന്നിലും ഫൈസുൽ ആണെന്നു രാധ ആരോപിച്ചിരുന്നു. അതിനിടെയാണ് നിർമ്മാതാവിന്റെ ഡ്രൈവർ പിടിയിലായത്.