- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തലയുടെ പ്രഖ്യാപനം പാഴ് വാക്കായി; എജിയുടെ മക്കളുടെ ഒത്തുതീർപ്പിൽ കാപ്പ ചുമത്താനാവില്ല; അണിയറയിൽ ഒരുങ്ങുന്നത് നിസാമിന്റെ ജയം; ഒളിവിലായ ഭാര്യയെ തേടി പൊലീസ്
തൃശൂർ:സെക്യുരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചും അതിക്രൂരമായി മർദിച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്താനാകില്ല. മുൻകാല കേസുകൾ ഒത്തുതീർപ്പിലാക്കിയത് കാപ്പാ നിയമം ചുമത്താനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിസവം കാപ്പ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. എന്ന
തൃശൂർ:സെക്യുരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചും അതിക്രൂരമായി മർദിച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്താനാകില്ല. മുൻകാല കേസുകൾ ഒത്തുതീർപ്പിലാക്കിയത് കാപ്പാ നിയമം ചുമത്താനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിസവം കാപ്പ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിന് കഴിയില്ലെന്ന നിയമോപദേശമാണ് തൃശൂർ ജില്ലാ കളക്ടർക്ക് ലഭിച്ചിരിക്കുന്നത്.
കാപ്പാചുമത്തണമെങ്കിൽ കുറ്റപത്രം സമർപ്പിച്ച മൂന്നു കേസുകളിൽ പ്രതിയാകണം. നിസാമിനെതിരെ നിലവിലുള്ളത് മൂന്നു കേസുകൾ മാത്രമാണ്. ഇതിൽ ഒരു കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നതും പൊലീസിനെ പ്രതിരോധത്തിലാക്കും. ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചാൽ മാത്രമേ കാപ്പാ ചുമത്താൻ സാധിക്കു. ഈ സാഹചര്യത്തിലാണ് സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വേഗത്തിൽ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് തൃശൂർ കമ്മീഷണർ നിശാന്തിനി നിർദ്ദേശം നൽകിയത്. എന്നാൽ അതിനും തടസ്സങ്ങളുണ്ടാകുമെന്നാണ് സൂചന. സാക്ഷികളെ സ്വാധീനിച്ചി കേസ് വാഹനാപകടമായി ഒതുക്കി തീർക്കാനാണ് നീക്കം.
അതിനിടെ ചന്ദ്രബോസിന്റെ കൊലപാതകക്കേസിൽ ഒമ്പതു സാക്ഷികളുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ 164 പ്രകാരം രേഖപ്പെടുത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഇതിനായി തൃശൂർ സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കേസിൽ നിർണായകമായ സാക്ഷിമൊഴികൾ മാറാനിടയുള്ള സാഹചര്യം ഒഴിവാക്കാനാണ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയത്. ചന്ദ്രബോസിനെ നിസാം മർദ്ദിക്കുന്നതുകണ്ട അഞ്ച് ദൃക്‌സാക്ഷികളും നാല് ഭാഗിക സാക്ഷികളുമാണ് ഉള്ളത്. കൂടാതെ ഒളിവിൽ പോയ നിസാമിന്റെ ഭാര്യ അമലിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചന്ദ്രബോസിനെ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ നിസാമിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്നറിയുന്നു. നിസാം അറസ്റ്റിലായ ഉടൻ അമൽ സ്ഥലംവിട്ടിരുന്നു. നിസാമും ഭാര്യയും ഒരുമിച്ച് ഹമ്മർ ജീപ്പിൽ വന്നെന്നായിരുന്നു ആദ്യ വിവരം. പിന്നീട് ഫൽറ്റിലുണ്ടായിരുന്ന ഭാര്യയെ നിസാം ഗേറ്റിനടുത്തേക്കു ഫോണിൽ വിളിച്ചു തോക്കെടുത്തു നൽകാൻ ആവശ്യപ്പെട്ടെന്നുമൊക്കെയായി വിശദീകരണങ്ങൾ. ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്ന സമയത്ത് അമൽ അവിടെ ഉണ്ടായിരുന്ന കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തിലും പൊലീസ് പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നെന്ന് വ്യക്തമായി.
അമൽ സ്ഥലത്തുണ്ടായിരുന്നെന്ന് സംഭവദിവസം തന്നെ അറിവ് ലഭിച്ചിട്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തയ്യാറാകാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്. അമലിന് രക്ഷപെടാൻ പൊലീസ് അവസരമൊരുക്കിയെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. പുതിയ കമ്മീഷണർ ചുമതലയേറ്റതിന് ശേഷമാണ് അമലിലേക്ക് അന്വേഷണം നീട്ടാൻ തീരുമാനിച്ചത്. അമലിനു കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ ഏതു തരത്തിലെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിലേക്കായി അമലിനെ ഉടൻ കസ്റ്റഡിയിലെടുക്കും. തെളിവുകളെല്ലാം പരിശോധിച്ച ശേഷമേ ഇവരെ കേസിൽ പ്രതിചേർക്കുകയുള്ളു. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ അമൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഇപ്പോഴത്തെ കൊലക്കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെയായാൽ വിചാരണ കഴിഞ്ഞ് വിധി വരുന്നതുവരെ നിസാമിന് അകത്തു കിടക്കേണ്ടിവരും. ഫോറൻസിക് തെളിവുകൾ അതിശക്തമായി നിലനിൽക്കുന്നുണ്ട്. അത് പരമാവധി ഉപയോഗിച്ച് കുറ്റപത്രത്തിലെ പഴുതുകൾ അടച്ചാകും കുറ്റപത്രം നൽകുക. എല്ലാത്തിനും നിശാന്തിനി ഐപിഎസിന്റെ മേൽനോട്ടവുമുണ്ട്. അതുകൊണ്ട് തന്നെ നിസാമിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയക്കാർക്ക് ഇടപെടാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. കാപ്പ നിയമം നിസാമിനെതിരെ ചുമത്താനായിരുന്നു നിശാന്തിനിയുടെ നീക്കം. അത് പാളിയതോടെയാണ് കേസ് അന്വേഷണം വേഗത്തിലാക്കി നിസാമിന് ജാമ്യം അനുവദിക്കാതിരിക്കാനുള്ള നീക്കം.
സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരായ കാപ്പ നിയം ചുമത്താൻ തൊട്ടുമുമ്പുള്ള ഏഴ് വർഷത്തെ കേസുകളാണ് പരിഗണിക്കുക. ആറു വർഷത്തിനിടയിൽ 16 കേസുകളിലാണ് നിസാം പ്രതിയായത്. ഇവയിൽ അടിപിടി മുതൽ കൊലപാതകം വരെ ഉൾപ്പെടുന്നു. എന്നാൽ പണവും സ്വാധീനവും ഉപയോഗിച്ച് പല കേസുകളിൽ നിന്നും നിസാം രക്ഷപ്പെടുകയായിരുന്നു. ഒമ്പത് വയസ്സുകാരനായ മകനെ കൊണ്ട് ഫെറാരി ഓടിച്ചതുമായി ബന്ധപ്പെട്ട കേസിലും വനിതാ എസ്‌ഐയെ കാറിനുള്ളിൽ പൂട്ടിയിട്ട കേസിലുമാണ് ഇയാൾക്കെതിരെ ഇപ്പോൾ വിചാരണ നടക്കുന്നത്. വനിതാ എസ്‌ഐയെ പൂട്ടിയിട്ട കേസ് പൊലീസ് സ്വമേധയാ എടുത്തതായതിനാൽ കാപ്പ ചുമത്താൻ സാധിക്കില്ല.
സഹോദരന്റെ ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ദുരുപയോഗം ചെയ്തതു സംബന്ധിച്ച കേസ്, ബിസിനസുകാരനായ അബ്ദുൽ റസാക്ക് നൽകിയ പരാതിയിൽ മേലുള്ള കേസ്, വേലൂർ സ്വദേശിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങിയ കേസുകളും നിസാമിനെതിരെ ഉണ്ടായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിസാം ഹൈക്കോടതിയിൽ മൂന്ന് ഹർജികൾ സമർപ്പിച്ചിരുന്നു. സർക്കാർ അഭിഭാഷകൻ എതിർക്കാത്തതിനാൽ മൂന്നിലും വിധി നിസാമിന് അനുകൂലമായി. അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനായിരുന്നു കേസുകളിൽ നിസാമിനായി ഹാജരായത്. പ്രോസിക്യൂഷനെ നിശബ്ദമാക്കിയത് ഈ ഘടകമാണെന്നും വ്യക്തമാണ്.
അതിനിടെ നിസാമിനെ ഒരു ഭരണകക്ഷി എംഎ!ൽഎയും കോൺഗ്രസ് നേതാവും ജയിലിൽ സന്ദർശിച്ചതായി ബാബു. എം. പാലിശേരി എംഎ!ൽഎ ഇന്നലെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവും മണലൂർ എംഎ!ൽഎയുമായ പി.എ. മാധവനും തൃശൂർ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുൾ റഹ്മാൻ കുട്ടിയുമാണ് അവരെന്നായിരുന്നു ഊഹാപോഹങ്ങൾ. കഴിഞ്ഞ നാലിന് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ഇവർ നിസാമിനെ കണ്ടെന്നാണ് വിവരം. അന്ന് ജയിൽ ഉപദേശക സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കണ്ടെതെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിസാമിനെ കണ്ടതായുള്ള വാർത്ത മാധവൻ നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണത്തിന്റെ വിശദാംശങ്ങൾ നിയമസഭയിൽ വെളിപ്പെടുത്തുമെന്നാണ് ബാബു എം പാലിശ്ശേരിയുടെ നിലപാട്.