കോതമംഗലം: പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധിച്ച പെണ്ണുങ്ങൾക്കെതിരേ അതിക്രമം കാട്ടിയതും പെൺപൊലീസ്. നിയമവിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ പെരുമ്പാവൂരിലെത്തിയ ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ സ്ത്രീകൾക്കുനേരെ നേരെ ഏറ്റവും ക്രൂരമായി പെരുമാറിയത് ഒരു പെൺപൊലീസാണെന്നു വെളിപ്പെടുത്തൽ. പുരുഷപൊലീസുകാരുടെ കാട്ടാളത്തത്തേക്കാൾ ഒരുപടികൂടി മുന്നിലായിരുന്നു പൊലീസുകാരി തങ്ങൾക്കുനേരെ നടത്തിയ അക്രമണമെന്നാന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്ത്രികളുടെ വെളിപ്പെടുത്തൽ.

തങ്ങളുടെ മാറിടത്തിൽ പലവട്ടം ശക്തിയായി അമർത്തുകയും കശക്കുകയും ചെയ്തുവെന്നും പിൻഭാഗങ്ങളിലും നടുവിലും ലാത്തികൊണ്ട് കുത്തിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ചെന്നുമാണ് പൊലീസുകാരിക്കെതിരെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ചിലരുടെ പ്രധാന പരാതി. സംഭവ സ്ഥലത്തുവച്ചും വാഹനത്തിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുംവഴിക്കുമാണ് തങ്ങളെ പൊലീസുകാരി ആക്രമിച്ചതെന്നും ആരുടെയോ നിർദ്ദേശപ്രകാരം കരുതിക്കൂട്ടിയാണ് ഇവർ ഇങ്ങനെ പെരുമാറിയതെന്ന് സംശയിക്കുന്നതായും പരിക്കേറ്റവർ പറഞ്ഞു.

നീതി നിഷേധത്തിനെതിരെ സ്ത്രീകൾകൂടി പങ്കെടുത്ത സമരത്തിൽ ഇത്തരം ആക്രമണവുമായി ഒരു സ്ത്രീതന്നെ രംഗത്തുവരുന്നത് തങ്ങളുടെ അറിവിൽ ഇത് ആദ്യമാണെന്നും ഈ പെൺപൊലീസ് കേരളീയ സ്ത്രീത്വത്തിന് അപമാനമാണെന്നുമാണ് സമരത്തിൽ പങ്കാളികളായ വിവിധ മനുഷ്യാവകാശ സംഘടനകളിലെ വനിതാപ്രവർത്തകരുടെ വിലയിരുത്തൽ.

ആക്രമണത്തെത്തുടർന്നുള്ള നീർക്കെട്ടും വേദനയും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനായി ചികിത്സ തുടരുകയാണെന്നും പൊലീസ് ആതിക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മനുഷ്യവകാശ പ്രവർത്തക സുജ ഭാരതി വ്യക്തമാക്കി. വയറിൽ പൊലീസുകാരന്റെ ചവിട്ടേറ്റിനെതുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അതിനെക്കാൽ വേദനാകരവും ഞെട്ടിക്കുന്നതുമാണ് ഈ പൊലീസുകാരിയുടെ ക്രൂരത. പൊലീസുകാരിയെ തങ്ങൾക്കു തിരിച്ചറിയാനാവുമെന്നും അവർക്കെതിരേ നിയമനടപടികളെടുക്കുമെന്നും സുജാ ഭാരതി അറിയിച്ചു.

കൂടുതൽ വഷളാകാതിരിക്കാനാകണം ഉന്നതർ ഈ പൊലീസുകാരിയെ ഇവിടെനിന്നു മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് സമരരംഗത്തിറങ്ങിയ സ്ത്രികൾക്കുനേരെ ഇതുവരെ ഇത്തരത്തിലൊരു പ്രതികരണം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി കേട്ടറിവില്ലന്നു കൂട്ടായ്മയിൽ പങ്കെടുത്ത സന അറിയിച്ചു.സ്ത്രികളെ ആക്രമിച്ച പൊലീസ് നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായെത്തിയ നാനൂറോളം പേരാണ് പ്രതിഷേധക്കൂട്ടായ്മയിൽ അണിനിരന്നത്. ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട പ്രതിഷേധപോസ്റ്റുകളെ പിൻതുടർന്ന് അണിചേർന്നവരാണ് പെരുമ്പാവൂരിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുക്കാൻ നിരവധി സർക്കാർ ജീവനക്കാരും എത്തിയിരുന്നു. ബാഗളൂർ തുടങ്ങി ദൂരസ്ഥലങ്ങളിൽനിന്നെത്തിയവരാണ് ഈ കൂട്ടായ്മയുടെ ഭാഗമായി പ്രതിഷേധസമരത്തിൽ പങ്കെടുത്തത്.

കേസിൽ വീഴ്ചവരുത്തിയ കുറുപ്പംപടി എസ് ഐ , സി ഐ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.സമരപരിപാടിക്കിടെ പുറമേനിന്നും കല്ലേറുണ്ടായെന്നും കല്ലെറിഞ്ഞവരാരാണെന്നു തങ്ങൾക്കൊപ്പമുണ്ടായിരുന്നവർ പൊലീസിനെ ചൂണ്ടിക്കാണിച്ചെന്നും എന്നിട്ടും പൊലീസ് തങ്ങളെ തല്ലിച്ചതയ്ക്കുകയായിരുന്നെന്നുമാണ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോപണം.