തിരുവനന്തപുരം: ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നേരത്തെ സ്വീകരിച്ച കടുത്ത നിലപാടിൽ സംസ്ഥാന സർക്കാർ അയവുവരുത്തി. ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കാനായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തിൽ പമ്പയിൽ കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കാനാണ് ആലോചിക്കുന്നത്. കൂടുതൽ സ്ത്രീകൾ എത്തിയാൽ മാത്രം സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കും. തത്കാലം നിലവിലെ സംവിധാനങ്ങൾ തുടരാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനമായി. അന്തിമ തീരുമാനം നാളെ ദേവസ്വം ബോർഡ് അധികൃതരുമായി നടത്തുന്ന യോഗത്തിന് ശേഷം സ്വീകരിക്കാനും ധാരണയായി.

ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സന്നിധാനത്തേക്ക് സുരക്ഷയ്ക്ക് വനിതാ പൊലീസിനെ എത്തിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. സുരക്ഷയ്ക്ക് കേരളാ പൊലീസിലെ ഉദ്യോഗസ്ഥർ അപര്യാപ്തമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിക്കുമെന്ന് ബെഹ്‌റ അറിയിച്ചിരുന്നു. സന്നിധാനത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദേവസ്വം ബോർഡും ഉത്തരവിറക്കി. എന്നാൽ സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോകാൻ വനിതാ ജീവനക്കാർക്ക് പൊതുവെ താത്പര്യമില്ലെന്നാണ് വിവരം. ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ വനിതാ ജീവനക്കാർ ധരിപ്പിച്ചതായാണ് വിവരം.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ ഡ്യൂട്ടിക്ക് നിയമിക്കാനുള്ള വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയിരുന്നു. സ്‌പെഷ്യൽ ഡ്യൂട്ടി അടിസ്ഥാനത്തിൽ നിയോഗിക്കേണ്ട 30 വനിതാ പൊലീസുകാരുടെ പട്ടികയാണ് എസ്‌പി പൊലീസ് ആസ്ഥാനത്തേക്ക് അംഗീകാരത്തിനായി അയച്ചത്. ഇതിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകും.

പട്ടികയിൽ ഉൾപ്പെട്ട 40 പേരിൽ 30 വനിതാ പൊലീസുകാരെയും 14, 15 തീയതികളിയായി ശബരിമലയിൽ എത്തിക്കും. കോടതി വിധി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അവസാന ഘട്ടത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ നീക്കം.ശബരിമലയിൽ സ്പഷ്യൽ ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരെ നിയോഗിച്ചു കൊണ്ട് ദേവസ്വം ബോർഡും സർക്കുലർ പുറത്തിറക്കിയിരുന്നു

അതിനിടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൽ തർക്കം ഉടലെടുത്തു. ശബരിമല സ്ത്രീപ്രവേശനത്തിൽ പുനഃപരിശോധന ഹർജിനൽകില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്ക്കെതെിരെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ദേവസ്വം പ്രസിഡന്റ് മന്ത്രിക്ക് പരാതി നൽകി. ദേവസ്വം കമ്മീഷണർ മാധ്യമങ്ങളെ കണ്ടതിൽ പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് എ.പത്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്‌ച്ച എന്നുമാണ് കമ്മീഷണർ എൻ.വാസു പറഞ്ഞത്.

എന്നാൽ മന്ത്രി പത്മകുമാർ പരാതി നൽകിയതിന് പിന്നാലെ എൻ വാസുവിനെ നേരിട്ട് വിളിച്ച് താക്കീത് നൽകി. അനാവശ്യ വിവാദം വേണ്ടെന്നും മന്ത്രി നിർദ്ദേശം നൽകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചർച്ച നടത്തും. പുനപരിശോധന ഹർജി നൽകിയാലും അതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയിൽ സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കുമെന്നുമാണ് ദേവസ്വം കമ്മീഷണർ എൻ.വാസു പറഞ്ഞത്. ഇതിന് പിന്നാലെയാണ് കമ്മീഷണർക്കെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നൽകിയത്.

ശബരിമലയിൽ സ്ത്രീകൾക്കുവേണ്ടി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണർ എൻ. വാസു അറിയിച്ചു. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള ശൗചാലയങ്ങളിൽ ഒരുവിഭാഗം സ്ത്രീകൾക്കുവേണ്ടി മാറ്റിവെക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ശൗചാലയങ്ങൾക്ക് പിങ്ക് നിറം നൽകും. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി എൽ. വാസു മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയിലും സന്നിധാനത്തും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുമെന്നും ദേവസ്വം കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പമ്പയിൽ സ്ത്രീകൾക്ക് കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. പതിനെട്ടാംപടിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന പൊലീസ് മേധാവിയുമായി തിങ്കളാഴ്ച ഇതുസംബന്ധിച്ച ചർച്ച നടത്തും. തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനാണ്. ഡി.ജി.പിയുമായി നടക്കുന്ന ചർച്ചയ്ക്കുശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാകാും. ദേവസ്വം ബോർഡിന് മാത്രം ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ല.

വനിതാ ജീവനക്കാരെ ആവശ്യമെങ്കിൽ സന്നിധാനത്ത് നിയമിക്കും. ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. അടുത്ത ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. പമ്പയിൽ ഇപ്പോൾതന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്തിനും അമ്പതിനുമിടെയുള്ള വനിതകൾ എത്തിയാൽ അവരെ സുരക്ഷിതമായി അവിടെതന്നെ നിലനിർത്തുന്നതിനാണ് അവരെ നിയോഗിച്ചിരുന്നത്. സ്ഥിരം ജീവനക്കാർക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ജീവനക്കാരെയും നിയമിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ അത്തരം ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കും.