ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസ് ഇക്കാര്യത്തിൽ അനുമതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കേസുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായി നാരായൺ സിങ്, ഡ്രൈവർ ബജ്രംഗി, സുഹൃത്ത് സഞ്ജയ് ദേവൻ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ ആലോചിക്കുന്നത്.

പൊലീസിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂരിന്റെ ഓഫീസ് പ്രതികരിച്ചു.

കേസിൽ നേരത്തെ തരൂരിന്റെ സഹായികൾ ഉൾപ്പെടെയുള്ള ആറ് പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. തരൂരിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ് നീക്കം നടത്തുന്നത്.

ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ കഴിഞ്ഞ വർഷം ജനുവരി 17 നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടെ ശരീരത്തിൽ വിഷാംശം അടങ്ങിയിരുന്നതായി പരിശോധനകളിൽ വ്യക്തമായിരുന്നു.

അതേസമയം, നുണപരിശോധനാഫലം കോടതി തെളിവായി സ്വീകരിക്കില്ല. എന്നാൽ, അന്വേഷണം മുന്നോട്ട് കൊണ്ടുപോവാൻ നുണപരിശോധന അത്യവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് എഴുപത് പേരെ പൊലീസ് ചോദ്യം ചെയ്യുകയും 20 മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

മുമ്പ് നുണപരിശോധനയ്ക്കു വിധേയരായവരോട് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. മരണത്തിനു ശേഷം സുനന്ദയുടെ ശരീരത്ത് കണ്ടെത്തിയ മുറിവുകൾ സംബന്ധിച്ച ചോദ്യവും ഇതിൽ പെടുന്നു. എന്നാൽ, പരിശോധനയ്ക്ക് വിധേയരായവർ എല്ലാം തന്നെ തരൂരിന് സുനന്ദയും പാക്കിസ്ഥാനിലെ മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായുള്ള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്.

മരണത്തിന് തലേദിവസം സുനന്ദയും തരൂരും തമ്മിലുണ്ടായ വാക്കുതർക്കത്തെ കുറിച്ചും ചോദിച്ചു. സുനന്ദയുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയ സന്ദേശങ്ങളും നുണപരിശോധനയിലെ ചോദ്യാവലിയിൽ പെടുത്തിയിരുന്നു.

മുമ്പു ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും പല കാര്യങ്ങളും തരൂർ മറച്ച് വയ്ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് നുണപരിശോധന ആവശ്യപ്പെടുന്നത്. പാട്യാല കോടതിയുടെ അനുമതിക്ക് ശേഷമായിരിക്കും പരിശോധന. എന്നാൽ കോടതിയിൽ നുണ പരിശോധനാ ആവശ്യം ശശി തരൂർ തിരസ്‌ക്കാരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി കളയുന്നില്ല. തരൂരിന്റെ സമ്മതം കൂടി നുണ പരിശോധനയ്ക്ക് ആവശ്യമാണ്.