തിരുവനന്തപുരം:പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ പലയിടത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യനായ സന്തോഷ് എന്ന അമ്പതുകാരൻ പൊലീസ് പിടിയിലായതോടെ ദക്ഷിണേന്ത്യമുഴുവൻ വ്യാപിച്ചു നിൽക്കുന്ന വ്യാജ റിക്രൂട്ടിങ് തട്ടിപ്പുകാരെ കുരുക്കാൻ പൊലീസ് നീക്കം ശക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ കൊട്ടാരക്കര സ്വദേശി സന്തോഷ് പിടിയിലായത്. നെയ്യാർ ഡാം സ്വദേശിയായ ഒരു യുവാവിനെ കബളിപ്പിച്ച പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സന്തോഷ് കുടുങ്ങുന്നത്. സിറ്റി റൂറൽ-ഷാഡോ പൊലീസ് ടീമും നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് അന്വേഷണം നടത്തിയത്.

മിലിട്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം യുവാക്കളിൽ നിന്ന് ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ തട്ടിപ്പ് നടത്തിയെന്ന് പരാതികളും ജോലിതട്ടിപ്പിനിരയായ മൂന്നുയുവാക്കളുടെ പിതാക്കന്മാർ ആത്മഹത്യചെയ്ത സംഭവങ്ങളിലെ കേസുകളും ഇയാൾക്കെതിരെ ഉണ്ട്. ഇതിന് പുറമെ നിരവധി പേരെ തട്ടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏറെക്കാലമായി ഇത്തരം തട്ടിപ്പുസംഭവങ്ങളിൽ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് തട്ടിപ്പ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സന്തോഷ്. അറസ്റ്റ് വിവരം അറിഞ്ഞ് വിവിധ ജില്ലകളിൽ നിന്നും പരാതി പ്രവാഹമാണ്. ഇയാളുടെ മുഖ്യ കൂട്ടുകാരിയും ഇത്തരം തട്ടിപ്പുകളിൽ പ്രധാന ഇടനിലക്കാരിയുമായ ഗീതാറാണിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ് .

സന്തോഷിനെ ചോദ്യം ചെയ്തതിൽ ഇവർ സ്ഥിരമായി തങ്ങുന്ന ചിലയിടങ്ങൾ വെളിവായിട്ടുണ്ട്. അവിടെ കർണാടക പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തും. ത്യശൂർക്കാരായ പ്രതികളെയും വലയിലാക്കിയതായി ഡിവൈഎസ്‌പി ബിജുമോൻ അറിയിച്ചു. സന്തോഷ് അറസ്റ്റിലായതോടെ വിവിധ ജില്ലകളിൽ നിന്നും ഇത്തരം പുതിയ തട്ടിപ്പുകളുടെ വിവരങ്ങളും എത്തുന്നുണ്ട്. നെയ്യാർഡാം സ്റ്റേഷനിൽ കരുനാഗപ്പള്ളിയിൽ നിന്നും കോഴിക്കോട്ടു നിന്നും പരാതികൾ വരുന്നുണ്ട്. അറസ്റ്റിന് പിന്നാലെ റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.

സംസ്ഥാനത്തിൽ ഉടനീളവും അയൽ സംസ്ഥാനത്തും വേരുറപ്പിച്ച വൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്റ്റിലായതോടെ ഇതിനു പിറകിലെ റാക്കറ്റ് വെളിവാകുമെന്നാണ് സൂചന. സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി പറ്റിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിനു പുറമേ ആർമിയുടെ രഹസ്യ വിഭാഗത്തിന്റെ അന്വേഷണവും ഉണ്ടാവും. ഇത്തരത്തിൽ ഒരു വൻ റാക്കറ്റ് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്നതായി നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. ഇതോടെ കൂടുതൽപേരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും.

കൊട്ടാരക്കര സ്വദേശിയായ സന്തോഷ് പിഡിസി പാസായ ശേഷം കംപ്യൂട്ടർ പഠിച്ച് അതിൽ ഡിപ്ലോമ നേടി. തുടർന്ന് നാട്ടിൽ കേസിൽ കുടങ്ങി നിൽക്കവെയാണ് ആർമിയുടെ സപ്ലൈകോർപ്പിൽ പണി കിട്ടുന്നത്. എന്നാൽ ഒരു അപകടം പറ്റിയതിനെ തുടർന്ന് കിടപ്പിലായി. തുടർന്ന് ജോലിക്ക് പോകാതെയായി. അതോടെ ആ ജോലി പോയി. ഇതിനിടെ ഇയാൾ കർണാടകയിലെ മംഗലാപുരം സ്വദേശിനിയായ യുവതിയുമായി അടുക്കുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു. തുടർന്ന് മംഗലാപുരത്ത് തന്നെ താമസിക്കവെയാണ് ആർമിയിൽ ചേരാൻ പോകുന്നവർക്ക് കോച്ചിങ് സ്ഥാപനം തുടങ്ങുന്നത്.

മൂന്ന് മാസത്തെ കോച്ചിംഗിന് 25000 രൂപയാണ് ഈടാക്കിയിരുന്നത്. ആർമിയിൽ ജോലിയുണ്ടായിരുന്നതിനാൽ അതിന്റെ വശങ്ങൾ മനസിലാക്കിയിരുന്ന സന്തോഷ് പലരേയും പട്ടാളത്തിൽ ജോലിക്ക് കയറ്റി. ഇതിനിടെയാണ് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിനി ഗീതാറാണി എത്തുന്നത്.

കോച്ചിങ് സെന്ററിൽ പരിശീലനത്തിന് ഒരാളെ കൊണ്ടു വന്ന ഗീതാറാണിയാണ് തട്ടിപ്പിന്റെ വൻ ലോകം തുറന്നിട്ടുകൊടുത്തത്. പട്ടാളത്തിൽ ജോലിക്ക് കയറ്റാമെന്ന് പറഞ്ഞ് നിശ്ചിത തുക വാങ്ങാൻ തീരുമാനിക്കുകയും സാഹചര്യമനുസരിച്ച് ഒന്നേകാൽ ലക്ഷം മുതൽ രണ്ടരലക്ഷം വരെ വാങ്ങിച്ചു. ചിലരെ ജോലിക്ക് കയറ്റി.

ഭൂരിഭാഗം പേരെയും കബളിപ്പിച്ചു പിന്നെ കേരളത്തിലേക്ക് എത്തിയായിരുന്നു റിക്രൂട്ട്‌മെന്റ്. അതിന് ഗീതാറാണിയും ത്യശൂരിലുള്ള രണ്ടുപേരും സഹായികളായി എത്തി. വൻകിട ഹോട്ടലിലാണ് താമസം. ജോലി വാഗ്ദാനത്തിൽപ്പെട്ട് വരുന്നവരെ ഹോട്ടലിൽ കൊണ്ടു വരുന്നത് ഗീതാറാണിയാണെന്ന് സന്തോഷ് പൊലീസിനോട് സമ്മതിച്ചു. വരുന്നവരോട് സന്തോഷ് ക്യാപ്റ്റനാണെന്നും ചിലപ്പോൾ മേജറാണെന്നും പറയും. കൂടിക്കാഴ്ചയിൽ തന്റെ കൈവശമുള്ള ആർമിയുടെ കാർഡുകളും ഉത്തരവുകളും കാണിക്കും. ഔദ്യോഗികമായി എങ്ങിനെയാണോ അപേക്ഷ നൽകേണ്ടത് എന്നു പറയുകയും നിയമനം കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നു പറഞ്ഞ് ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുക്കും.

വ്യാജ പേരുകളിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. പ്‌ളസ് ടു പാസായ യുവാക്കളെ സൈന്യത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് സമീപിക്കുന്ന ഇയാൾ ഇവരിൽ നിന്ന് അഡ്വാൻസ് വാങ്ങുകയും ചെയ്യും. തുടർന്ന് ജോലി കിട്ടാൻ മറ്റൊരു രീതിയുണ്ടെന്നും ഇതിന്റെ പിറകിൽ ആർമിയിലെ ചില ഉയർന്ന ഉദ്യോഗസ്ഥരാണെന്നും അതിന് ഇത്ര രൂപ വേണമെന്നും പറയും. ഇതൊക്കെ കേട്ട് വിശ്വസിക്കുന്നവരോട് പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഗീതാറാണിയെ കാണാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് പണം തട്ടിക്കുന്നത്. പിന്നെ അവിടെ നിന്നും മുങ്ങും. പിന്നെ പൊങ്ങുന്നത് മറ്റൊരു ജില്ലയിലായിരിക്കും. ജോലി കിട്ടാത്തവർ പലരും മാനക്കേട് കാരണം പുറത്തു പറയാത്തത് പ്രതികൾക്ക് വിലസാനും സൗകര്യമായി.

റിക്രൂട്ട് മെന്റിനെന്ന വ്യാജേന സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ കൊണ്ടുപോകുകയും അവിടെ വച്ച് ബാക്കി പണം കരസ്ഥമാക്കി ആഴ്ചകൾക്ക് ശേഷം വ്യാജ നിയമന ഉത്തരവ് നൽകുകയുമായിരുന്നു രീതി. തട്ടിപ്പിനുശേഷം മൊബൈൽ ഫോൺ നമ്പർ മാറ്റി ബംഗളുരുവിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലുകളിലുമായി കഴിയുന്ന ഇയാൾക്കെതിരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ഒരു സംഘം യുവാക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈംബ്രാഞ്ച് അന്വേഷണം തുടർന്നുവരികയാണ്. തട്ടിപ്പ് നടത്തിയ പണം ആഡംബര ജീവിതത്തിനുപയോഗിക്കുകയും പല സ്ഥലങ്ങളിലും വസ്തുവകകളും ഫ്‌ളാറ്റുകളും സമ്പാദിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. നഗരത്തിലെ ഒരു കേന്ദ്രത്തിൽ തട്ടിപ്പിനായി ഇയാൾ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് മഫ്തിയിലെത്തിയാണ് ഇയാളെ കുടുക്കിയത്.

പലപേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പല പേരുകളും പറഞ്ഞു. കേണൽ ഹരിദാസ്, കേണൽ പത്മകുമാർ അങ്ങിനെ പലരും. കബിളിപ്പിക്കപ്പെട്ടവർക്ക് യഥാർഥ പേരും അറിയാത്തത് ഇവർക്ക് ഫലത്തിൽ അനുഗ്രഹമാകുന്നു. കേരളത്തിൽ എവിടെ റിക്രൂട്ട്‌മെന്റ് റാലി എപ്പോൾ നടക്കുമെന്ന് സന്തോഷിന് സമയത്തിന് വിവരം ലഭിക്കുന്നത് അന്വേഷണ വിധേയമാകും. അവിടെ എത്തിയാണ് വാഗ്ദാനം നൽകുന്നതും പണം പറ്റിക്കുന്നതും. വിവിധ സ്റ്റേഷനുകളിലായി 150 ളം പരാതികളാണ് കിടക്കുന്നത്. ഇത് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയുമാണ്. കൊട്ടാരക്കര കോടതിയിൽ അനവധി കേസ്സുകളിൽ വാറണ്ടുമുണ്ട്.