- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ നിന്ന് അടിച്ചുവീഴ്ത്തി സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചു; ആപ്പിളിന്റെ ഐ ഫോൺ എസ്‌ഐ നിലത്തെറിഞ്ഞ് പൊട്ടിച്ചു; വണ്ടിയിൽ നിന്ന് വീണെന്ന് മൊഴി മാറ്റിച്ചു; കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്ന് പരാതി
ആലപ്പുഴ: കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര സ്വദേശി അമൽ ബാബുവിനെയാണ് ഡിസംബർ 31ന് രാത്രിയിൽ കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് മർദിച്ചത്.
പരിക്കേറ്റ അമൽ ബാബുവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചതായും പരാതിയുണ്ട്. ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകൾ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല.
അമലിന്റെ കൈവശം ആപ്പിളിന്റെ ഐ ഫോൺ 12 ഉണ്ടായിരുന്നു. ഈ ഫോൺ എസ്‌ഐ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചതായും അമൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് പൊലീസിന്റെ മറുപടി. പരിക്കേറ്റ അമൽ ബാബുവിനെ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്നും ആരോപണമുണ്ട്. 'വണ്ടിയിൽ നിന്ന് വീണെന്ന് പറയാൻ പൊലീസ് ഭീഷണിപ്പെടുത്തി'.
പുതുവത്സരരാത്രിയിൽ ബൈക്കിൽ സഹോദരിയെ വീട്ടിലാക്കി മടങ്ങി വരും വഴി പൊലീസ് കൈകാണിച്ചിരുന്നു. എന്നാൽ വണ്ടി നിർത്താതെ അമൽ ബാബു പോയി എന്ന് പറഞ്ഞ് പൊലീസ് അടിച്ചു വീഴ്‌ത്തി എന്നാണ് പരാതി. തെറി വിളിച്ചു എന്നു പറഞ്ഞാണ് പൊലീസ് മർദ്ദിച്ചതെന്നും അമൽ ബാബു പറയുന്നു.
എന്നാൽ അമൽ ബാബുവിന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിക്കുന്നു. ഓമിക്രോൺ നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇങ്ങനെ രാത്രി പത്ത് മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കേസെടുത്തിരുന്നുവെന്നും അതല്ലാതെ ആരേയും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
ബൈക്കിൽ നിന്നും അടിച്ചു താഴെ വീഴ്‌ത്തിയ തന്നെ പിന്നെ പുന്നമ്പ്ര സ്റ്റേഷനിലിട്ട് മർദ്ദിച്ചെന്നും പിറ്റേന്ന് വൈദ്യപരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ബൈക്കിൽ നിന്നും വീണ് സംഭവിച്ചതാണെന്ന് പറയണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമൽ പറയുന്നു. പൊലീസ് വേട്ടയാടുമെന്ന ഭീഷണിയിൽ ആണ് മർദ്ദനമേറ്റ കാര്യം ആശുപത്രിയിൽ പറയാതിരുന്നതെന്നും അമൽ പറയുന്നത്. അമലിന്റെ ശരീരത്തിൽ വലത് കൈ ഒഴികെ ബാക്കിയെല്ലാ ഭാഗത്തും സാരമായ പരിക്കേറ്റിട്ടണ്ട്. അമലിനെതിരെ പുന്നമ്പ്ര സ്റ്റേഷനിൽ ഒരു പെറ്റിക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ