മലപ്പുറം: കേരള ഭരണം മാത്രമല്ല, കേരളാ പൊലീസും അടിമുടി മാറിയിട്ടുണ്ട്. കൈക്കൂലിയെന്ന് കേൾക്കുന്നതേ പൊലീസിന് ഇപ്പോൾ അലർജിയാണ്. കൈക്കൂലിയുമായി ഇനി പൊലീസിനെ സ്വാധീനിച്ചാൽ അറസ്റ്റ് ചെയ്ത് അകത്തിടുമെന്നാണ് താനൂരിലെ സംഭവത്തിലൂടെ പൊലീസ് കാണിച്ചു തരുന്നത്. പൊലീസ് നിലപാട് കടുപ്പിച്ചതോടെ കൈക്കൂലി എത്തിച്ച് ജീവിതം കഴിച്ചിരുന്ന ഇടനിലക്കാർക്കാണ് ഏറെ തിരിച്ചടിയായിരിക്കുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലിയെത്തിച്ചും ചില്ലറ തട്ടിപ്പുകളുമായി നടന്നിരുന്ന ഇടനിലക്കാരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് റിമാൻഡിലടച്ചിരിക്കുകയാണ് താനൂർ പൊലീസ്. അയൽവാസിയുമായുണ്ടായ തർക്കം കേസാക്കാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന അരലക്ഷം തട്ടിയ സംഘത്തിൽപ്പെട്ടവരെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്. കൈക്കൂലിക്കെന്ന പേരിൽ നിരന്തരമായി പണം ആവശ്യപ്പെട്ട് സംഘം പരാതിക്കാരനെ സമീപിച്ചതോടെ ശല്യം സഹിക്കവയ്യാതെ പൊലീസും പരാതിക്കാരനും ചേർന്ന് ഇടനിലക്കാരെ കുരുക്കുകയായിരുന്നു.

അയൽവാസികൾ തമ്മിലുണ്ടായ അടിപിടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേന കുടുംബനാഥനിൽ നിന്ന് അരലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഘത്തിന്റെ തലവനെയാണ് പൊലീസ് തന്ത്രപരമായി ആദ്യം കുടുക്കിയത്. വെള്ളിയാമ്പുറം കിഴക്കെ കോലോത്ത് വീട്ടിൽ വിജയകൃഷ്ണൻ എന്ന ചൊക്കുണ്ണി (42)യെയാണ് താനൂർ സി.ഐ സി. അലവിയും സംഘവും താനൂരിൽ നിന്ന് പിടികൂടിയത്. ചൊക്കുണ്ണിയെ ചോദ്യം ചെയ്തതോടെ സംഘത്തിലെ മറ്റൊരാളായ എ.ആർ നഗർ കൊളപ്പുറം മണ്ടകത്തിൽ വിനീഷി (29)നെയും പൊലീസ് പിടികൂടി.

തട്ടിപ്പിന്നിരയായ തെയ്യാലിങ്ങൽ സ്വദേശി ശേഖരന്റെ സഹായത്തോടെയാണ് മഖ്യ പ്രതി ചൊക്കുണ്ണിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് വിനീഷ്. താനൂർ സിഐ അലവി, എസ്.ഐ സുമേഷ് സുധാകർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വാരിജാക്ഷൻ, സിവിൽ പൊലീസ് ഓഫിസർ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് വിനീഷിനെ കൊളപ്പുറത്തു വച്ച് പിടികൂടിയത്. പണം നഷ്ടമായ തെയ്യാലിങ്ങൽ സ്വദേശി ശേഖരനെ ചൊക്കുണ്ണിക്ക് പരിചയപ്പെടുത്തി നൽകിയത് വിനീഷാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജുലൈയിൽ ശേഖരനും അയൽവാസിയും തമ്മിൽ അടിപിടിയുണ്ടാകുകയും പ്രശ്നം താനൂർ പൊലീസ് സ്റ്റേഷനിൽ രമ്യതയിലെത്തകയും ചെയ്തിരുന്നു. പിന്നീട് ചൊക്കുണ്ണി പരാതിക്കാരനായ ശേഖരനെ സമീപിച്ച് പ്രശ്നം ഒത്തുതീർപ്പായിട്ടില്ലെന്നും പൊലീസ് കേസെടുക്കാൻ ഒരുങ്ങുകയാണെന്നും അറിയിച്ചു. കേസ് എടുക്കാതിരിക്കണമെങ്കിൽ എസ്. ഐ, സി.ഐ, ഡിവൈ.എസ്‌പി എന്നിവർക്ക് പണം നൽകണമെന്ന് പറഞ്ഞു. തുടർന്ന് മൂന്ന് തവണയായി ചൊക്കുണ്ണിയും കൂട്ടാളികളായ താനൂർ ദേവധാർ സ്‌കൂളിനു സമീപം താമസിക്കുന്ന പുന്നക്കൽ അബ്ദുൽറഷീദ് എന്ന ആന റഷീദ്, വിനീഷ് എന്നിവരും ചേർന്ന് 57,000രൂപ കൈക്കലാക്കി. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയുടെ സ്വർണം വരെ പണയപ്പെടുത്തിയാണ് ശേഖരൻ സംഘത്തിന് പണം നൽകിയത്. കഴിഞ്ഞയാഴ്ച 10,000രൂപ കൂടി ആവശ്യപ്പെട്ട് ഇവർ ശേഖരനെ സമീപിച്ചു. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ശേഖരൻ താനൂർ സി.ഐ സി. അലവിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

പണം പൊലീസുകാർക്കല്ല നൽകിയതെന്നും വാങ്ങിയ തുക സംഘം വീതിച്ചെടുക്കുകയുമായിരുന്നെന്നും ശേഖരൻ തിരിച്ചറിഞ്ഞതോടെ തട്ടിപ്പു നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇയാൾ രംഗത്തെത്തി. തുടർന്ന് കേസെടുത്ത പൊലീസ് പണം നൽകാമെന്ന വ്യാജേന ശേഖരനെ കൊണ്ട് ചൊക്കുണ്ണിയെ വിളിപ്പിക്കുകയും താനൂരിലേക്ക് വരുത്തി പിടികൂടുകയുമായിരുന്നു. ചൊക്കുണ്ണിയും അബ്ദുൽറഷീദും തട്ടിപ്പ് കേസുകളിലെ സ്ഥിരം പ്രതികളാണെന്ന് സി.ഐ അലവി പറഞ്ഞു. ഇരുവർക്കുമെതിരെ വേങ്ങര പൊലീസ് സ്റ്റേഷനിലും ചൊക്കുണ്ണിക്കെതിരെ പരപ്പനങ്ങാടിയിലും റഷീദിനെതിരെ പോത്തുകല്ലിലും വെവ്വേറെ കേസുകളുണ്ട്. ശേഖരനിൽ നിന്നും തട്ടിച്ചെടുത്ത പണത്തിലെ വലിയ തുക ചൊക്കുണ്ണി എടുത്ത ശേഷം ബാക്കി വിനീഷിനും കേസിൽ പിടിയിലാകാനുള്ള അബ്ദുൽ റഷീദിനും വീതിച്ചു നൽകുകയായിരുന്നു. കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു.

അതേസമയം പിടിയിലായ ചൊക്കുണ്ണി വർഷങ്ങളായി പൊലീസുകാർക്ക് കൈക്കൂലി നൽകി പങ്ക് പറ്റുന്നതിൽ അതിവിദഗധനാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നായപ്പോൾ പിടികൂടാൻ നിർബന്ധിതരാവുകയായിരുന്നെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ ഉദ്യോഗസ്ഥർ മാറിയതോടെ കൈക്കൂലി ഇടനിലസംഘത്തിന് വേഗത്തിൽ പിടിവീഴുകയുമായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.