തിരുവനന്തപുരം:നൂറുൽ ഇസ്ലാം ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ ഡോ.എ.പി. മജീദ്ഖാൻ, മകനും നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലറുമായ ഫൈസൽഖാൻ എന്നിവർക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ പൊലീസ് കേസ്. തിരുവനന്തപുരം സ്വദേശിയായ പ്രവാസിയെ പണംവാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചതിനും പണംതിരികെ ആവശ്യപ്പെട്ട ഇദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തതിനാണ് പൂജപ്പുര പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

29 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന എച്ച്. നൂറുദ്ദീന്റെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുന്നത്. വർഷങ്ങളായി നൂറുൽ ഇസ്ലാം ഗ്രൂപ്പുമായി സൗഹൃദമുണ്ടായിരുന്ന നൂറുദ്ദീനിൽ നിന്നും 25 ലക്ഷം രൂപ മജീദ്ഖാൻ കടം വാങ്ങിയിരുന്നു. വഞ്ചിയൂരിൽ 10 സെന്റ് സ്ഥലവും ബഹുനില കെട്ടിടവും വാങ്ങുന്ന ആവശ്യം പറഞ്ഞാണ് നൂറുദ്ദീനിൽ നിന്ന് മജീദ്ഖാൻ പണം വാങ്ങിയത്.

നൂറുദീനിൽ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഉടനെ തിരികെ നൽകാമെന്ന് മജീദ് വാക്ക് നൽകിയിരുന്നതായി പൂജപ്പുര പൊലീസ് പറയുന്നു.പണത്തിന് ഉറപ്പെന്നവണ്ണം നൂറുൽഇസ്ലാം എജുക്കേഷണൽ ട്രസ്റ്റിന്റെ പേരിൽ നൂറുദ്ദീന് നൽകിയിരുന്നു. മജീദ്ഖാനെ വിശ്വാസമായിരുന്ന നൂറുദ്ദീൻ ചെക്കുമായി പണം പിൻവലിക്കാൻ ബാങ്കിൽ പോയെങ്കിലും വേണ്ടത്ര പണം ഇല്ലാത്തതിനാൽ പിൻവലിക്കാനായില്ല. പണം ലഭ്യമായില്ലെന്ന കാര്യം മജീദിനെ അറിയിച്ചെങ്കിലും കുറച്ച് ദിവസത്തെ അവധികൂടി പറയുകയായിരുന്നു.ഇതിനിടയ്ക്ക് നൂറുദ്ദീൻ തിരികെ വിദേശത്തേക്ക് പോകുകയും ചെയ്തു. പ്രവാസി മലയാളി നൂറുദ്ദീനെ നിംസ് എജുക്കേഷൻ ട്രസ്റ്റ് ആസ്ഥാനത്തു വച്ച് ഉടമകളുടെ ഗുണ്ടാ സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.

പണം തിരികെ കിട്ടുന്നതിന് നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച നൂറുദ്ദീനോട് നവംബർ 16ന് പണം തിരികെയേൽപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലേക്ക് വിളിച്ചുവരുത്തി. നാട്ടിലെത്തിയ നൂറുദ്ദീനിൽ നിന്ന് മജീദ്ഖാൻ തന്റെ സ്വാധീനവും ഗുണ്ടായിസവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെക്ക് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. നൂറുൽ ഇസ്ലാം ട്രസ്റ്റിന്റെ തക്കലയിലെ ഹെഡ് ഓഫീസിൽ നൂറുദ്ദീനെ നവംബർ 19ാം തീയതി വിളിച്ചുവരുത്തി ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയും ചെക്ക് തട്ടിയെടുക്കുന്നതിനായ് കാറ് തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഗുണ്ടകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നൂറുദ്ദീനെതിരെ കള്ളക്കേസ് കൊടുക്കാനും മജീദ്ഖാനും അദ്ദേഹത്തിന്റെ ഗുണ്ടകളും ശ്രമിച്ചുവെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

ഗൂഢാലോചന, തടഞ്ഞുവെയ്ക്കൽ, വഞ്ചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഇടപെടലിലാണ് നൂറുദ്ദീന് അദ്ദേഹത്തിന്റെ കാറ് തിരികെ കിട്ടിയത്. ഇതുസംബന്ധിച്ച് പൂജപ്പുര പൊലീസ് 1441/2016 ാം നമ്പറായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പണത്തിന്റെ ധാർഷ്ട്യത്തിൽ നിയമവ്യവസ്ഥകളെപ്പോലും വെല്ലുവിളിക്കുന്നതരത്തിലാണ് മജീദ്ഖാന്റെയും നൂറുൽ ഇസ്ലാം ട്രസ്റ്റിന്റെ പ്രവർത്തനമെന്ന് നൂറുദ്ദീന്റെ പരാതിയിൽ ആരോപിക്കുന്നു.

പിന്നീട്, കോടതിയെ സമീപിച്ച നൂറുദ്ദീൻ നൂറുൽ ഇസ്ലാം എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നൂറുൽ ഇസ്ലാം ട്രസ്റ്റിന്റെ കെട്ടിടങ്ങൾ അറ്റാച്ച് ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ മജീദ്ഖാൻ, മകൻ ഫൈസൽഖാൻ, നൂറുൽ ഇസ്ലാം സെക്യൂരിറ്റി ഓഫീസൽ കൃഷ്ണൻനായർ, സെക്യൂരിറ്റി ജീവനക്കാരൻ മണികണ്ഠൻ, കണ്ടാൽ അറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്തു.

പ്രവാസിക്കുവേണ്ടി അഡ്വ. രാജീവ് രാജധാനി, അഡ്വ. രാജേശ്വരി എന്നിവർ മുഖേന പ്രതികളുടെ വഞ്ചനക്കെതിരെ തിരുവനന്തപുരം വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന് പൂജപ്പൂര വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരം സബ് കോടതി പുറപ്പെടുവിച്ച ഓർഡർ പ്രകാരം നൂറുദ്ദീന്റെ പരാതിപ്രകാരമുള്ള മജീദ്ഖാന്റെ പട്ടിക വസ്തുക്കൾ അറ്റാച്ച് ചെയ്ത് ഉത്തരവ് ഉണ്ടായിട്ടുള്ളതുമാണ്.തനിക്കെതിരെ കേസുള്ളതായും 26ാം തീയതി വാദം കേൾക്കുന്നതിനായി കോടതിയിൽ വിളിച്ചിട്ടുണ്ടെന്നും നിംസ് ചെയർമാൻ മജീദ്ഖാൻ പറഞ്ഞു.