മലപ്പുറം: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഭരണസ്വാധീനം ഉപയോഗിച്ച് ബിസിനസ്സ് തുടങ്ങാനെന്ന വ്യാജേന പണം തട്ടിയ രണ്ട് സിപിഐ.എം.നേതാക്കൾക്കെതിരെ കേസ്. പ്രവാസിയായ വെന്നിയൂർ കൊടക്കല്ല് സ്വദേശി പരിയാത്ത് കലായിൽ കോയയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസാണ് ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗം ഹീം കുട്ടി, ലേക്കൽ കമ്മിറ്റി അംഗം ഇസ്മായിൽ എന്നിവർക്കെതിരെയാണ് കേസ്. പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് നാൽപതോളം പേർ ഈയിടെ പാർട്ടി വിട്ട് സിപിഐ യിൽ ചേർന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സി പി എമ്മിന് തലവേദനയായി തിരൂരങ്ങാടിയിലെ രണ്ട് പാർട്ടി നേതാക്കൾക്കെതിരെ തട്ടിപ്പ് നടത്തിയതിന് കേസെടുത്തിരിക്കുന്നത്. ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സി പി എം ജില്ലാ, സംസ്ഥാന കമ്മിറ്റിയെ സമീപിച്ചെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലായിരുന്ന കോയ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 25 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ കോയയെ ബിസിനസിൽ പാട്ണറാക്കാനെന്ന് പറഞ്ഞ് ബന്ധുവും സി പി എം പ്രവർത്തകനുമായ റഫീഖ് മുഖേനയാണ് സി പി എം ഏരിയാ സെക്രട്ടറി എന്ന് പരിചയപ്പെടുത്തി ഇബ്രാഹീം തന്നെ ബന്ധപ്പെടുകയായിരുന്നെന്ന് കോയ പറഞ്ഞു.

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ ഭാഗത്ത് നല്ല ബിസിനസ് സാധ്യതകളുണ്ടെന്നും ഭരണ സ്വാധീനമുപയോഗിച്ച് അതിന് വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും 10 ലക്ഷം രൂപ തന്നാൽ മാസത്തിൽ ഇരുപതിനായിരം രൂപ ലാഭം നൽകാമെന്നുമായിരുന്നു ഇബ്രാഹീം കോയക്ക് ഓഫർ നൽകിയത്. എന്നാൽ തന്റെ കയ്യിൽ 10 ലക്ഷം ഇല്ലെന്നും നാല് ലക്ഷമാണുള്ളതെന്നും അറിയിച്ചപ്പോൾ എങ്കിൽ അത് നൽകാൻ ആവശ്യപ്പെട്ടു. എങ്കിൽ അടുത്ത ദിവസം തന്നെ നൽകാമെന്നറിയിച്ചതോടെ ഇബ്രാഹീം കുട്ടി മടങ്ങിപ്പോയി.

ശേഷം 2007 ഒക്ടോബർ 1ന് പരാതിക്കാരന്റെ വീട്ടിലെത്തിയ സി.പി.എം നേതാവ് നാല് ലക്ഷം രൂപ കൈപറ്റുകയായിരുന്നു. ഈ ബിസിനസിലെ പാർട്ണറുടെ ചെക്കെന്ന് പറഞ്ഞ് എറണാകുളം സ്വദേശിയുടെ പേരിലുള്ള ചെക്ക് കൈമാറി. ആദ്യ ഒരു വർഷക്കാലം ലാഭ തുകയായി 5000 രൂപയും ചില മാസങ്ങളിൽ 600 രൂപയും ലഭിച്ചിരുന്നു . ഇത്തരത്തിൽ ഒരു വർഷത്തോളം ലഭിച്ചു. പിന്നീട് പണം ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചപ്പോഴാണ് വഞ്ചിതനായ വിവരം അറിഞ്ഞതെന്ന് കോയ പറയുന്നു.

എറണാകുളത്ത് പോയി ചെക്കിന്റെ ആളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരാളെയും കണ്ടെത്താനായിരുന്നില്ല. ഇതോടെ പാർട്ടി ഘടകങ്ങളിൽ പരാതി നൽകിയെങ്കിലും പരാതിയുണ്ടായില്ല. ഇതിനിടെ ഇബ്രാഹീം കുട്ടിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്തനും പാർട്ടി നോതാവുമായ ഇസ്മായിൽ ഇടപെട്ട് ഉടനെ നൽകുമെന്നതിന് എഗ്രിമെന്റ് റെഡിയാക്കി നൽകി.എന്നാൽ ഈ കാലാവധി പൂർത്തിയായതോടെ വീണ്ടും ഇബ്രാഹീം കുട്ടിയുടെ വീട്ടിൽ പോയപ്പോർ ഭീഷണിയും ഗുണ്ടകളെ വിട്ട് വിരട്ടലുമായിരുന്നു.

ബിസിനസ് നഷ്ടത്തിലാണെന്നായിരുന്നു ഇബ്രാഹീം പറഞ്ഞിരുന്നത്. എന്നാൽ ഇതേ കാലയളവിൽ ഇബ്രാഹീം കുട്ടി 60 ലക്ഷം രൂപയുടെ വീട് പണിതിരുന്നു. പ്രവാസിയായ കോയയുടെ വലിയ അധ്വാനമായിരുന്നു തട്ടിയത്. ചികിത്സക്ക് പോലും വകയില്ലാതെ വീട് ജപ്തി ഭീഷണിയിൽ കഴിയുമ്പോഴും ഇയാൾ തിരിഞ്ഞു നോക്കിയില്ലെന്ന് കോയ പറയുന്നു.

സമാനമായ വേറെയും തട്ടിപ്പുകൾ ഇബ്രാഹീം കുട്ടി നടത്തിയതായി നാട്ടുകാർ തന്നെ പറയുന്നു. പലരും ഭയപ്പെട്ട് പുറത്തു പറയാത്തവരാന്ന്. എന്നാൽ ചില സംഭവങ്ങൾ പാർട്ടി ഇടപെട്ട് ഒതുക്കി തീർത്തതായും നാട്ടുകാർ പറയുന്നു. അവസാന പ്രതീക്ഷയിലാണ് താൻ എസ്‌പിക്ക് പരാതി നൽകിയത്. ഇനിയും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ സി.പി.എം ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താനാണ് കോയയുടെ തീരുമാനം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂരങ്ങാടി എസ്.ഐ പറഞ്ഞു.