തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന അനന്ത വിസ്മയത്തിലെ പൊലീസ് എക്സിബിഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. 'അനന്തവിസ്മയം' പ്രദർശന വിപണനോത്സവം ജനങ്ങൾക്ക് കൗതുകമാക്കി മാറ്റുകയാണ് പൊലീസ് വകുപ്പ്. സംസ്ഥാനത്തെ പൊലീസ് സേനയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനമാണ് കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രദർശനമേളയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ഇന്ദിരാഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ മോഡലാണ്. ഇത് കാണാനും തീവ്രവാദികളുടെ ഇഷ്ട ആയുധമായ എകെ 47 വീക്ഷിക്കാനുമാണ് ജനങ്ങൾ തിക്കിതിരക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ളതും എകെ 47തന്നെ.

മേളയിൽ എത്തുന്നവർക്ക് പൊലീസിന്റെ ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ നേരിട്ട് പരിചയപ്പെടാൻ അവസരവുമുണ്ട്. ഒപ്പം പൊലീസിന്റെ പഴയതും പുതിയതുമായ വാർത്താവിനിമയ ഉപകരണങ്ങളുടെ പ്രവർത്തന രീതികൾ ഉദ്യോഗസ്ഥർ വിവരിക്കും. വിരലടയാള ശാസ്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഫിംഗർപ്രിന്റ് ബ്യൂറോയുടെ തത്സമയ വീഡിയോ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിരലടയാളങ്ങളലൂടെ കുറ്റവാളിയെ വലയിലാക്കുന്നതിനേക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും വിധഗ്ദർ വിശദീകരിക്കും.

പൊലീസിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനമാണ് മറ്റൊരു ആകർഷണം. അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ട്രാഫിക്ക് വിഭാഗം ബോധവൽക്കരണം നടത്തും. ഇതിനായി ട്രാഫിക് പാർക്ക് എന്ന പേരിൽ തത്സമയ വാനും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പപ്പു സീബ്രയുമായി സെൽഫി എടുക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഹ്രസ്വ ബോധവൽക്കരണ ചലച്ചിത്ര പ്രദർശനം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.വൈകുന്നേരങ്ങളിൽ നിരവധിയാളുകളാണ് പ്രദർശനം കാണാൻ ഇവിടെ എത്തുന്നത്.

തങ്ങളുടെ സുരക്ഷയ്ക്കും സൗര്യമായ ജനജീവിതം ഉറപ്പ് വരുത്തുന്നതിനും പൊലീസ് എടുക്കുന്ന ത്യയാറെടുപ്പുകളും അതിന് ഉപയോഗിക്കുന്ന സാമഗിരികളും ആയുധങ്ങളും ജനങ്ങൾക്ക് കണ്ട് മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് എക്സിബിഷൻ നടത്തുന്നതെന്ന് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.എക്സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ മുതൽ പൊലീസ് സേനയുടെ മുഴുവൻ ചരിത്രവും മനസ്സിലാക്കുന്ന രീതിയിലാണ് എക്സിബിഷൻ.

പ്രധാന പൊലീസ് കവാടം ആദ്യകാല സ്റ്റേഷനുകളെ ഓർമിപ്പിക്കും വിതം കൈകൊണ്ട് കറക്കി ഡയൽ ചെയ്യുന്ന പഴയ ഫോണും, ഗ്രിൽ ഇല്ലാത്ത ടേബിൾ ഫാനും ഭൂഗോളത്തിന്റെ മാതൃകയും ലാത്തിയും ഒക്കെ വെച്ചിട്ടുള്ള മേശയും ഒക്കെ വെച്ച് അലങ്കരിച്ച ശേഷം ഒരു പൊലീസുകാരൻ അതിൽ ഡ്യൂട്ടി നോക്കുന്നു. പിന്നെ പ്രദർശനം നടക്കുന്ന കൊട്ടാര ഹാളിൽ ആദ്യം കാണുക പഴയ കാലത്തെ നിക്കറും വട്ടത്തൊപ്പിയുമണിഞ്ഞ പൊലീസിനെയാണ്. ഒരു ഭാഗത്ത് പൊലീസിന്റെ പ്രധാന നാഴികകല്ലുകളും ആദ്യകാലം മുതൽ ഉള്ള സുപ്രധാന കേസുകളുടെ ഭാഗമായി എടുത്ത ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

പൊലീസിന്റെ ആയുധങ്ങളും ഫിംഗർ പ്രിന്റ് വിഭാഗത്തിന്റേയും പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും മൂന്നായി തിരിഞ്ഞാണ് പ്രദർശനം നടത്തുന്നത്. പൊലീസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന നീളൻ തോക്കുകൾ മുതൽ ആധുനിക കാലത്തെ മോഡേൺ വെയ്റ്റ്ലെസ് പിസ്റ്റളുകൾ വരെ പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഉപയോഗിച്ച തോക്കുകളും പ്രദർശിപ്പിക്കുന്നുണ്ട്.

ഫിംഗർ പ്രിന്റ വിദഗ്ദരുടെ പ്രത്യേക സംഘവും ഇവിടെ പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. ഒരും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കേണ്ടി വന്നാൽ ചെയ്യേണ്ടതു മുതലുള്ള കാര്യങ്ങൾ വിവരിച്ചു നൽകും. പിന്നെ വിരളടയാളം തിരിച്ചറിയാനുള്ള വിവധ മാർഗങ്ങൾ പോതുജനത്തിന് പരിചയപ്പെടുത്തുന്നുമുണ്ട്.ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പപ്പറ്റ് ഷോ, 15 മിനിറ്റ് ദൈർഘ്യമുള്ള ലഘു നാടകം, ബാൻഡ് മേളം, എന്നിവ പൊലീസിന്റെ സ്റ്റാളിന് മാറ്റ് കൂട്ടും. 

 

സ്ത്രീകൾക്ക് സ്വയം രക്ഷയ്ക്കുള്ള തത്സമയ പരിശീലനവും കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന പ്രദർശനത്തിന് തിളക്കമേകും. സർക്കാരിന്റെ നൂറോളം വകുപ്പുകൾ പങ്കെടുക്കുന്ന അനന്തവിസ്മയം പ്രദർശന വിപണനോത്സവം നഗരിയിലേക്ക് രാവിലെ 11 മുതൽ രാത്രി 10 വരെ കാഴ്ചകൾ കാണുവാൻ അവസരമുണ്ട്. മെയ് 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.