കൊച്ചി: ഒന്നാംകഌസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത സ്‌കൂൾ ബസ് ഡ്രൈവർ പൊലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് നട്ടെല്ലുതകർന്ന് ആശുപത്രിയിൽ. ഇടക്കൊച്ചി സലീംകുമാർ റോഡിൽ കേളമംഗലത്ത് വീട്ടിൽ കെ.എസ്. സുരേഷ് കുമാർ (45) ആണ് ഹാർബർ പൊലീസ് സ്റ്റേഷനിൽവച്ച് കൊടിയ പീഡനം നേരിടേണ്ടിവന്നത്. സ്‌കൂളിലെ ഡ്രൈവറായ സുരേഷ് ഓടിക്കുന്ന ബസ്സിൽ യാത്രചെയ്യുന്ന ആറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് കേസെടുത്താണ് ഹാർബർ എസ്‌ഐ ജോസഫ് സാജന്റെ നേതൃത്വത്തിൽ യുവാവിനെ അറസ്റ്റുചെയ്തത്.

യുവാവിന്റെ സ്ഥിതി നേരിട്ടുകാണുകയും മൊഴിയെടുക്കുകയും ചെയ്ത പൊലീസ് കംപഌയിന്റ്‌സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് നാരായണക്കുറുപ്പ് യുവാവിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ അസ്ഥി രോഗ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്. സുരേഷിനെ പൊലീസ് വഴിയിൽ നിന്ന് ജീപ്പിൽ കയറ്റുമ്പോൾ കുട്ടിയുടെ അച്ചൻ അഭിഷേകും വണ്ടിയിൽ ഉണ്ടായിരുന്നു. തുടർന്ന് കൊച്ചി ഹാർബർ സ്റ്റേഷനിലെത്തിച്ചശേഷം ക്രൂരമായ മർദ്ദനമാണ് നടന്നത്.

സുരേഷിനെ മുട്ടുകാലിൽ നിർത്തി വലിച്ചിഴച്ചു. കുനിച്ച് നിർത്തി തല കാലുകൾക്കിടയിൽ വച്ച് പുറത്ത് മുട്ടുകൈ കൊണ്ട് മുതുകിലും ദേഹത്തും ക്രൂരമായി മർദ്ദിച്ചു. ഇടയ്ക്ക് ചവിട്ടിവീഴ്‌ത്തി. വേദനയോടെ സുരേഷ് നിലവിളിച്ചപ്പോൾ അതിന്റെ പേരിലും ഇടി തുടർന്നു. അവശനായപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു. 'നിനക്ക് ഞങ്ങൾ മൂത്രം തരാം' എന്നായിരുന്നു മറുപടി. പൊലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സുരേഷിന്റെ ഭാര്യ മിനിയും ബന്ധുക്കളും സ്റ്റേഷനുവെളിയിൽ ഇയാളെ വിട്ടുകിട്ടണമെന്നും ഉപദ്രവിക്കരുതെന്നും പൊലീസിനോട് കേണപേക്ഷിച്ചെങ്കിലും അകത്ത് മർദ്ദനം തുടർന്നു.

ബന്ധുക്കളെ അകത്തേക്ക് കയറ്റാനോ സുരേഷുമായി സംസാരിക്കുവാനോ പൊലീസ് അനുമതി നൽകിയില്ല. സുരേഷിന്റെ ഭാര്യ മിനി പുറത്തെത്തുമ്പോൾ പരാതിയുണ്ടെന്ന് പറയുന്ന കുട്ടിയുടെ പിതാവ് അഭിഷേക് പുറത്തേക്കിറങ്ങുകയായിരുന്നു. 'രാജീവ് (പൊലീസുകാരൻ) എന്റെ കൂട്ടുകാരനാ. ആദ്യത്തെ ചവിട്ടിൽ തന്നെ അവന്റെ കാര്യം തീരുമാനമായിട്ടുണ്ട' എന്ന് അയാൾ പറഞ്ഞതായി മിനി പറഞ്ഞു. ഏറെ നേരത്തെ മർദ്ദനം കഴിഞ്ഞ ശേഷം തുടർന്ന് മിനി ബഹളംവച്ച് കരഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായത്.

ഹാർബർ സ്റ്റേഷനിലെത്തിച്ച ശേഷം എസ്.ഐ.മാരായ ജോസഫ് സാജനും പ്രകാശനും കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ രാജീവും ചേർന്നാണ് മർദിച്ച് അവശനാക്കിയതെന്ന് സുരേഷ് പറഞ്ഞു. തല ഇരുകാലുകൾക്കും ഇടയിലൂടെ പുറകോട്ട് വച്ച് കുനിച്ച് നിർത്തിയ ശേഷം പുറത്ത് മുട്ടുകൈ കൊണ്ട് ഇടിയും ചവിട്ടും കൊടുത്തു. നിലവിളിച്ചപ്പോൾ, മൂന്ന് പേരും വീണ്ടും ഇടിച്ചു. നിലത്തിട്ട് ആഞ്ഞു ചവിട്ടി. മുട്ടുകുത്തിച്ച് നിർത്തി വലിച്ചിഴച്ചു. തളർന്ന് വീണപ്പോൾ 'നീ അഭിനയിക്കുകയാണോടാ' എന്നു പറഞ്ഞ് ചീത്ത വിളിച്ചു. പലതവണ മുഖത്ത് ഇടിച്ചു. നെഞ്ചിലും വയറിലും ചവിട്ടി.

കലിതീരുന്നവരെ മർദ്ദനം തുടരുകയായിരുന്നെന്ന് സുരേഷ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരം പൊലീസ് ഇയാളെ തല്ലിച്ചതയ്ക്കുകയും മൂന്നാംമുറയുൾപ്പെടെ പ്രയോഗിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കളും ആരോപിക്കുകയായിരുന്നു. സുരേഷ് ബസ് ഡ്രൈവറായ സ്‌കൂളിലെ വിദ്യാർത്ഥിയെ വീട്ടിലേക്കു പോകുംവഴി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി ടോൾ എത്തുമ്പോഴേക്കും മറ്റുകുട്ടികൾ ഇറങ്ങിപ്പോകുമെന്നും ഇതിനുശേഷം സുരേഷ് കുട്ടിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നുമാണ് ആരോപിക്കപ്പെട്ടത്.

എന്നാൽ ഈ കേസ് പൂർണമായും വ്യാജമായിരുന്നുവെന്നും സുരേഷിനെതിരെ പകപോക്കാനായി പൊലീസിലെ സൗഹൃദംവച്ച് കുട്ടിയുടെ അച്ഛൻ കള്ളക്കേസ് നൽകുകയായിരുന്നുവെന്നും സുരേഷിന്റെ ബന്ധുക്കൾ പറയുന്നു. രണ്ടുവർഷമായി ഇതേ സ്‌കൂളിൽ ജോലിചെയ്യുന്ന സുരേഷിനെതിരെ ഇതിനുമുമ്പ് ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതിയുണ്ടെന്ന് പറഞ്ഞയുടൻ മറ്റുകാര്യങ്ങളൊന്നും അന്വേഷിക്കാതെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മൂന്നാംമുറയ്ക്ക് വിധേയനാക്കുകയുമായിരുന്നു. യുവാവിന് നേരിട്ട ലോക്കപ്പ് മർദ്ദനം നേരിട്ടന്വേഷിച്ച കംപ്‌ളൈന്റ്‌സ് അഥോറിറ്റി സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടത്.

അതേസമയം സ്റ്റേഷനിൽ നടന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും മർദന വീരന്മാരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും തൃക്കാക്കര എസി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി അസി. കമ്മീഷണർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. സംഭവത്തിൽ കൊച്ചി ഹാർബർ എസ്‌ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.