- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിൽ; ഫസ്നയെ കസ്റ്റഡിയിൽ എടുത്തത് വയനാട്ടിൽ നിന്നും; കൊലപാതകത്തെ കുറിച്ച് യുവതിക്ക് അറിവുണ്ടായിരുന്നതായി പൊലീസ്; തെളിവു നശിപ്പിക്കാനും കൂട്ടുനിന്നു
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു. വയനാട് സുൽ്ത്താൻ ബത്തേരിയിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തത്. ഇവർക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നുണ്ട്. ഷാബാ ഷെരീഫിനെ വീട്ടിൽ വെച്ച് നിരന്തരം പീഡിപ്പിച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇതേകുറിച്ച് കൃത്യമായ അറിവ് ഭാര്യ ഫസ്‌നക്ക് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
മൈസൂർ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്‌റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മർദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.
മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്റഫ് കൂട്ടുകാരുടെ സഹായം തേടി. ഇവർക്ക് പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. 2022 ഏപ്രിൽ 24ന് ഈ കൂട്ടുപ്രതികളും ഷൈബിൻ അഷ്റഫിനെ ബന്ദിയാക്കി പണം കവർന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാൻ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവർച്ചയ്ക്ക് പിന്നിൽ. കവർച്ചയിൽ പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചു. ഇതോടെ കവർച്ചക്കേസിലെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും ഷൈബിനിൽനിന്ന് വധഭീഷണി ഉണ്ടെന്നും ഇവർ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതക രഹസ്യം ഇവർ വെളിപ്പെടുത്തി. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. മുഖ്യ പ്രതി ഷെബിൻ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാൽ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീൻ, നൗഷാദ് , നിലമ്പൂർ സ്വദേശി നിഷാദ് എന്നിവർ അറസ്റ്റിലായി. കേസ് ജയിക്കുമെന്നാണ് മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഇപ്പോഴും പറയുന്നത്. തെളിവെടുപ്പിന് ശേഷം മടക്കി ക്കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ