തിരുവനന്തപുരം: വ്യാജ ആർസി ബുക്കും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് ഹിലൂർ മുഹമ്മദുണ്ടാക്കിയത് കോടികളാണ്. ഇതിന് പൊലീസിലെ ഉന്നതരുടെ സഹായം കിട്ടിയാതായി സൂചന. പനവൂർ ആറ്റിൻപുറം കുന്നുംപുറത്ത് വീട്ടിൽ എസ് ഹിലൂർ മുഹമ്മദ് (37) അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നത്.

കന്യാകുമാരി വിളവൻകോട് വണ്ടിപ്പുരവിള വീട്ടിൽ കാർത്തികേയനു ബെൻസ് കാർ വിറ്റ് 20 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കച്ചവടശേഷം ആർ.സി ബുക്ക് വ്യാജമാണെന്ന് കണ്ടെത്തിയപ്പോൾ കാർ തിരികെ വാങ്ങി 20ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച ഇയാളെ എറണാകുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് തന്നെ പേട്ട, വഞ്ചിയൂർ, ഫോർട്ട്, മെഡിക്കൽകോളേജ്, വെഞ്ഞാറംമൂട് തുടങ്ങിയ സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് ചികിത്സയിലായി സർവീസ് അവസാനിപ്പിക്കേണ്ടിവന്ന വിമുക്ത ഭടനെ കഴക്കൂട്ടം പൊലീസ് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പരാതിയുയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹിലൂർ മുഹമ്മദ് പിടിയിലായതിനു സമാനമായ സംഭവമാണ് അന്നും ഉണ്ടായത്.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് വിമുക്ത ഭടൻ സുജിത് നൽകിയ കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 ലക്ഷം രൂപയ്ക്ക് അന്ന് വിറ്റ ബെൻസ് കാറിന്റെ ആർ.സി ബുക്ക് വ്യാജമാണെന്ന് കണ്ടത്തിയതോടെ ചെക്ക് നൽകുകയും പണം തിരികെ നൽകുന്നതിനു 20ദിവസത്തെ സമയം വേണമെന്നും അത് വരെ ഉപയോഗിക്കാൻ ജാഗ്വാർ കാറും നൽകി. എന്നാൽ പിന്നീട് ഇയാൾ ജാഗ്വാർ കാർ സുജിത് തട്ടിയെടുത്തതായി പൊലീസിൽ പരാതി നൽകുകയും കള്ളക്കേസിൽ കുടുക്കിയതായുമാണ് പരാതി.

റൂറൽ എസ്‌പിയുടെ ബന്ധുവാണെന്ന് പറഞ്ഞാണ് ഹിലൂർ  മുഹമ്മദ് എന്നയാൾ ഡോക്ടർ എന്ന് പരിചയപ്പെടുത്തി സുജിത്തിൽ നിന്ന് പുതുതായി തുടങ്ങുന്ന ആശുപത്രിക്കായി 45,00,000 രൂപ കൈപ്പറ്റിയിരുന്നതായും ഇയാൾ റഷ്യയിൽ നിന്നും കരസ്ഥമാക്കിയ വ്യാജ മെഡിക്കൽ ബിരുദമാണെന്ന് മനസിലാക്കി ഇടപാടിൽ നിന്ന് പിൻവാങ്ങിയതിനെത്തുടർന്ന് അന്നത്തെ കഴക്കൂട്ടം എസ്.ഐയെ സ്വാധീനിച്ച് മണിലെന്റ് ആക്ടിൽ പ്രതിയാക്കി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ടായിരുന്നു. വ്യത്യസ്ഥ പേരിൽ ഇയാൾ സംഘടിപ്പിച്ച വ്യാജ കാർഡുകളുടെ വിവരങ്ങളും ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള കേസിൻ തെളിവായി നൽകിയിട്ടുണ്ട്.

ബെൻസ്, ജാഗ്വാർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് ഇയാൾ കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ബിസിനസ് സ്ഥാപനത്തിന്റെ ഉടമയാണെന്ന് പറഞ്ഞ് ആളുകളെ പരിചയപ്പെട്ടാണ് തട്ടിപ്പു നടത്തുക.ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. അതേസമയം ഏതോ പരിപാടിയിൽ പങ്കെടുക്കുമ്പോൾ യാദൃശ്ചികമായി എടുത്ത ഫോട്ടോ എതിരാളികൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ നൽകിയ വിശദീകരണം.

ഇയാൾക്കെതിരായ ആരോപണങ്ങളും പരാതികളും അനവധിയാണ്. നിരവധി കോർപ്പറേറ്റ് കമ്പനികളുടെ ഉടമയാണെന്നും വിവിധ സ്ഥലങ്ങളിലായി ഇവയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇയാൾ പറയുകയും രേഖകൾ കാണിക്കുകയും ചെയ്ടിട്ടുണ്ടെങ്കിലും ഇവയിലൊന്നുപോലും ആരും നേരിട്ട് കണ്ടിട്ടില്ലെന്ന ആരോപണം ശക്തമാണ്. നിരവധി ബാങ്കുകളിലായി ഇയാൾ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവയിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. മുൻപ് ഇയാൾ തിരുവനന്തപുരം വെഞ്ഞാറമൂട് ബനാറസ് എന്ന പേരിൽ ഒരു ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തിയിരുന്നു.

120ൽപ്പരം തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്. ബാങ്കിൽ നിന്നും വൻ തുക വായ്പയെടുത്താണ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയതെന്നും എന്നാൽ തൊഴിലാളികൾക്ക് ശമ്പളം നല്കിയിരുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നു. എറണാകുളം നഗരത്തിലെ പല ആടംബര ഫ്‌ളാറ്റുകലിലും വാടകയ്ക്ക് താമസിക്കുകയും എന്നാൽ വാടക കുടിശ്ശികയായതിന്റെ പേരിൽ അവിടെയും അനേകം കേസുകളുണ്ട്.